'ബുറെവി'ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തിനും തെക്കന്‍ തമിഴ് നാടിനും 'പ്രീ സൈക്ലോണ്‍ വാച് ' ; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kvartha.com 30.11.2020) നിവാര്‍ ചുഴലിക്കാറ്റിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു കൊടുങ്കാറ്റ് വീശുന്നു. 'ബുറെവി' ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടിന് തമിഴ്നാട്-പുതുച്ചേരി തീരങ്ങളില്‍ എത്തിയേക്കാം. മാലിദ്വീപ് നിര്‍ദേശിച്ച പേരാണ് 'ബുറെവി.'സീസണിലെ മൂന്നാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്.

അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോണ്‍ വാച്  തെക്കന്‍ കേരളത്തിനും തെക്കന്‍ തമിഴ് നാടിനും നല്‍കിക്കഴിഞ്ഞു. നിലവില്‍ തീവ്ര ന്യൂനമര്‍ദമായ സിസ്റ്റം അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് 'ബുറെവി'ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത.

ചുഴലിക്കാറ്റിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

എഴുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. 

After Cyclone Nivar, another storm brews in Bay of Bengal; may hit Tamil Nadu-Puducherry coasts on Dec 2, Thiruvananthapuram, News, Cyclone, Warning, Fishermen, Rain, Kerala
നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നവംബര്‍ 30 അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

*ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കുക.

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

*മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

*ജനലും വാതിലും അടച്ചിടുക.

*ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

*ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

*കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

*ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

*വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

*വാഹനത്തിനുള്ളിലാണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

*ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

*പട്ടം പറത്തുവാന്‍ പാടില്ല.

*തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

*ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

*ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം.

*വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം

Keywords: After Cyclone Nivar, another storm brews in Bay of Bengal; may hit Tamil Nadu-Puducherry coasts on Dec 2, Thiruvananthapuram, News, Cyclone, Warning, Fishermen, Rain, Kerala.

Post a Comment

Previous Post Next Post