Follow KVARTHA on Google news Follow Us!
ad

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം; കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവമോര്‍ച്ചയും ബി ജെ പിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകളില്‍ സംഘര്‍ഷം

എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്Thiruvananthapuram, News, Resignation, Protesters, Clash, Police, attack, Injured, Media, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 12.09.2020) എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പലയിടങ്ങളിലു പൊലീസ് തടഞ്ഞു. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കുമാണ് മാര്‍ച്ച് നടക്കുന്നത്. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്.

സെക്രട്ടറിയേറ്റ് അടക്കം പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം അരങ്ങേറി. സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെയും പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.


ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. താലൂക്ക് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇവിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തു തള്ളുമുണ്ടായി.

 ED will grill K T Jaleel again; opposition to intensify protests demanding his resignation,Thiruvananthapuram, News, Resignation, Protesters, Clash, Police, attack, Injured, Media, Trending, Kerala.


മലപ്പുറത്ത് വളാഞ്ചേരിയിലെ മന്ത്രി ജലീലിന്റെ വീടിന് ചുറ്റും വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയടക്കം ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘര്‍ഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

പത്തനംതിട്ട സിവില്‍ സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നത് തുടരുകയാണ്. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജലീല്‍ ചോദ്യംചെയ്യലിന് മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.

കോട്ടയത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാവിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കലക്ട്രേറ്റിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. മന്ത്രി ജലീലിനെ വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം നടന്നിരുന്നു.

എന്നാല്‍ വിഷയത്തില്‍ കെടി ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മലപ്പുറം വളാഞ്ചേരി കാവുപുറത്തെ വീട്ടിലാണ് അദ്ദേഹമുള്ളത്. കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവനെതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല- എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Keywords: ED will grill K T Jaleel again; opposition to intensify protests demanding his resignation,Thiruvananthapuram, News, Resignation, Protesters, Clash, Police, attack, Injured, Media, Trending, Kerala.

Post a Comment