സെഞ്ചുറി കൂട്ടുകെട്ടുമായി റായുഡു ഡൂപ്ലെസി സഖ്യം; ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം

അബുദാബി: (www.kvartha.com 19.09.2020) ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ അണിനിരന്ന ഐ പി എല്‍ 13ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സ് വാരിക്കൂട്ടി.

രണ്ട് ഓവറിനുള്ളില്‍ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്‌സണ്‍ (4) എന്നിവരെ നഷ്ടമായ ശേഷമാണ് ഫാഫ് ഡൂപ്ലെസിസിനെ കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ കൈവിട്ടു പോകുമായിരുന്ന മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജ (10), സാം കറന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി തന്റെ ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. 4.4 ഓവറില്‍ 46 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ ക്വിന്റണ്‍ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശര്‍മ 12 റണ്‍സും ക്വിന്റണ്‍ ഡിക്കോക്ക് 33 റണ്‍സും നേടി.

31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് പാണ്ഡ്യ (14), ക്രുനാന്‍ പാണ്ഡ്യ (3), പൊള്ളാര്‍ഡ് (18) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ പവലയിനിലേക്ക് മടങ്ങി.

ചെന്നൈയ്ക്കായി എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Keywords: Abudhabi, news, inauguration, Competition, Gulf, Top-Headlines, Rayudu Duplessis allies with Century partnership; Chennai wins opening match

Post a Comment

Previous Post Next Post