Follow KVARTHA on Google news Follow Us!
ad

ലൈഫ് മിഷന്‍ പദ്ധതി:സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രിസഭായോഗം; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വാദം

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണThiruvananthapuram,News,High Court of Kerala,CBI,Probe,Politics,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2020) വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് എ ജി സി പി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനും ധാരണയായിട്ടുണ്ട്.

സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഹര്‍ജി നല്‍കുക. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അഭിപ്രായം. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമില്ലാതെ സിബിഐയ്ക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ എഫ്‌ഐആര്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.



വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍ഐ) 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. മുഖ്യമന്ത്രി, തദ്ദേശമന്ത്രി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് അനില്‍ അക്കരയുടെ പരാതിയില്‍ പറയുന്നത്.

ഇവരില്‍നിന്ന് സിബിഐ വിവരങ്ങള്‍ തേടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ സിബിഐയ്ക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എഫ്സിആര്‍ഐ ചട്ടലംഘനമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സിബിഐ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ തിടുക്കപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ സിഇഒയെ ചോദ്യം ചെയ്യാനായി അടുത്തമാസം അഞ്ചിനു ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Keywords: Life Mission scam: Kerala govt to move HC against CBI probe, Thiruvananthapuram,News,High Court of Kerala,CBI,Probe,Politics,CPM,Kerala.

Post a Comment