ഐ പി എല്‍ വാതുവെപ്പ്; ബംഗളൂരുവിന് പിന്നാലെ കൊല്‍ക്കത്തയിലും 9പേര്‍ അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 25.09.2020) ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിന് പിന്നാലെ കൊല്‍ക്കത്തയിലും ഒമ്പത് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ആറു പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന സംഭവമുണ്ടായത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ യു എ ഇയിലാണ് ഐ പി എല്‍ നടക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ മത്സരങ്ങള്‍ തുടങ്ങിയിരുന്നു. ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നായി വ്യാഴാഴ്ച രാത്രിയാണ് ഒമ്പതു പേരെ കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് വിഭാഗം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം ഇരുപത്തഞ്ചിന് അടുത്ത് പ്രായമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.വാതുവെപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ടാബ് ലെറ്റും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ ഒത്തുകളി റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ബംഗളൂരുവില്‍ നിന്ന് ആറുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ആറു ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഐ പി എല്‍ 13-ാം സീസണിനിടെ ഓണ്‍ലൈനില്‍ അടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് ബംഗളൂരുവിലും കൊല്‍ക്കത്തയിലുമായി 15 പേര്‍ അറസ്റ്റിലാകുന്നത്.

Keywords: 9 arrested for IPL betting in Kolkata,Bangalore,IPL,News,Sports,Cricket,Arrested,Police,Kolkata,National.

Post a Comment

Previous Post Next Post