അയ്യായിരം പേരെ പരിശോധിച്ചപ്പോള്‍ അയാളെ കിട്ടി; ബൈക്കിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ബാങ്ക് ജീവനക്കാരനെ പൊലീസ് പൊക്കിയത് ഇങ്ങനെ...

തളിപ്പറമ്പ്: (www.kvartha.com 20.10.2020) പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികനെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനയിടുക്ക് സ്വദേശി പി കെ നസീറി(42)നെയാണ്  തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ 13നാണ് പാല്‍ വാങ്ങാന്‍ കടയിലേക്ക് പോകുകയായിരുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയെ വഴി ചോദിച്ചെത്തിയ സ്‌കൂട്ടര്‍ യാത്രികനായ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എസ്‌ഐ പി സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. 

സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് പ്രതി വലയിലായത്. ഇയാള്‍ ഓടിച്ചിരുന്ന ഹോണ്ട ഫോര്‍ ജി സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കണ്ണൂരിലെ ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പിടിയിലായ നസീറെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം മയ്യില്‍ നിന്നും കളക്ഷന്‍ എടുത്ത് മുയ്യം വരഡൂല്‍ വഴി വരുമ്പോഴാണ് നസീര്‍ പെണ്‍കുട്ടിയെ കാണുന്നത്. പെണ്‍കുട്ടി ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്ത് എത്തുന്നത് വരെ കാത്തുനിന്ന ശേഷം അടുത്തെത്തി പ്രഭാകരന്‍ കോണ്‍ട്രാക്ടറുടെ വീട് അന്വേഷിച്ചു. 

News, Kerala, Police, Crime, Remanded, Molestation, Taliparamba, Girl, Molestation against girl; Accused remanded in police custody

അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞയുടന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും നസീര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരില്‍ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ എസ്‌ഐ പി സി സഞ്ജയ്കുമാര്‍, എഎസ്‌ഐമാരായ എ ജി അബ്ദുല്‍ റൗഫ്, വിനോദ്, സീനിയര്‍ സിപിഒമാരായ സ്‌നേഹേഷ്, ശ്രീകാന്ത് എന്നിവരുമുണ്ടായിരുന്നു. 

തളിപ്പറമ്പിലും പരിസരത്തുമുള്ള അമ്പതോളം സിസിടിവി കാമറകളാണ് പൊലീസ് ഇക്കാലയളവില്‍ പരിശോധിച്ചത്. ഇതില്‍ ഏഴാംമൈലിലെ ഒരു കാമറയില്‍ വ്യക്തമായി പതിഞ്ഞ വണ്ടി നമ്പറും സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. 5000 ത്തോളം ഇരുചക്ര വാഹന ഉടമകളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

Keywords: News, Kerala, Police, Crime, Remanded, Molestation, Taliparamba, Girl, Molestation against girl; Accused remanded in police custody

Post a Comment

Previous Post Next Post