പാര്‍ലമെന്റ്‌ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനം 30 എം.പിമാര്‍ക്കും 50 ജീവനക്കാര്‍ക്കും കോവിഡ്‌ പോസിറ്റീവ്‌

ന്യൂഡല്‍ഹി: (www.kvartha.com 14.09.2020) വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പരിശോധനയില്‍ 30 എം.പിമാര്‍ക്കും 50ലധികം ജീവനക്കാര്‍ക്കും കോവിഡ്‌ പോസിറ്റീവായെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സഭ ചേരുന്നതിന്‌ മുന്നോടിയായി എം.പിമാര്‍ക്കും ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റ്‌ ജീവനക്കാര്‍ക്കും നിര്‍ബന്ധിത കോവിഡ്‌ പരിശോധന നടത്തിയിരുന്നു. പോസിറ്റീവായവരോട്‌ ക്വാറന്റയിനില്‍ പോകാനും പാര്‍ലമെന്റില്‍ വരരുതെന്നും നിര്‍ദ്ദേശിച്ചു.തിങ്കളാഴ്‌ചയാണ്‌ സഭ ചേര്‍ന്നത്‌. രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്‌ക്ക്‌ ശേഷവുമാണ്‌ ചേരുന്നത്‌. കോവിഡ്‌ മഹാമാരി ആരംഭിച്ച ശേഷം ചേരുന്ന സമ്മേളനത്തിന്‌ മുന്നോടിയായി സുരക്ഷാ ജീവനക്കാര്‍ക്ക്‌ പരിശോധന നടത്തിയിരുന്നു. നെഗറ്റീവ്‌ ആയവരെ മാത്രമാണ്‌ ജോലിയില്‍ പ്രവേശിപ്പിച്ചത്‌.
ഏതൊക്കെ സംസ്ഥാനത്ത്‌ നിന്നുള്ള എം.പിമാര്‍ക്കാണ്‌ പോസിറ്റീവായതെന്ന വിവരം ലഭ്യമല്ല. ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക്‌ ഉള്‍പ്പെടെ കോവിഡ്‌ പിടിപെട്ടിരുന്നു. പിന്നീട്‌ ഭേദമായി. പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായുള്ള പരിശോധനകള്‍ക്ക്‌ ഞായറാഴ്‌ച വീണ്ടും അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു.


മന്ത്രിമാര്‍ക്കും ജീവനക്കാര്‍ക്കും അടക്കം രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത്‌ പാര്‍ലമെന്റിലെ ക്യാന്റീന്‍ മാര്‍ച്ച്‌ അവസാനത്തോടെ അടച്ചിരുന്നു. അതിനാല്‍ തിങ്കളാഴ്‌ച മുതല്‍ ഓര്‍ഡര്‍ അനുസരിച്ചാണ്‌ ആഹരം നല്‍കുന്നത്‌. എം.പിമാരുടെ ക്യാന്റീന്‍ കര്‍ശന സുരക്ഷകളോടെ തിങ്കളാഴ്‌ച മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മാധ്യമപ്രവര്‍ത്തകരടക്കം ആയിരക്കണക്കിന്‌ പേരാണ്‌ ദിവസവും പാര്‍ലമെന്റില്‍ എത്തുന്നത്‌. അതിന്‌ പുറമേയാണ്‌ സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും. കോവിഡ്‌ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുകയാണ്‌ പാര്‍ലമെന്റ്‌ അധികൃതരും കേന്ദ്ര ആരോഗ്യമന്ത്രാലയവും. ചോദ്യോത്തര വേള ഉള്‍പ്പെടെ വെട്ടിക്കുറച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. ലോക്‌സഭയും രാജ്യസഭയും ഒരേ സമയം ചേരാത്തതും അതുകൊണ്ടാണ്‌.

Keywords: 30 MPs And more than 50 employees of parliament have Covid positive , Parliament, COVID-19, Monsoon session, Amit Shah, Canteen, Security, Quarantine, Lok sabha, Rajya Sabha, AIMS

Post a Comment

Previous Post Next Post