Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ നിന്ന്‌ ഇനി വിസിറ്റ്‌ വിസ കിട്ടാന്‍ പുതിയ വ്യവസ്ഥകള്‍; പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ ഇനി വിസ കിട്ടില്ല

വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു #ദുബൈ #അറബിനാടുകള്‍ #ദേശീയം Dubai changes visit visa norms
ദുബൈ: (www.kvartha.com 14.09.2020) വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ്‌ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്‌സ്‌ (ജി.ഡിആര്‍.എഫ്‌.എ) വെബ്‌സൈറ്റില്‍ പറയുന്നു.



 ഇന്ത്യ ഉള്‍പ്പെടെയുള്ള ഏത്‌ രാജ്യത്ത്‌ നിന്നും ദുബൈയില്‍ വിസിറ്റിംഗ്‌ വിസയില്‍ വരുന്നയാള്‍ സ്വന്തം രാജ്യത്തേക്ക്‌ തിരിച്ചുപോകുമെന്ന്‌ ഉറപ്പ്‌ നല്‍കുന്ന കത്ത്‌ കൂടെ അപേക്ഷയ്‌ക്കൊപ്പം സ്‌കാന്‍ ചെയ്‌ത്‌ നല്‍കണം. സാധാരണ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തുമ്പോള്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്താണല്ലോ താമസിക്കുന്നത്‌. ആ വ്യക്തിയുടെ അഡ്രസ്‌ പ്രൂഫ്‌ കൊടുക്കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.

വിസിറ്റ്‌ വിസാക്കാര്‍ക്ക്‌ ഒരു ഗ്യാരന്റര്‍ വേണമെന്ന്‌ ദുബൈ അധികൃതര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ട്‌ പരിചയക്കാരന്റെ എമിറേറ്റ്‌സ്‌ ഐ.ഡിയുടെ ഒന്നാം പേജിന്റെ കോപ്പിയും വിസയില്‍ വരുന്നയാള്‍ എവിടെ താമസിക്കുന്നു എന്നതിന്റെ അഡ്രസും വേണം. അത്‌ കൂടാതെ ആറ്‌ മാസത്തെ ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌ വേണം. വരുന്നയാളുടെയോ ദുബൈയില്‍ പരിചയത്തിലുള്ള സുഹൃത്തിന്റെയോ, ബന്ധുവിന്റെയോ ബാങ്ക്‌ ഗ്യാരണ്ടി ആയാലും മതി. ട്രാവല്‍ ഏജന്‍സിവഴിയാണ്‌ വിസ എടുക്കുന്നതെങ്കിലും ഇതെല്ലാം വേണം. തിരിച്ച്‌ പോകാനുള്ള ടിക്കറ്റും നിര്‍ബന്ധമാണ്‌. മറ്റ്‌ പല രാജ്യങ്ങളിലും ഇത്‌ ഉണ്ടായിരുന്നു. ഇപ്പോ ദുബൈയും ഇത്‌ നടപ്പാക്കുകയാണെന്ന്‌ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

ജനറല്‍ ടൂറിസം വിസയില്‍ വരുന്നവര്‍ക്കും മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണ്‌. രണ്ടോ മൂന്നോ ദിവസത്തേക്ക്‌ കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവയ്‌ക്കായി വരുന്നവര്‍ വിസ അപേക്ഷയ്‌ക്കൊപ്പം ഇന്‍വിറ്റേഷന്‍ ലെറ്ററും നല്‍കണം. ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ കാണാന്‍ വരുന്നവര്‍ക്കും പുതിയ നിയമങ്ങളില്‍ ഇളവില്ല. അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ പുതിയ നിയമങ്ങള്‍ ജി.ഡി.ആര്‍.എഫ്‌.എ അയച്ചുകൊടുത്തു. ആളുകള്‍ അനധികൃതമായി ദുബൈയില്‍ തങ്ങാതിരിക്കാനാണ്‌ വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്‌. അതേസമയം വിസാ ഫീസില്‍ മാറ്റമില്ല. ദുബൈയിലേക്ക്‌ വരുന്നവര്‍ പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ കരുതണം എന്ന രീതി ഇപ്പോഴും തുടരുന്നു.

വിസിറ്റിംഗ്‌ വിസയില്‍ യു.എ.ഇയില്‍ എത്തിയ ശേഷം 10 കൊല്ലത്തോളം അനധികൃതമായി പല തൊഴിലും ചെയ്‌ത്‌ ജീവിച്ച ഇന്ത്യക്കാരനെ കഴിഞ്ഞയാഴ്‌ച, പിഴയില്‍ നിന്ന്‌ ഒഴിവാക്കി നാട്ടിലേക്ക്‌ അയച്ചിരുന്നു. ലോക്‌ഡൗണിനെ തുടര്‍ന്ന്‌ തൊഴില്‍ ഇല്ലാതാവുകയും കയ്യില്‍ വൃണം ബാധിച്ച്‌ ആശുപത്രിയില്‍ ആവുകയും ചെയ്‌തിരുന്നു. ഷാര്‍ജയിലെ ആശുപത്രി അധികൃതര്‍ ബില്‍ തുകയും വാങ്ങിയിരുന്നില്ല. ലോകംമുഴുവന്‍ കുടിയേറ്റം വലിയ പ്രശ്‌നമായി മാറുന്നത്‌ കൊണ്ടാണ്‌ ദുബൈ ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന്‌ ഈ മേഖലയിലുള്ള വിദഗ്‌ധര്‍ പറയുന്നു.

Keywords: Dubai changes  visit visa norms, Dubai, Visa norms, UAE, Tourism, conference, Exhibition, Bank guarantee, Friends, Relatives, Invitation

إرسال تعليق