Follow KVARTHA on Google news Follow Us!
ad
Posts

ആദിദ്രാവിഡം

Adidravidam#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കെ പ്രദീപ്

(www.kvartha.com 27.12.2020) ജന്നിഫര്‍ എന്നും എന്നെ അതിശയിപ്പിച്ചിട്ടേയുള്ളൂ. അക്ഷരങ്ങളിലൂടെ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ ഗാഡമായി പ്രണയിക്കാമെന്ന് അവളെനിക്ക് കാണിച്ചു തന്നു. ഇമെയില്‍ സന്ദേശങ്ങള്‍ കാപ്പിറ്റലിസത്തിന്റെ വിസര്‍ജ്ജമാണെന്ന എന്റെ സങ്കല്‍പ്പം അവള്‍ തിരുത്തി. മാര്‍ക്‌സിന്റെ നാട്ടുകാരി എന്നതിലുപരി ഹെസെയുടെയും ഗുണ്ടര്‍ട്ടിന്റെയും നാട്ടുകാരി എന്നറിയപ്പെടാനാണ് അവള്‍ക്ക് താല്‍പ്പര്യം. സൃഷ്ടിയുടെ ഉഷ്ണ മേഖലകളില്‍ നിന്നും എന്നെ കുടജാദ്രിയുടെ ഊഷ്മളതയിലേക്കെത്തിച്ചത് അവളുടെ മറ്റൊരു അത്ഭുത പ്രവർത്തി. 

പൊടിപടലങ്ങള്‍ അണിയലുകള്‍ തീര്‍ത്ത എന്റെ പണിശാലയില്‍ അവള്‍ കടന്നുവന്ന നേരവും കാലവും എനിക്കോര്‍മ്മയില്ല. അച്ഛന്‍ തെയ്യക്കോപ്പുകള്‍ സൂക്ഷിച്ച പുരയുടെ ഒരു ഭാഗത്തായിരുന്നു എന്റെയും പണിപ്പുര. പുരുഷപ്രതിമയുടെ പണിയിലായിരുന്നു മാസങ്ങളായി ഞാന്‍. കരിങ്കല്ലില്‍ തുടര്‍ച്ചയായി പതിയുന്ന കല്ലുളിയുടെ നാദം എന്റെ മനസിലെ ഉന്മാദത്തിന് താരാട്ട് തീര്‍ത്തു. 'വേണു ഡു യു ഗോട്ട് മീ' കയ്യിലുണ്ടായിരുന്ന ബാഗ് ഒരുഭാഗത്ത് ഒതുക്കിവെച്ച് ജെനിഫര്‍ ചോദിച്ചു. 

അവളെ എനിക്ക് അപരിചിതയായി തോന്നിയില്ല. എനിക്ക് നിന്ന കാണണമെന്ന് തോന്നി. ഞാനിങ്ങ് വന്നു. പാതിരൂപമായി കിടക്കുന്ന പ്രതിമയെ തൊട്ടും തലോടിയും ഇരിക്കവെ അവള്‍ പറഞ്ഞു. ശേഷം അവളുടെ വിരലുകള്‍ എന്നിലൂടെ ചലിച്ചു. കുളിവല്ലപ്പോഴുമായതിനാല്‍ കരിങ്കല്‍പ്പൊടിയും വിയര്‍പ്പും ചേര്‍ന്ന് എന്റെ ശരീരം ചതപ്പുനിലത്തെ അനുസ്മരിപ്പിച്ചു.
'ഇതിന്റെ അഗ്രഭാഗം നന്നായിട്ടില്ല. അത് വൃഷണത്തില്‍ നിന്നും അല്‍പം വിട്ടുനില്‍ക്കണം' പ്രതിമയുടെ ലിംഗത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ജെന്നിഫര്‍ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. പുരുഷ നഗ്നത ഞാനത്ര സൂക്ഷമമായി നിരീക്ഷിച്ചിട്ടാല്ലായിരുന്നു.
  
Adidravidamജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ജെന്നിക്ക് ലിംഗത്തോടുള്ള കൗതുകം സാധാരണ പെണ്ണുങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാം. ശിവ ലിംഗത്തെപ്പറ്റി അവള്‍ പറഞ്ഞാണ് തോറ്റം പാട്ടുകള്‍ക്കിടയില്‍ പിച്ചവെച്ച ഞാന്‍ പോലും പലതുമറിഞ്ഞത്.

കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഞാന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. വെട്ടിയൊതുക്കിയ സ്വര്‍ണ്ണ തലമുടിയും നീലകണ്ണുകളും അവളെ സുന്ദരിയാക്കി. നീളമുള്ള കൈവിരലുകള്‍ പക്ഷെ ഉയര്‍ന്ന ചുമലുകള്‍, അത് അവളുടെ അംഗനചേലിന് പൊരുത്തപ്പെടാത്തതായി എനിക്ക് തോന്നി. അവള്‍ കൊച്ചു കുഞ്ഞിനെപ്പോലെ എല്ലാം നോക്കി കാണുകയും നിര്‍ത്താതെ സംസാരിക്കുകയും ചെയ്തു.

അങ്ങകലെ പൈന്‍മരങ്ങളുടെ താഴ്‌വരയിലെ വീടിനെ കുറിച്ചും ചരിത്രം പഠിപ്പിക്കുന്ന അധ്യാപകരായ ജെന്നിയുടെ മാതാപിതാക്കളെക്കുറിച്ചും ഞാനോര്‍ത്തു. അവള്‍ക്ക് ജനിതക ശാസ്ത്രത്തിന് പുറമെ ചിത്രരചനയിലും സിനിമയിലും കമ്പമുണ്ട്. 'യൂ നീഡ് എ സ്റ്റിഫ് വണ്‍' ഞങ്ങളുടെ ഭാണ്ഡകെട്ടുകള്‍ ഒരു മരക്കൊമ്പില്‍ കൊളുത്തി വെയ്ക്കുകയായിരുന്നു അവള്‍.
'നിനക്ക് മനശാസ്ത്രവും വശമുണ്ട്. ശരിക്കും ജീനിയസ്' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളെനിക്കായി കൊണ്ടുവന്ന മെക്ക്‌സിക്കന്‍ റം ഗ്ലാസിലേക്കൊഴിച്ച് ഞാന്‍ അത് ഒറ്റവലിക്ക് കുടിച്ചു. മൂന്നാമത്തെ പെഗില്‍ അവള്‍ എന്റെ സുരപാനത്തിന് തടയിട്ടു.

'നിങ്ങളുടെ ദൈവങ്ങളും നല്ല കുടിയന്മാരാണ്.' 

'ഏയ് അങ്ങനെയൊന്നുമില്ല. എല്ലാം അറിയുന്നവന് മാത്രമാണ് ഇവിടെ ഇടംകിട്ടുക. ശങ്കരന്റെ അന്വേഷണം പെണ്ണിനെ അറിയുന്നതില്‍ എത്തിയില്ലേ? ഹെസെയുടെ സിദ്ധാര്‍ത്ഥന്റെ അലച്ചിലും അതിനായിരുന്നില്ലേ' മദ്യം എന്റെ ഞരമ്പുകളെ ഇളക്കിയിരുന്നു. 'നിന്റെ ആര്യന്‍ കോംപ്ലക്‌സ് തികട്ടി വരുന്നുണ്ടോ? പക്ഷെ, തെയ്യം ഞാനതിന്റെ വീഡിയോ ടേപ്പ് കണ്ടിട്ടുണ്ട്. മനുഷ്യര്‍ ദൈവത്തിന്റെ വേഷമണിയുക ആലുകള്‍ അതിനെ വണങ്ങുക. കമ്യൂണിസം പറയുന്ന നിങ്ങളെല്ലാം അതിനെ അംഗീകരിക്കുക' ജെന്നി സന്ദേഹം മറച്ചുവെച്ചില്ല. 

'എന്റെ ഗ്രാമത്തില്‍ പാര്‍ട്ടിയുടെ ലോകല്‍ സെക്രടറി തെയ്യക്കോലമണിയും. വെളിപാടുകള്‍ വിളിച്ചുപറയും. പൈതങ്ങള്‍ക്ക് കൊണം വരുത്തണേ. കോലമഴിച്ച് വെച്ച് പിറ്റേ ദിവസം അയാള്‍ വിലക്കയറ്റത്തിനെതിരെ കളക്‌ട്രേറ്റ് ഉപരോധിക്കാന്‍ പോകും. സോഷ്യലിസത്തിലേക്കുള്ള വ്യത്യസ്ത പാതകള്‍ നിഷ്‌കളങ്കനായ ദ്രാവിഡന്റെ വിചാരങ്ങള്‍'. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഇതൊക്കെ തമാശയായി കാണണം. അതൊക്കെ അങ്ങനെ നടന്നോട്ടെ.' ജെന്നി ചിരിച്ചു. നെറുകയില്‍ നിന്നും മൂക്കിന്‍ തുമ്പത്തൂടെ ഒലിച്ചിറങ്ങുകയായിരുന്ന വിയര്‍പ്പുമണികള്‍ പൊട്ടിച്ചിതറി.

സന്ധ്യ. നേര്‍ത്ത കാറ്റ്. അതിനെക്കാള്‍ നേര്‍ത്ത പ്രകാശം. കുടജാദ്രിയിലെ പാറപ്പരപ്പുകള്‍ വിജനമായി. അവള്‍ എന്റെ ചുമലുകളില്‍ കൈവെച്ചു.  മ്യൂണിക്കിലെ എന്റെ പരീക്ഷണശാലയിലെ രാസനാളികളില്‍ ഒന്നില്‍ പുരുഷ ബീജങ്ങള്‍ പരല്‍മീനിനെ പോലെ നീന്തിതുടിക്കുന്നത് ഞാന്‍ കണ്ടു. ശീതം ഉറഞ്ഞുകൂടിയ എന്റെ ഗര്‍ഭാശയം അന്നേരം നിനക്കായി മിടിച്ചു. ഞാന്‍ വന്നത് അതിനാണ്. ദുർബലമായ എന്റെ ശരീരം വിറച്ചു. അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു. മുലകള്‍ എഴുന്നുവന്നു. കാറ്റിന് വേഗമേറി. 

പച്ചകുരുത്തോലയുടെ ഗന്ധം. അതൊടൊപ്പം ചിലമ്പോലി മുഴങ്ങി. ചെണ്ടയുടെ രൗദ്രതാളം. ഉവ്വേ ഉവ്വേ... ആര്‍പ്പുവിളികള്‍. പിണഞ്ഞുചേര്‍ന്ന ശരീരങ്ങള്‍ പാറപ്പരപ്പില്‍ ഞെരിഞ്ഞമര്‍ന്നു. മഞ്ഞള്‍ കുറിപ്പോലെ പൊടിപടലങ്ങള്‍ ഉയര്‍ന്നു... ചെണ്ടയുടെ മുറുക്കം അയഞ്ഞുവന്നു. ആര്‍പ്പുവിളികള്‍ നിലച്ചു. കാറ്റ് നേര്‍ത്തു. പ്രകാശം അതിലേറെ നേര്‍ത്തു. പാറപ്പരപ്പില്‍ കാലുകളകറ്റി വെച്ച് മലര്‍ന്ന് കിടന്നുറങ്ങുന്ന ജെന്നി. ഞാനവളുടെ അടിവയറ്റിലേക്ക് നോക്കി. വെളുപ്പും ചുവപ്പും കലര്‍ന്ന നിറം. അതില്‍പ്പറ്റിപിടിച്ച് എന്റെ ശരീരത്തിലെ കരിങ്കല്‍ പൊടികളും മുറിഞ്ഞുപോയ അവളുടെ മേനിയിലെ ചോരയും ചേര്‍ന്ന് വരച്ചുവെച്ചൊരു രൂപം. അത് ഗ്രിഗര്‍മെന്‍ഡലിന്റെ പിരിയന്‍ഗോവണിയായി എനിക്ക് തോന്നി. 

Keywords: Story, Man, Woman, Love, K Pradeep, Adidravidam.

< !- START disable copy paste -->

Post a Comment