Follow KVARTHA on Google news Follow Us!
ad

'ഉറപ്പായും' തിരിച്ചു വരുമോ എല്‍ഡിഎഫ്?

Will the LDF 'return' for sure?#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രതിഭാരാജന്‍

(www.kvartha.com 07.03.2021) ഏപ്രില്‍ ആറിനു തെരെഞ്ഞെടുപ്പ്. ആരായിരിക്കും പുതിയ മുഖ്യമന്ത്രി? പിണറായിയോ, ഉമ്മന്‍ ചാണ്ടിയോ, അതോ ചെന്നിത്തലയോ? മെയ് രണ്ടു വരെ കാത്തിരിക്കാനാവശ്യപ്പെട്ടിരിക്കുകയാണ് തെരെഞ്ഞെടുപ്പ് കമീഷണർ. അടുപ്പത്തിരിപ്പാണ്. ഒന്നു വെന്തു കിട്ടണം. പന്തി ഒരുങ്ങുകയാണ്. വിപലുമായ സദ്യയുമായി കമീഷണർ മെയ് രണ്ടിനെത്തും. അന്നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ മാത്രമല്ല, അയല്‍ക്കാരായ തമിഴ്‌നാടിനും, പുതുച്ചേരിക്കും, എന്തിനേറെ കമ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമ ബംഗാളിനടക്കം ഇനി പോരാട്ടത്തിന്റെ നാളുകളാണ്. രാഷ്ട്രീയ മുതലാളിമാര്‍ക്കും, തൊഴിലാളികള്‍ക്കും ഇത് നിലനില്‍പിന്റെ കാലം. ജനം ആവശ്യമുള്ളവരെ തെരെഞ്ഞെടുത്തു കൊള്ളുമല്ലോ, നമുക്കെന്തിന് അങ്കലാപ്പ് എന്ന് കരുതി സമാധാനിച്ചിരിക്കാന്‍ ഒരു നേതാവും തയ്യാറാല്ല. ആവനാഴിയിലെ മുഴുവന്‍ അമ്പുകളുമെടുത്ത് തൊടുക്കുന്ന മഹാഭാരത യുദ്ധത്തിനു തുടക്കമാവുകയാണ്. അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, ഈന്തപ്പഴത്തിന്റെ, ഭരണത്തകര്‍ച്ചയുടെ സ്വര്‍ണക്കടത്തിന്റെ, ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന്റെ, പി എസ് സി റാങ്ക് ലിസ്റ്റുകാരുടെ... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ അപവാദങ്ങള്‍ തലങ്ങും വിലങ്ങും പറത്തിക്കൊണ്ടാണ് ചെന്നിത്തലയുടെ ഐശ്വര്യയാത്ര സമാപിച്ചത്. വര്‍ഗീയതയുടെ പാശുപതാസ്ത്രം വരെ പുറത്തെടുത്തും, തൊടുത്തു വിട്ടുമാണ് സുരേന്ദ്രന്റെ വിജയ യാത്രയും മുന്നേറിയത്.

ഇതിനിടയില്‍ സമാധാന പ്രേമികളും നിഷ്പക്ഷരും നിലകിട്ടാതെ ചോദിക്കുകയാണ്. ആരു ജയിക്കും? തുടര്‍ഭരണം സാധ്യമാകുമോ, മലയാളക്കരക്ക് ശാപമോക്ഷം കിട്ടുമോ, കുഞ്ഞാലിക്കുട്ടിക്കായിരിക്കുമോ അഭ്യന്തരം? ജോസ് കെ മാണിക്ക് ധനകാര്യമോ? ചരിത്രപരമായി വന്നു ചേരാറുള്ള തെരെഞ്ഞെടുപ്പ് കീഴ് വഴക്കങ്ങള്‍ക്കു വിരാമമാകുമോ? 88ാം വയസില്‍ ഇ ശ്രീധരനില്‍ ഉദിച്ച പകല്‍സ്വപ്‌നത്തില്‍ പൂവും തളിരുമുണ്ടാകുമോ? ഇങ്ങനെ ചോദ്യങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.

Will the LDF 'return' for sure?

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അന്വേഷിച്ച് ഏഷ്യാനെറ്റ് റോഡിലേക്കിറങ്ങി. കുറേയെറെ ചോദ്യങ്ങളുണ്ടാക്കി ജനങ്ങളോട് ഉത്തരം പറയാനാവശ്യപ്പെട്ടു. ഫെബ്രുവരി 23ാം തിയ്യതി അതിനു മാര്‍ക് വീണു. എഷ്യാനെറ്റിലൂടെ വന്നു, പ്രവചന പ്രഖ്യാപനം. കൂടുതല്‍ മാര്‍ക്ക് പിണറായിക്ക്. ഇടതുകാര്‍ക്ക് ഭരണ തുടര്‍ച. ഇതിനു പുറമെ വേറേയും സര്‍വേകള്‍ നടക്കുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മേല്‍ക്കൈ പിണറായിക്കു മാത്രം.

ഏഷ്യാനെറ്റിന്റെ ആദ്യ സര്‍വ്വേ 2020 ജൂണിലായിരുന്നുവെങ്കില്‍ ചെന്നിത്തലയുടെ ഐശ്വര്യ യാത്രക്കിടെയിലൂടെയായിരുന്നു രണ്ടാം സര്‍വേ. മഞ്ചേശ്വരം മുതല്‍ ശംഖുമുഖം വരെ ചെന്നിത്തല ചുറ്റിക്കറങ്ങി. യോഗത്തില്‍ ഏറിയും കുറഞ്ഞു ജനമുന്നേറ്റമുണ്ടായി. ഇടതിനേയും, ബിജെപിയേയും വെല്ലുന്ന ജനസാന്നിധ്യമായിരുന്നു ഐശ്വര്യയാത്രയില്‍. പക്ഷെ അതൊന്നും തന്നെ സര്‍വേയില്‍ പ്രതിഫലിച്ചില്ല.

പാടുപെട്ടു ചെയ്ത ഐശ്വര്യയാത്രയെ ജനം തള്ളിയിരിക്കുന്നുവോ? ചെന്നിത്തലക്ക് സമാധനക്കുറവുണ്ടായി. ഐശ്വര്യയാത്രയുടെ ക്ഷീണം വകവെക്കാതെ ചെന്നിത്തല വീണ്ടും സാഹസത്തിനു മുതിര്‍ന്നു. അദ്ദേഹം പൂന്തുറയില്‍ സത്യാഗ്രഹത്തിനു പോയി. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്നവനാണ് ചെന്നിത്തല. മുഖ്യമന്ത്രിപദത്തിനു എന്നേ അര്‍ഹത നേടിയ നേതാവ്. അഭ്യന്തരത്തിനപ്പുറം ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ ശനിദശ ഇനിയും വിട്ടു മാറിയിട്ടില്ല ചെന്നിത്തലക്ക്.

ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ വിദേശികള്‍ക്ക് അനുമതി കൊടുത്തത് നരസിഹറാവു സര്‍കാരാണ്. അന്ന് ചെന്നിത്തല കേരളത്തില്‍ നിന്നുമുള്ള എംപി. ചെന്നിത്തല നാട്ടില്‍ വന്നപ്പോള്‍ സിപിഎം കരിങ്കൊടി കാണിച്ചിരുന്നു. സമുദ്ര നയം തിരുത്തും വരെ വിശ്രമമില്ലെന്ന് കട്ടായം പറഞ്ഞിരുന്നു. അന്നു മുതല്‍ ഇന്നേവരേക്കും കടല്‍ നയത്തില്‍ വിദേശ കുത്തകളെ അകറ്റി നിര്‍ത്തുന്നതു സംബന്ധിച്ച് തന്നെയായിരുന്നു ഇടതു നയം. കടല്‍ നയത്തില്‍ മായം കലര്‍ത്തിയത് കണ്ടു പിടിച്ചത് ചെന്നിത്തലയാണ്. പിന്‍ വാതിലിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെ വെളിച്ചത്തു കൊണ്ടു വന്നതും ചെന്നിത്തല തന്നെ. അദ്ദേഹം കാണാതെ പോയിരുന്നെങ്കില്‍ ഇടതു നയത്തില്‍ ഓട്ടയുണ്ടാക്കി ആഴക്കടലിലെ മല്‍സ്യ സമ്പത്തു കടത്തി കൊണ്ടു പോകാനിട വന്നേനെ. ജനപ്രതിനിധികള്‍, ഭരണകൂടം തങ്ങളുടെ തന്‍പ്രമാണിത്തം അല്‍പം മാറ്റിവെച്ചിരുന്നെങ്കില്‍ മാത്രം തീരുന്നതായിരുന്നു പി എസ് സി പ്രഹസന സമരം. എന്നാല്‍ അത്ര ചെറിയ മീനായിരുന്നില്ല, ആഴക്കടല്‍ മല്‍സ്യ ബന്ധനം.

ഇത്തരം കോലാഹലങ്ങള്‍ക്കിടയിലൂടെയാണ് ഏഷ്യാനെറ്റിന്റെ രണ്ടാം അഭിപ്രായ സര്‍വേ കടന്നു വരുന്നതും, പിണറായിയുടെ തുടര്‍ ഭരണത്തില്‍ പ്രവചനമുണ്ടാകുന്നതും. സര്‍വേയും, എക്‌സിറ്റ് പോളുമൊക്കെ വരും പോകും. ചിലപ്പോള്‍ ശരിയാകും, ചിലപ്പോള്‍ ശരിയാകൂല. ശരിയായ ഫലം പോലെത്തന്നെ വിഫലമായ നിരവധി അനുഭവങ്ങളും നമുക്കിടയിലുണ്ടായിട്ടുണ്ട്.

2004ല്‍ വാജ്‌പേയി സര്‍കാരിന്റെ ഭരണം കാലാവധിക്കു ഒമ്പതു മാസം മുമ്പേ പിരിച്ചു വിടുകയായിരുന്നു. വിവിധ സര്‍വേകള്‍ വാജ്‌പേയി തിളങ്ങുന്നതായി കണ്ടു പിടിച്ചു. മനോരമ അടക്കം ഇതു സ്ഥാപിച്ചു. ഇതു കേട്ട് മതിമറന്ന പ്രധാനമന്ത്രി മന്ത്രിസഭ പിരിച്ചു വിട്ടു. തെരെഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഹൈ കമാൻഡിനേപ്പോലും അല്‍ഭുതപ്പെടുത്തി യുപിഎ സഖ്യം സര്‍കാരുണ്ടാക്കി. ഇടതുകാര്‍ പിന്തുണച്ചു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിച്ച് വെള്ള വസ്ത്രം ധരിക്കുമെന്ന് പറഞ്ഞ സുഷമ സ്വരാജിന്റെ മാനം രക്ഷിക്കാനായി സോണിയ അധികാരത്തില്‍ നിന്നും മാറി നിന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി. സോണിയ നയിച്ച ഭാരതയുദ്ധം പിന്നീട് തോറ്റമ്പിയ ചരിത്രമാണ് കോണ്‍ഗ്രസിനെ തേടിയെത്തിയത്. പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി 2020ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഇടതു തോല്‍വി മറക്കാറായിട്ടില്ല. വനിതാമതിലിന്റെ വന്‍ വിജയമായിരുന്നു 19 ലോകസഭാ മണ്ഡലങ്ങളിലെ തോല്‍വിക്കു കാരണം. ആ തോല്‍വിയിന്‍ നിന്നുമുണ്ടായ തിരിച്ചറിവാണ് ത്രിതലത്തില്‍ കൊയ്ത്ത് നടത്താന്‍ ഇടതിന് അവസരമായത്. ഇ ശ്രീധരന്റെ സ്വപ്‌നം ദിവാസ്വപ്‌നമാകാനേ തരമുള്ളു. ബിജെപി ഒന്നില്‍ തുടങ്ങി നാലിനപ്പുറമെത്തില്ലെന്നു കണ്ടെത്താന്‍ സര്‍വേക്കാരുടെ മഷി നോട്ടത്തിന്റെ ആവശ്യമില്ല.

ഫെബ്രുവരിയില്‍ സര്‍വേ നടക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരിന്നില്ല, പ്രളയാന്തര കേരളത്തില്‍ അവര്‍ നടത്തിയ ജൂണിലെ സര്‍വേ. ഇന്നത്തെപ്പോലെ കോലാഹലങ്ങള്‍ കുറവായിരുന്നു. പ്രതിപക്ഷ ഐക്യം ഇത്രയധികം അന്ന് ശക്തി പ്രാപിച്ചിരുന്നില്ല. എന്നിട്ടു പോലും രണ്ടാം തവണയും ജനം പിണറായിക്കൊപ്പം നില്‍പ്പുറപ്പിച്ചുവെന്നാണ് സര്‍വേ ഫലം പറയുന്നത്.

യുഡിഎഫ് പോരാടി ജയിക്കട്ടെ. സര്‍വേ എന്തും പറയട്ടെ, എങ്കില്‍പ്പോലും പിണറായിയുടെ വിജയത്തിന്റെ ഒരു നാടന്‍ പരിഛേദം ജനം മനസിലാക്കി വെച്ചിരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയുടെ മുഖ്യശത്രു സിപിഎമല്ല പകരം കോണ്‍ഗ്രസാണ്. അമിത്ഷാ പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കാന്‍ ബിജെപിക്ക് കേരളത്തില്‍ ഒരിക്കല്‍ കൂടി അവസരം കൈവന്നിരിക്കുകയാണ്. കേരളത്തില്‍ എന്ന പോലെ, തമിഴ്‌നാട്ടില്‍ നിന്നും, പുതുച്ചേരിയില്‍ നിന്നും കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ കിട്ടിയ അവസരം അവര്‍ വെറുതെ കളയാനിടയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം ഇത്തവണ ഇടതിനെ തുണക്കാനാണ് സാധ്യത. ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് കൂടെയുള്ള കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ആര്‍എസ്എസ്, ബിജെപി വോടര്‍മാര്‍ ശ്രമിക്കില്ല. സ്വന്തം സ്ഥാനാര്‍ത്ഥി അപ്രസക്തമാകുമ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം പണിയാന്‍ ഇടതിനു വോട് ചെയ്യാനല്ലാതെ ബിജെപിക്ക് വേറെ മാര്‍ഗമില്ല. അഭിപ്രായ സര്‍വേയുടെ പിന്‍ബലമില്ലാതെ തന്നെ കൊച്ചു കുട്ടികള്‍ക്കു പോലും ഇത് ഊഹിച്ചെടുക്കാനാകും.

യുഡിഎഫിനെ ഭരണത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് അശക്തമാണെന്ന് വര്‍ത്തമാന ചരിത്രം നോക്കിയാല്‍ മനസിലാകും. 1995 മുതല്‍ ഇതു കാണാം. 95നു മുമ്പ് കേരളത്തിലെ പ്രതാപിയായിരുന്ന കോണ്‍ഗ്രസ് സീറ്റ് നില വച്ചു നോക്കിയാല്‍ ഇന്നു നാമാവശേഷമാവുകയാണ്. പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയില്‍ നിന്നും ഒരു കോണ്‍ഗ്രസുകാരുനും നിയമസഭ കാണുന്നില്ല. ഏറ്റവും അവസാനമായി ഉദുമയില്‍ നിന്നും കെ.പി. കുഞ്ഞിക്കണ്ണന്റെ വിജയത്തോടെ അവസാനിച്ചതാണ് കോണ്‍ഗ്രസ് പ്രതാപം. കോഴിക്കോടും ,ഇടുക്കിയും കൊല്ലവും, കോണ്‍ഗ്രസ് മുക്തമായിക്കൊണ്ടിരിക്കുന്നു. 2001ല്‍ മാത്രമാണ് സാമാന്യം നല്ല നിലയിലുള്ള ഒരു ഫലം അവര്‍ക്കുണ്ടാക്കാനായത്. 2004ലെ പാര്‍ലിമെന്റില്‍, 2006ലെ നിയമസഭയില്‍. അതിനിടയില്‍ 2009ലെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അല്‍പ്പം മേല്‍ക്കെയുണ്ടാക്കിയെങ്കിലും 2011ലെ നിയമസഭയില്‍ തട്ടിക്കൂട്ടിയായ സര്‍ക്കാരുണ്ടാക്കാന്‍ മാത്രമേ യുഡിഎഫിനു വിധിയുണ്ടായുള്ളു.

2020ലെ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് അടക്കം ഇടക്കിടെ കോണ്‍ഗ്രസ് മുന്നണിക്കു മുമ്പില്‍ നേരിയ വിജയവിളി ഉണ്ടാകുന്നുണ്ടെങ്കിലും അവര്‍ ഘട്ടം ഘട്ടമായി തോറ്റു കൊണ്ടിരിക്കുകയാണ്. ഘടക കക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോവുകയാണ്. എന്‍ഡിപി, എസ്ആര്‍പി, സിഎംപി, ബിഡിഎസ് തുടങ്ങിയ പാര്‍ടികള്‍ അടക്കം പലതും കാലയവനികക്കുള്ളിലാണ്. കേരളാകോണ്‍ഗ്രസിന്റെ രണ്ടിലയും പിളര്‍ന്നു. ലീഗ് കുറേ സീറ്റുമായി വന്നു ചേരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനു ഏറ്റവും പ്രിയങ്കരമായിരുന്ന എന്‍എസ്എസിനാകട്ടെ ഇപ്പോള്‍ ബിജെപിയോടാണ് കൂറ്. മത മേലധികാരികളുടെ ഇടയലേഖനങ്ങള്‍ കോണ്‍ഗ്രസിനു അനുകൂലമായി വരാതെയായി. ലീഗ് കൂടെയുള്ളതും യുഡിഎഫിന്റെ ഒന്നാം കെട്ടുകാരിയായതുമാകാം കാരണം, കൃസ്തീയ മതനേതൃത്വം ഇപ്പോഴും ഇടഞ്ഞു തന്നെയയാണ്. എവിടെയൊക്കെ കോണ്‍ഗ്രസിനു മേല്‍കൈയുണ്ടോ അവിടെയൊക്കെ ബിജെപിക്കു വളര്‍ചയുണ്ടാകുന്നു. 13  ശതമാനം മാത്രം വോട് ഷെയര്‍ ഉണ്ടായിരുന്ന ബിജെപി ഇത്തവണ 18 ശതമാനത്തിലേക്ക് കൊട്ടിക്കയറിയേക്കുമെന്നാണ് സര്‍വേ ഫലം. ഇത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ കാര്യമായി ബാധിക്കുകയോ, ഇടതിനു ഗുണകരമായി ഭവിക്കുകയോ ചെയ്‌തേക്കാം.

ബിഡിജെഎസ് മല്‍സരിച്ച പല മണ്ഡലങ്ങളിലും അവര്‍ ജയിക്കാതെയും എന്നാല്‍ കോണ്‍ഗ്രസ് തറപറ്റുകയും, ഇടതുകാര്‍ ജയിച്ചു കയറുകയും ചെയ്തതാണ് 2016ലെ ഇടതു ഭരണകൂട നിര്‍മിതിക്ക് കാരണമായത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുള്ള ബിജെപിയുടെ അടവു നയം അവിടെ സിപിഎമിനു ഗുണകരമാവുകയായിരുന്നു. കോണ്‍ഗ്രസ് ഏതിരാളികളോടു മാത്രമല്ല, ഘടകകക്ഷികളോടു തന്നെ സ്വയം തോറ്റു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജനം ഒരിക്കല്‍കൂടി ബൂതിലെത്തിച്ചേരുന്നത്.

Keywords: Kerala, Politics, Political party, LDF, UDF, Article, Prathibha-Rajan, Assembly-Election-2021, Will the LDF 'return' for sure?.

Post a Comment