Follow KVARTHA on Google news Follow Us!
ad

ആംനസ്റ്റി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ പുനഃപരിശോധിക്കണമെന്ന് എ കെ ജി എസ് എം എ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,GST,Business,Allegation,Parliament,Income Tax,Kerala,
കൊച്ചി: (www.kvartha.com 27.11.2020) ആംനസ്റ്റി, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(എ കെ ജി എസ് എം എ).

വാറ്റ് കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആംനസ്റ്റി സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി 2020 നവംബര്‍ 30 നാണ് അവസാനിക്കുന്നത്. ആംനസ്റ്റി സമ്പൂര്‍ണ പരാജയമാണെന്നും അഞ്ചു ലക്ഷത്തോളം വ്യാപാരികളാണ് കേസുകളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും എ കെ ജി എസ് എം എ ആരോപിക്കുന്നു.

21,000 വ്യാപാരികള്‍ മാത്രമാണ് ഓപ്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഇതു വളരെ ചെറിയ ശതമാനം മാത്രമാണ്. വ്യാപാരികള്‍ക്ക് ഇത് സ്വീകരിക്കാന്‍ കഴിയില്ല. യാതൊരു നീതികരണവുമില്ലാത്ത ഓര്‍ഡറുകളാണിതെന്നും എ കെ ജി എസ് എം എക്ക് വേണ്ടി സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍നാസര്‍ വ്യക്തമാക്കുന്നു.

മറ്റെല്ലാ നിയമങ്ങളും അബോളിഷ് ചെയ്താണ് പാര്‍ലെമെന്റ് ജി എസ് ടി നികുതി നിയമം രാജ്യത്ത് നടപ്പാക്കിയത്. എല്ലാ സംസ്ഥാന നിയമസഭകളും ജി എസ് ടി നിയമം പാസാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേരളസര്‍ക്കാരിന് മാത്രം നിയമപരമല്ലാത്ത കൂടിശിഖ പിരിക്കാന്‍ അവകാശമുണ്ടോ എന്നും എ കെ ജി എസ് എം എ ചോദിക്കുന്നു. യഥാര്‍ത്ഥ പിഴവിന്‍മേലല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ലന്നതാണ് വസ്തുത.

10,000 രൂപയുടെ പിഴവ് പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു കോടി രൂപയുടെ നികുതിയും പിഴയും അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ല. പരിശോധനയില്‍ 10000 രൂപയുടെ പിഴവ് കണ്ടെത്തിയാല്‍ പതിനായിരം രൂപയ്ക്കാണ് പിഴ ചുമത്തേണ്ടത്. അല്ലാതെ 365 ദിവസവും ഈ രീതിയിലുള്ള വ്യാപാരമാണ് ആ കടയില്‍ നടക്കുന്നത് എന്ന് അനുമാനിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന അസസ്‌മെന്റ്, അതിനു ശേഷം തുക അടയ്ക്കാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് ഇതെല്ലാം വലിയ ബുദ്ധിമുട്ടാണ് വ്യാപാരികള്‍ക്കുണ്ടായിട്ടുള്ളത്.

നികുതി വകുപ്പില്‍ ഇത് സംബസിച്ച അപ്പീല്‍ നല്‍കണമെങ്കില്‍ 20% അടച്ചതിനു ശേഷം മാത്രമാകണമെന്ന വ്യവസ്ഥ വ്യാപാരികളെ സംബന്ധിച്ചിടത്തോളം അതിലേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതില്‍ നിന്നെല്ലാം രക്ഷനേടിയാണ് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുള്ളത്. വ്യാപാരികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തില്‍ കാലാനുസൃത മാറ്റം അനിവാര്യമാണ്. ആംനസ്റ്റി അവസാനിപ്പിച്ച് നിയമം ഉണ്ടാകണം. 

Amnesty: AKGSMA calls for reconsideration of one-time settlement plan as impractical, Kochi, News, GST, Business, Allegation, Parliament, Income Tax, Kerala
വാറ്റ് കുടിശ്ശികയില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം വ്യാപാരികളും കച്ചവടം നിര്‍ത്തി അവരുടെ മുഴുവന്‍ സ്വത്തുക്കളും സര്‍ക്കാരിന് നല്‍കിയാല്‍ പോലും തീരാത്ത ബാധ്യതയാണ് ഇപ്പോഴുള്ളതെന്നും അവരെ വഴിയാധാരമാക്കരുതെന്നുമാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളത് എന്നും എ കെ ജി എസ് എം എ വ്യക്തമാക്കുന്നു.

ജി എസ് ടി നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാറ്റു കുടിശ്ശിക പിരിക്കാനുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കണം. കോവിഡ് 19 വ്യാപാരമാന്ദ്യകാലത്ത് ഈ രീതിയിലുള്ള പീഡനം ഒഴിവാക്കണം. മറ്റൊരു സംസ്ഥാനവും സ്വീകരിക്കാത്ത നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സത്യവുമായി പുലബന്ധമില്ലാത്ത ഏകദേശം 12,000 കോടി രൂപ നികുതി കുടിശിഖ പിരിക്കുന്നതിന് 2018ല്‍ പലിശയും പിഴയും ഒഴിവാക്കിയാണ് ആംനസ്റ്റി പ്രഖ്യാപിച്ചത്.

2019 ല്‍ 75% അടച്ചാല്‍ മതിയെന്നായിരുന്നു പ്രഖ്യാപനം. 2020ല്‍ 40% വരെ ഇളവനുദിക്കുകയും പല തവണ അപേക്ഷ തിയതി സമയം നീട്ടിക്കൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നു തന്നെ വ്യക്തമാകുന്നത് ഊതിവീര്‍പ്പിക്കപ്പെട്ട കണക്കാണിതെന്നാണ്. പരമാവധി വ്യാപാരികളെ കെണിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അധാര്‍മ്മികമായ ഒരു നടപടി വ്യാപാര സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.

ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വ്യാപാരികള്‍ ചെയ്യാത്ത കുറ്റത്തിന് ഒരിക്കലും നികുതിയോ, പിഴയോ പിഴപലിശയോ അടയ്ക്കാന്‍ തയ്യാറല്ല. ഊരാക്കുടുക്കില്‍ നിന്നുള്ള മോചനത്തിനു വളരെ കുറച്ചുപേര്‍ മാത്രമാണ് ചെറിയ തുകകള്‍ അടച്ചു ആംനസ്റ്റി ഓപ്ഷന്‍ എടുത്തിട്ടുള്ളത്.

വ്യാപാരികളുടെ കണക്കുകള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ കുടിശിഖ അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ അധികാരം നല്‍കുന്ന ഒരു ഭേദഗതി 2019 ല്‍ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ വി എ ടി സെക്ഷന്‍ 25. എ എ. ജനറല്‍ ഡിസിപ്ലിന്‍, വ്യാപാരികളെ പരമാവധി സഹായിക്കുക എന്നതാണ്. പഴയ വാറ്റ് കാലത്തെ പരാതികളും കെട്ടികിടക്കുന്ന കേസുകളും തീര്‍പ്പാക്കുന്നതിനാണ് പൊതു താല്പര്യം പരിഗണിച്ച് നിയമം ഭേദഗതി ചെയ്തത്.

എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്കരുണം ഇത് നിരസിക്കുകയാണ്. 2019ലെ നിയമഭേദഗതി അനുസരിച്ച് വാറ്റ് കാലഘട്ടത്തിലെ 95% കേസുകളും തീര്‍പ്പാക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാകുന്നില്ല. അവരുടെ കറവപശുവായിട്ടാണ് ഈ കേസുകളെ അവര്‍ കാണുന്നത്. ജി എസ് ടി വന്നതിനു ശേഷം വ്യാപാര മേഖലയില്‍ നികുതി കുറവാണെന്നത് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.

വാറ്റ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നികുതി വരുമാനം ജി എസ് ടി വന്നപ്പോള്‍ കുറഞ്ഞു എന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. ഇത് ശരിയല്ല. ജി എസ് ടി അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പകുതി വീതമാണ് നികുതി. അതുമാത്രമല്ല വ്യാപാരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ നികുതി നല്‍കുകയും അതിന് സെറ്റ് ഓഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്.

വാറ്റ് കാലഘട്ടത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 25% കൂട്ടി നികുതി കോമ്പൗണ്ട് ചെയ്യുകയായിരുന്നു. ജി എസ് ടി നിയമം അനുസരിച്ച് അനുമാന നികുതി ഇല്ലാത്തതിനാല്‍ യഥാര്‍ത്ഥ വിറ്റുവരവില്‍ മേലാണ് നികുതി അടയ്ക്കുന്നത് (ടേണോവര്‍).

നികുതിവെട്ടിച്ചുള്ള കള്ളക്കടത്തും അനധികൃത വ്യാപാരവും കേരളത്തില്‍ വ്യാപകമാകുകയാണ്. സര്‍ക്കാര്‍ അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തവരെ നിരന്തരം പിഴിയുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. വ്യാപാരികളുമായി ധനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും എ കെ ജി എസ് എം എ അഭ്യര്‍ത്ഥിക്കുന്നു.

Keywords: Amnesty: AKGSMA calls for reconsideration of one-time settlement plan as impractical, Kochi, News, GST, Business, Allegation, Parliament, Income Tax, Kerala.

Post a Comment