രാത്രിയാത്രക്കാരെ ഭീതിയിലാഴ്ത്തി കത്തി കാട്ടി പണവും മൊബൈല്‍ ഫോണും അപഹരിക്കുന്ന സംഘം വിലസുന്നു; അപായപ്പെടുത്താനും ശ്രമം

മല്ലപ്പള്ളി: (www.kvartha.com 12.01.2021) രാത്രിയാത്രക്കാരെ ഭീതിയിലാഴ്ത്തി കത്തി കാട്ടി പണവും മൊബൈല്‍ ഫോണും അപഹരിക്കുന്ന സംഘം വിലസുന്നു, അപായപ്പെടുത്താനും ശ്രമം. പലപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവരെയാണ് സംഘം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി മോഷണത്തിന് ഇരയാക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയില്‍ വെണ്ണിക്കുളം പുല്ലാട് റോഡില്‍ കുറുങ്ങഴ എം ടി എല്‍ പി സ്‌കൂളിനും പുരയിടത്തിന്‍ കാവിനും ഇടയില്‍ പാട്ടക്കാല സ്വദേശിയായ ഇരുചക്രവാഹനയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കവര്‍ച്ചയ്ക്കു ശ്രമിക്കുകയും അപായപ്പെടുത്തുവാന്‍ ശ്രമം നടത്തുകയും ചെയ്തു.

ഓടി സമീപത്തെ വീട്ടിലേക്കു കയറിയതിനാല്‍ അനിഷ്ടസംഭവങ്ങളില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘമാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. പരാതിയെ തുടര്‍ന്ന് കോയിപ്രം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.

മല്ലപ്പള്ളി തിരുമാലിടക്ഷേത്രംമുരണി റോഡില്‍ ക്ഷേത്രത്തിനു സമീപം ഇരുചക്രവാഹന യാത്രക്കാരനെ തടഞ്ഞുനിര്‍ത്തിയ സംഭവവും ഉണ്ടായി. ആഴ്ചകള്‍ക്ക് മുന്‍പ് പുറമറ്റത്തിനും ഇരവിപേരൂരിനും ഇടയില്‍ സമാനമായ സംഭവങ്ങളുണ്ടായി.

രണ്ടു ദിവസം മുന്‍പ് വില്ലേജ് ഓഫിസിനു സമീപത്തെ ഹോട്ടലിലും മുരണി റോഡിലെ കാര്‍ കെയര്‍ സെന്ററിലും മോഷണം നടന്നിരുന്നു. പച്ചക്കറി, പഴം, പലചരക്ക് എന്നീ കടകളില്‍ മോഷണശ്രമങ്ങളും നടത്തിയിരുന്നു. കാറില്‍ എത്തിയ സംഘമാണ് മോഷണത്തിനു പിന്നിലെന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും ഇരുചക്രവാഹനത്തിലും മറ്റു വാഹനങ്ങളിലുമെത്തി മോഷണം നടത്തുന്ന സംഘം വിലസുന്നത് ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമായിരിക്കുകയാണ്.
Addresses gang that robs money and mobile phones by stabbing night travelers; Attempt to endanger, Pathanamthitta, News, Local News, Police, Robbery, Complaint, Kerala

Keywords: Addresses gang that robs money and mobile phones by stabbing night travelers; Attempt to endanger, Pathanamthitta, News, Local News, Police, Robbery, Complaint, Kerala.

Post a Comment

Previous Post Next Post