Follow KVARTHA on Google news Follow Us!
ad

നിക്ക് വുജിസെക്കിൽ നിന്ന്‌ നമുക്ക് പഠിക്കാനുണ്ട് മഹത്തായ പാഠങ്ങൾ

We have great lessons to learn from Nick Vujicic #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മുജീബുല്ല കെ എം

(www.kvartha.com 18.09.2020)
2000 ത്തിൽ ഉത്തരമലബാറിൽ കരിയർ ഗൈഡൻസ്, എക്സാം ഷുവർ ഹിറ്റ്, പേഴ്സണാലിറ്റി ക്ലാസുകൾ എടുക്കുമ്പോൾ ഉദാഹരിച്ചിരുന്നത് വിൽമാ റുഡോൾഫ് എന്ന അത്ലറ്റിൻ്റെ ജീവിതകഥയായിരുന്നു. അതിന് ശേഷം പലരെയും ഉദാഹരിച്ചു. ഇന്ന് നിങ്ങളോട് പറയാനാഗ്രഹിക്കുന്നത് ലോക പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ നിക്ക് വുജിസെക്കിൻ്റെ കഥയാണ്.

നിക്കോളാസ് ജെയിംസ് വുജിസെക് എന്നാണിദ്ദേഹത്തിൻ്റെ മുഴുവൻ പേര്. 1982 ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ആയിരുന്നു സെര്‍ബിയന്‍ വംശജനായ നിക്ക് വുജിസിക്കിന്റെ ജനനം. ഏറെ കാത്തിരുന്ന് ഉണ്ടായ മകനെ ഒരു നോക്ക് കണ്ട നിമിഷം തന്നെ നിക്കിന്റെ മാതാപിതാക്കളുടെ ദുഃഖം അണപൊട്ടിയൊഴുകി. നിക്കിന്റെ അമ്മ കുഞ്ഞിനെ കാണാന്‍ പോലും വിസമ്മതിച്ചു. പരിഹരിക്കാനാവാത്ത ശാരീരിക വൈകല്യത്തോടെയായിരുന്നു നിക്കിന്റെ ജനനം. ടെട്ര അമേലിയ സിന്‍ട്രോം എന്ന അപൂര്‍വ വൈകല്യമാണ് നിക്ക് വുജിസികിനെ തേടിയത്തിയത്. അതായത് ജന്മനാ കൈകാലുകള്‍ ഇല്ലാത്ത അവസ്ഥ. ലക്ഷക്കണക്കിന് കുട്ടികളില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. തങ്ങളുടെ മകന് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടായത് ആ മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചു. അതില്‍ ഉപരിയായി ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവരുടെ മനസില്‍ മുഴുവന്‍.

 We have great lessons to learn from Nick Vujicic

തങ്ങളുടെ മകന്റെ ഭാവിയോർത്ത് ആ മാതാപിതാക്കൾ ഏറെ ദുഖിച്ചെങ്കിലും നിക്കിന്റെ പരിചരണത്തിനും, വളർച്ചയ്ക്കുമായാണ് പിന്നീടുള്ള ജീവിതം അവർ മാറ്റി വച്ചത്. ആരോൺ, മൈക്കിൾ എന്നിങ്ങനെ 2 അനുജന്മാരാണ് നിക്കിനുള്ളത്. കൈ കാലുകള്‍ ഇല്ല എങ്കിലും തങ്ങളുടെ മകന് ആവശ്യമായ പഠനസൗകര്യങ്ങള്‍ മാതാപിതാക്കള്‍ ഒരുക്കി നല്‍കിയിരുന്നു. എന്നാല്‍ കൈകാലുകള്‍ ഇല്ലാതെ പ്രത്യേക രീതിയില്‍ സഞ്ചരിച്ച് ക്ലാസ് മുറികളില്‍ എത്തുന്ന നിക്ക് എല്ലാവര്‍ക്കും ഒരു കൗതുക കാഴ്ചയായി മാറി. ചിലര്‍ കഷ്ടം എന്ന് നെടുവീര്‍പ്പിട്ടു. മറ്റ് ചിലര്‍ വിധിയെ പഴിച്ചു. എന്നാല്‍ പലപ്പോഴും സഹപാഠികളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം പലവിധ അപമാനങ്ങള്‍ നിക്കിന് സഹിക്കേണ്ടതായി വന്നു. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കും എന്നറിയാതെ വിഷമിച്ച ദിനങ്ങള്‍. ഒടുവില്‍ ശാരീരിക വൈകല്യത്തെ ചൊല്ലിയുള്ള അപമാനവും സങ്കടവും നിമിത്തം ആത്മഹത്യ ചെയ്യാന്‍ വരെ നിക്ക് തീരുമാനിച്ചു.

എന്നാല്‍ നിക്ക് ജീവിച്ചിരിക്കണം എന്നതായിരുന്നു ദൈവനിയോഗം. അതിനാല്‍ ആത്മഹത്യ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ കഴിയാത്തവിധം നിക്ക് അന്തര്‍മുഖനായി മാറിക്കൊണ്ടിരുന്നു. മകന്റെ ദുഃഖം കാണാനാവാതെ, അവനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നിക്കിന്റെ മാതാപിതാക്കള്‍ വിഷമിച്ചു. മാതാപിതാക്കള്‍ നല്‍കിയ ധാര്‍മിക മാനസിക പിന്തുണയുടെ കരുത്തില്‍ നിക്ക് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കി വീടിനുള്ളില്‍ ആര്‍ക്കും ഭാരമാകാതെ ഒതുങ്ങിക്കൂടാന്‍ ആയിരുന്നു നിക്കിന്റെ തീരുമാനം. എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. എല്ലാ രാത്രിയിലും കിടക്കുന്നതിനു മുൻപ് നിക് പ്രാർഥിച്ചിരുന്നു, ഉണരുമ്പോഴേക്കു തനിക്ക് കൈകാലുകൾ തരണമേയെന്ന്. എന്നാൽ ആ അത്ഭുതം ഒരിക്കലും നടന്നില്ല. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ നിക് സ്വയം അത്ഭുത‌മാകാൻ തീരുമാനിച്ചു.

 We have great lessons to learn from Nick Vujicic

ഈ ലോകം അംഗപരിമിതര്‍ക്കുള്ളതല്ല എന്ന് ഉറച്ചു വിശ്വസിച്ച നിക്കിന്റെ അരികിലേക്ക് ഒരിക്കല്‍ അമ്മ ഒരു പത്രക്കടലാസുമായി കടന്നു വന്നു. ജന്മനാ കാലുകള്‍ ഇല്ലാത്ത, ശാരീരികപരമായി മറ്റനേകം വിഷമതകള്‍ ഉള്ള ഒരു വ്യക്തി വിധിയോട് പൊരുതി ജീവിതം വിജയം കൈവരിച്ചതിനെ പറ്റിയുള്ള വാര്‍ത്തയായിരുന്നു ആ പത്രക്കടലാസ്സില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ജീവിത വിജയം നിക്കിനെ തന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചു. അദ്ദേഹത്തിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് തനിക്ക് സാധിക്കില്ല എന്നായി നിക്കിന്റെ ചിന്ത. അന്ന് നിക്കിന് പ്രായം വെറും 17 വയസ്സ്. പഠനം നിര്‍ത്തി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ചിന്തിച്ച നിക്ക് ബിരുദപഠനത്തിന് ചേര്‍ന്നു.

ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ നിന്നും തന്റെ 21 ആം വയസില്‍ കൊമേഴ്‌സില്‍ ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ നിക്ക് മനസിലാക്കിയിരുന്നു, സ്വയം തോല്‍ക്കാന്‍ നമ്മള്‍ തയ്യാറാകുന്നത് വരെ ഒരു വൈകല്യത്തിനും നമ്മെ തോല്‍പ്പിക്കാനാവില്ല എന്ന്.

എന്തുകൊണ്ടാണ് താന്‍ കൈയും കാലുമില്ലാത്തവനായി ജനിച്ചത്? എന്ന കാലങ്ങളായി തന്നെ വേട്ടയാടുന്ന ചോദ്യം തുടര്‍ന്നുള്ള തൻ്റെ ജീവിതത്തില്‍ അപ്രസക്തമാണ് എന്ന് നിക്ക് തിരിച്ചറിഞ്ഞു. തന്നെക്കാള്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന ആളുകള്‍ ഉണ്ടെന്നും അവര്‍ക്കായി തനിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നും തിരിച്ചറിഞ്ഞ നിക്ക് തന്റെ ഭാവി ജീവിതത്തില്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ പരിവേഷം അണിയുകയായിരുന്നു. ഒരിക്കല്‍ നിക്കിനെ ബുദ്ധിമുട്ടിച്ച നിരാശയും ഏകാന്തതയും പുതിയ ജീവിത ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടികളായി മാറി.

ഒരു വ്യക്തിക്ക് പ്രചോദനം നല്കാന്‍ തനിക്ക് കഴിയണം എങ്കില്‍ തന്നില്‍ അത്രയും ഊര്‍ജ്ജവും അനുഭവസമ്പത്തും ഉണ്ടായിരിക്കണം എന്ന് നിക്ക് മനസിലാക്കി. സഹായിക്കാന്‍ സന്നദ്ധരായ ആളുകള്‍ക്കൊപ്പം നിക്ക് ഒരുപാട് യാത്രകള്‍ ചെയ്തു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. ഓരോ യാത്രയും നിക്കിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ പാഠങ്ങള്‍ ആയിരുന്നു. പുതുതായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന ഓരോ വ്യക്തിയില്‍ നിന്നും നിക്ക് ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഇമോഷനുകള്‍ മനുഷ്യനെ ഏതെല്ലാം വിധത്തില്‍ കീഴടക്കുന്നു എന്നും എങ്ങനെ അതിരുവിട്ട ചിന്തകള്‍ ഒരു വ്യക്തിയുടെ ജീവിതവിജയത്തെ ബാധിക്കുന്നു എന്നും നിക്ക് പഠിച്ചു.

തനിക്ക് ചുറ്റും താന്‍ കണ്ടുമുട്ടിയ ആളുകളില്‍ നിന്നും, വായിച്ച പുസ്തകങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട അറിവിന്റെ വെളിച്ചത്തില്‍ നിക്ക് മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുത്തു തുടങ്ങി. ആദ്യമൊന്നും നിക്കിന്റെ പ്രസംഗം കേള്‍ക്കാന്‍ അല്‍പം പോലും താല്‍പര്യം കാണിക്കാതെ ഇറങ്ങിപ്പോയവര്‍ ദിവസങ്ങള്‍ ചെല്ലുംതോറും സ്ഥിരം ശ്രോദ്ധാക്കളായി മാറി. പ്രാര്‍ത്ഥനക്ക് ശേഷം നിക്കിന്റെ മോട്ടിവേഷണല്‍ പ്രസംഗം എന്നത് പള്ളികളിലെ സ്ഥിരം രീതിയായി മാറി. ശ്രോദ്ധാക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിക്കിന് അവസരങ്ങളും വര്‍ധിച്ചു.

കോളേജുകളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നതിനായി ആളുകള്‍ എത്തി. ഇതോടൊപ്പം തന്റെ പഠനവും അദ്ദേഹം മുന്നോട്ട് കൊണ്ട് പോയി. അക്കൗണ്ടന്‍സിയിലും ഫിനാഷ്യല്‍ പ്ലാനിംഗിലും രണ്ട് ബിരുദങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയത്. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ പലപ്പോഴും പരാജയപ്പെടുന്നത് പഠനം പൂര്‍ത്തിയാക്കാനാവാതെ പിന്തിരിയുന്നിടത്താണ്. എന്നാല്‍ നിക്ക് പഠനം പൂര്‍ത്തിയാക്കുക എന്നത് ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്ന ഘടകമാണ് എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അക്കൗണ്ടിംഗില്‍ ബിരുദമുള്ള നിക്ക് ഇപ്പോള്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ജീവിതത്തിലെ പലവിധ വെല്ലുവിളികളും നേരിടാന്‍ പ്രാപ്തമാക്കും വിധമുള്ള മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കുന്നു.

കൗമാരത്തില്‍ ഒരു മോട്ടിവേഷനല്‍ പ്രാസംഗികനായി ജീവിതം തുടങ്ങിയ നിക്ക് ഏകദേശം 57 രാജ്യങ്ങളില്‍ യാത്ര ചെയ്തു. 400 ദശലക്ഷത്തോളം ആളുകളുമായി തന്റെ ജീവിത കഥ പങ്കു വെച്ചിട്ടുണ്ട്. ‘ലൈഫ് വിത്തൗട്ട് ലിമിറ്റ്‌സ്’, ‘അണ്‍ സ്റ്റോപ്പബിള്‍’, ‘ലിമിറ്റ്‌ലെസ്’, 'സ്റ്റാന്‍ഡ് സ്‌ട്രോംഗ് ആന്‍ഡ് ലൗവ് വിത്തൗട്ട് ലിമിറ്റ്‌സ്’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് നിക് വുജിസിക്. ഈ പുസ്തകങ്ങളിലത്രയും പ്രതിപാദിക്കുന്നത് ജീവിത വിജയത്തിന്റെ രസതന്ത്രങ്ങളാണ്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും നിക്ക് വികസിപ്പിച്ചെടുത്ത പരിജ്ഞാനത്തിന്റെ ഭാഗമാണ് അവയെല്ലാം.

നിക്ക് എഴുതിയ പുസ്തകങ്ങള്‍ മുപ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ദശലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ . ലക്ഷകണക്കിന് ആളുകളാണ് യൂട്യൂബില്‍ അദ്ദേഹത്തിന്റെ പ്രസംഗം കാണുന്നത്. ഇതിനെല്ലാം പുറമെ, ലോകത്തെ പ്രമുഖ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ട്രൈനിംഗ് പ്രോഗ്രാമിന്റെ പ്രധാനഭാഗം നിക്കിന്റെ മോട്ടിവേഷണല്‍ സ്പീച്ച് ആണ്. രണ്ടു കൈയും കാലുമില്ലാതെ വെള്ളത്തില്‍ നീന്തുന്ന നിക്ക് പ്രചോദനത്തിന്റെ ആള്‍ രൂപമാണ്. രണ്ടുകൈകളും കാലുകളും ഉള്ള ആളുകള്‍ക്ക് സാധിക്കാത്ത കാര്യങ്ങളാണ് നിക്ക് സാധിച്ചെടുത്തിരിക്കുന്നത്.


ടെക്സസ് സ്വദേശിയായ കാനേ മിയാഹരെയെ 2012ൽ നിക് ജീവിത പങ്കാളിയാക്കി. ഇരുവർക്കും 4 കുട്ടികളാണുള്ളത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ആരുടെയും സഹായം വേണ്ട. ഗോൾഫ് , നീന്തൽ, സർഫിങ്, സ്കൈ ഡൈവിങ് തുടങ്ങി ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കുന്നതെല്ലാം നിക് സ്വയം ചെയ്യുന്നു.

നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയുമ്പോൾ സ്വയം അത്ഭുതമായി മാറുക. നിക് വുജിസിക്കിന്റെ ആത്മകഥയായ ‘ലൈഫ് വിതൗട്ട് ലിമിറ്റ്സ്’ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടാണിത്. ഈ വാക്കുകൾ ഇന്നു ലോകത്തോടു പറയാൻ ഏറ്റവും അനു‌യോജ്യനായ വ്യക്തിയാണ് നിക്കോളാസ് ജയിംസ് വുജിസിക് എന്ന നിക് വുജിസിക്. കാരണം, ജീവിച്ചിരിക്കുന്ന ഒരു അത്ഭുതമാണ് ഇദ്ദേഹം.

നിക്കിൻ്റെ ജീവിതം നമ്മോട് പറയുന്നത് നിങ്ങൾക്ക് കഴിയില്ല എന്ന് നിങ്ങൾ കരുതുന്ന, നിങ്ങൾ ഉറച്ച് വിശ്വസിക്കുന്ന, ഒന്നില്ലേ? അതിനെ കീഴ്‌പ്പെടുത്തുക. ജീവിതം നിങ്ങളുടേതാക്കുക എന്നതാണ്. നമ്മെ പറ്റി നമ്മൾ തിരിച്ചറിയുമ്പോ ഉയരങ്ങൾ താണ്ടാനുള്ള വാതായനങ്ങൾ താനെ തുറക്കപ്പെടും. അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടും. നമ്മുടെ ജീവിതയാത്രകൾ അങ്ങിനെയാവട്ടെ.

(സി ജി ഇൻറർനാഷനൽ കരിയർ ആർ ആൻഡ് ഡി കോർഡിനേറ്ററാണ് ലേഖകൻ)


Keywords: Article, Education, Nick Vujicic, Motivation, Handicaped, Life, Speaker, We have great lessons to learn from Nick Vujicic.
< !- START disable copy paste -->

Post a Comment