ലഹരി ആരോപണം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല ക്രിക്കറ്റിലേക്കും; ഐ പി എല്ലിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടെന്ന് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര; എന്‍ സി ബിക്ക് തെളിവ് നല്‍കാന്‍ തയ്യാറെന്നും താരം

ന്യൂഡെല്‍ഹി: (www.kvartha.com 25.9.2020) സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ലഹരിമരുന്നു കേസിനിടെ സമാനമായ ആരോപണം ക്രിക്കറ്റിലേക്കും. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്‍ സി ബിക്ക് തെളിവ് നല്‍കാനും താന്‍ തയ്യാറെന്നും ഇവര്‍ പറയുന്നു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ നടി റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ തുടങ്ങി 16 പേരെയാണ് എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തത്. നര്‍കോട്ടിക്‌സ് ബ്യൂറോയ്ക്കു പുറമേ സിബിഐയും ഇഡിയും സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിനുശേഷം നടന്ന ആഘോഷ പാര്‍ട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണു താരത്തിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെര്‍ലിന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അതേസമയം, ഏത് സീസണിലെ മത്സരമാണെന്നും ആരൊക്കെയാണ് ലഹരി ഉപയോഗിച്ചതെന്നും വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് ഷെര്‍ലിന്‍ പറയുന്നത് ഇങ്ങനെ: ''കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാന്‍ ഒരിക്കല്‍ ഞാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാര്‍ട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാര്‍ട്ടിയില്‍ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമില്‍ പോയി.

അവിടെ ഞാന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. താരങ്ങളുടെ ഭാര്യമാര്‍ വാഷ്‌റൂം ഏരിയയില്‍നിന്ന് കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നു എന്നും ഷെര്‍ലിന്‍ വെളിപ്പെടുത്തി.

അവര്‍ എന്നെ നോക്കി ചിരിച്ചു, ഞാന്‍ തിരിച്ചും ചിരിച്ചു. രംഗം പന്തിയല്ലെന്ന് മനസ്സിലായ ഉടനെ ഞാന്‍ പുറത്തേക്കു പോയി. ഇത്തരം ലഹരിമരുന്നു പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടക്കാറുണ്ട്. പുരുഷന്‍മാരുടെ വാഷ്‌റൂമില്‍ പോയാലും ഇതൊക്കെ തന്നെയാണു നടക്കുന്നതെന്ന് ഉറപ്പാണ് ഷെര്‍ലിന്‍ അവകാശപ്പെട്ടു.

അതേസമയം, ക്രിക്കറ്റ് താരങ്ങളുടെയോ ഭാര്യമാരുടെയോ പേര് എടുത്തുപറയാന്‍ അവര്‍ തയാറായില്ല. എങ്കിലും അന്വേഷണം നടത്തിയാല്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെ (എന്‍സിബി) ഇക്കാര്യത്തില്‍ സഹായിക്കാന്‍ തയാറാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. എന്‍സിബി ചോദ്യം ചെയ്യാന്‍ എന്നെ വിളിക്കുകയാണെങ്കില്‍ സഹായിക്കാന്‍ തയാറാണ്. ബോളിവുഡിലെ മയക്കുമരുന്ന് സംഘത്തെ പുറത്തുകൊണ്ടുവരുന്നതിന് അവര്‍ നടത്തുന്ന ശ്രമങ്ങളില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

Keywords: Saw Cricketers’ Wives Taking Cocaine During IPL KKR Party, Reveals Sherlyn Chopra,News,New Delhi,Allegation,Cricket,Sports,Cinema,Actress,National.Post a Comment

Previous Post Next Post