Follow KVARTHA on Google news Follow Us!
ad

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾThiruvananthapuram,News,Politics,Pinarayi vijayan,Inauguration,Road,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 12.10.2020) പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിര്‍മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പൊതു ഗതാഗതരംഗത്ത് സംസ്ഥാനം കടന്നുപോയത് വലിയ നേട്ടങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിച്ചു വരികയാണ്. 

Chief Minister Pinarayi Vijayan says that Kerala has witnessed great changes in the field of public transport, Thiruvananthapuram, News, Politics, Pinarayi vijayan, Inauguration, Road, Chief Minister, Kerala

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1883 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികള്‍ തടസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. നബാര്‍ഡിന്റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9530 കിലോമീറ്ററോളം റോഡുകള്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. 1451 കോടി രൂപ മുതല്‍ മുടക്കി 189 റോഡുകള്‍ മൂന്നുമാസത്തിനകം സംസ്ഥാനത്ത് ഗതാഗതത്തിന് തുറക്കുകയാണ്. 158 കിലോമീറ്റര്‍ കെ എസ് ടി പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില ഫ് ളൈ ഓവര്‍ ഉള്‍പ്പടെ 21 പാലങ്ങള്‍, 671 കോടിയുടെ കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും.

കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗത യോഗ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന-ക്ഷേമ കാര്യങ്ങളില്‍ സമാനതകളില്ലാതെയാണ് കേരളം മുന്നോട്ടുപോകുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത, സൗജന്യ കിറ്റ് വിതരണം, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ലഭ്യമാക്കല്‍, ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു നല്‍കല്‍ തുടങ്ങിയവയെല്ലാം പാവപ്പെട്ടവരെ ഈ സര്‍ക്കാര്‍ എത്രത്തോളം കരുതുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എ സി റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. നവീകരിക്കുന്ന റോഡിനും ഫ് ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടാകും. 20 കിലോമീറ്ററില്‍ മൂന്നുതരത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്.

ഒന്നാമത്തേത് 2.9 കി മി, ബി എം ബി സി മാത്രം ചെയ്ത് റോഡ് ഉയര്‍ത്തുന്നതും രണ്ടാമത്തേത് 8.27 കി.മി. ജീയോ ടെക്‌സ്‌റ്റൈല്‍ ലെയര്‍ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് 9 കി.മി. ജിയോ ഗ്രിഡും കയര്‍ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോണ്‍കോളവും ഉപയോഗിച്ചുളള ബലപ്പെടുത്തലുമാണ് അവലംബിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ച് സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയില്‍ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും മാങ്കാവ് കലുങ്കിനും ഇടയില്‍ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതിജംഗ്ഷനും പറശ്ശേരി പാലത്തിനും ഇടയില്‍ 260 മീറ്ററും പൊങ്ങ കലുങ്കിനും പണ്ടാരക്കളത്തിനും ഇടയില്‍ 485 മീറ്ററും നീളത്തിലാണ് ഫ് ളൈ ഓവറുകള്‍ ക്രമീകരിക്കുക.

ഫ് ളൈ ഓവറുകളുടെ നീളം 1.785 കിലോമീറ്റര്‍ ആണ്. എ സി റോഡില്‍ കുറച്ച് ദൂരത്തില്‍ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ഒമ്പത് സ്ഥലങ്ങളില്‍ കോസ്വേ നല്‍കിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്റനന്‍സ് തുക ഉള്‍പ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂര്‍ത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, എ എം ആരിഫ് എം പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Chief Minister Pinarayi Vijayan says that Kerala has witnessed great changes in the field of public transport, Thiruvananthapuram, News, Politics, Pinarayi vijayan, Inauguration, Road, Chief Minister, Kerala.

إرسال تعليق