രണ്ട്‌ മക്കളുടെ അമ്മയായ യുവതിക്ക്‌ കൊറോണ എന്ന പേരിട്ടത്‌ 34 കൊല്ലം മുമ്പ്‌; നാട്ടിലെങ്ങും കൊറോണ വ്യാപിക്കുമ്പോള്‍ ഈ കൊറോണ വൈറലാകുന്നു

കോട്ടയം: (www.kvartha.com 12.09.2020) നാട്ടിലെങ്ങും കൊറോണ വ്യാപിക്കുമ്പോള്‍ കോട്ടയം ചുങ്കത്ത്‌ കൊറോണ എന്ന പേരുള്ള വീട്ടമ്മ വൈറലാകുന്നു. രണ്ട്‌ മക്കളുടെ അമ്മയായ യുവതിക്ക്‌ 34 കൊല്ലം മുമ്പാണ്‌ മാതാപിതാക്കള്‍ ഈ വ്യത്യസ്‌തമായ പേരിട്ടത്‌. പേരിടാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ തന്നെ എന്ത്‌ വിളിക്കണമെന്ന്‌ മാതാപിതാക്കള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. അങ്ങനെ അന്നത്തെ വികാരി ജയിംസാണ്‌ കൊറോണ എന്ന്‌ പേരിട്ടത്‌. Corona എന്നായിരുന്നു പേരെങ്കിലും സര്‍വ്വീസ്‌ ബുക്കില്‍ എഴുതിയപ്പോള്‍ സ്‌പെല്ലിംഗ്‌ തെറ്റി Korona എന്നായെന്നും വീട്ടമ്മ പറഞ്ഞു. കിരീടം (crown) എന്നാണ്‌ പേരിന്‌ അര്‍ത്ഥമെന്നും വികാരി
മാതാപിതാക്കളോട്‌ പറഞ്ഞിരുന്നു.
ആലപ്പുഴയിലെ തുമുകുളത്തുള്ള ചൂളത്തെരുവ്‌ ഗ്രാമത്തിലെ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയില്‍ വെച്ചാണ്‌ പേരിട്ടത്‌. തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും കൊറോണ എന്ന പേരാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ലോകത്ത്‌ കൊറോണ വൈറസ്‌ വ്യാപിച്ചതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്നും ഈ കൊറോണ പറയുന്നു. പരിചയമില്ലാത്തവരോട്‌ പേര്‌ പറയുമ്പോള്‍ അവര്‍ക്ക്‌ അത്ഭുതമാണ്‌. കളിയാക്കുകയാണോന്ന്‌ ചിലര്‍ ചോദിക്കും. രക്തദാനം ചെയ്യുന്നയാളാണ്‌ കൊറോണ. അടുത്തിടെ മെഡിക്കല്‍ കോളജില്‍ രക്തം ദാനം ചെയ്യാന്‍ പോയപ്പോള്‍ ഫോമില്‍ പേരെഴുതേണ്ട കോളത്തില്‍ കൊറോണ എന്ന്‌ എഴുതിയത്‌ എന്തിനാണെന്ന്‌ അധികൃതര്‍ ചോദിച്ചു. അവര്‍ വിചാരിച്ചു എന്തോ തമാശ ഒപ്പിച്ചതാണെന്ന്‌. മറ്റൊരിക്കല്‍ അമ്മയേയും കൊണ്ട്‌ ആശുപത്രിയില്‍ പോയപ്പോഴും ഇതേ അനുഭവം ഉണ്ടായി. മക്കള്‍ മൂന്നിലും അഞ്ചിലുമാണ്‌ പഠിക്കുന്നത്‌.


ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലമാണല്ലോ, രജിസ്‌റ്റര്‍ ചെയ്യാന്‍ പോയ മക്കള്‍ അമ്മയുടെ പേരിന്റെ സ്ഥാനത്ത്‌ കൊറോണ എന്നെഴുതി. അവസാനം ടീച്ചര്‍ നേരിട്ട്‌ തന്നെ വിളിച്ച്‌ പേര്‌ ശരിയാണോ എന്ന്‌ ചോദിച്ചു. ചിലര്‍ തന്നെ കാണുമ്പോള്‍ ഗോ കൊറോണ, ഗോ കൊറോണ എന്ന്‌ വിളിച്ച്‌ കളിയാക്കുമെന്നും മക്കള്‍ വൈറസ്‌ അമ്മ എന്നും കൊറോണാമ്മ എന്നുമാണ്‌ വിളിക്കുന്നതെന്നും അതിലൊന്നും തനിക്ക്‌ പരാതിയില്ലെന്നും ഈ കൊറോണാമ്മ പറഞ്ഞു. യഥാര്‍ത്ഥ കൊറോണയെ ഭയക്കണമെന്നും ഈ പാവപ്പെട്ട കൊറോണയെ പേടിക്കേണ്ടെന്നും പറയുന്നു. കൊറോണയുടെ ഭര്‍ത്താവ്‌ തോമസ്‌ മത്സ്യബന്ധന തൊഴിലാളിയാണ്‌.

Keywords: S.Korona, a 34-year-old housewife from Kottayam becomes viral during COVID time, Corona, Korona, Homemaker, Kottayam, Viral, Blood donation, Online class, Voters ID, Aadhar, Alapuzha

Post a Comment

أحدث أقدم