Follow KVARTHA on Google news Follow Us!
ad

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്ന് എന്‍.ഐ.എ കോടതി; മുഖ്യമന്ത്രി പിണറായി അന്വേഷണം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്, സ്വപ്‌നയ്്ക്ക് ജാമ്യമില്ല, യു.എ.പി.എ നിലനില്‍ക്കും

സ്വര്‍ണക്കടത്ത് കേസില്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എന്‍.ഐ.എ കോടതി #കേരളാവാര്‍ത്ത #പിണറായി #എന്‍.ഐ.എ There is no poli
 തിരുവനന്തപുരം: (www.kvartha.com 10.08.2020) സ്വര്‍ണക്കടത്ത് കേസില്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എന്‍.ഐ.എ കോടതി. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം ആവശ്യപ്പെട്ടത് അതുകൊണ്ടാണെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ജൂലായി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും കോടതി പറഞ്ഞു. 

NIA


കേസ് ഡയറിയും തെളിവുകളും പരിശോധിച്ചതില്‍ നിന്ന് സ്വപ്‌നയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി പറഞ്ഞു. യു.എ.പി.എ നിയമം പ്രതികള്‍ക്കെതിരെ നിലനില്‍ക്കും. കാര്‍ഗോ കസ്റ്റംസ് അധികൃതരില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിനും തെളിവുണ്ട്. സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ട്- കോടതി നിരീക്ഷിച്ചു.


നയതന്ത്രബാഗിലൂടെ നിരവധി തവണ സ്വര്‍ണം കടത്തിയതിന് കേസ് ഡയറിയില്‍ തെളിവുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതാണിതെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും കോടതി പറഞ്ഞു. യു.എ.പി.എ നിലനില്‍ക്കില്ലെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി. സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ പ്രതിക്കെതിരെ ചുമത്താനാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം മറ്റൊരു കേസില്‍ സ്വപ്‌ന നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മാറ്റിവെച്ചു. നയതന്ത്രബാഗിലൂടെ ജൂണ്‍ 30ന് 30 കിലോ സ്വര്‍ണം കടത്തിയത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷിക്കുന്ന കേസാണിത്.


സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നെന്നും സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയെ പരിചയമുണ്ടായിരുന്നെന്നും കഴിഞ്ഞയാഴ്ച എന്‍.ഐ.എ കോടതിയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് അതിന് തെളിവാണെന്നും എന്‍.ഐ.എ പ്രത്യേക കോടതി പറഞ്ഞത്. കോടതിയുടെ ഈ നിരീക്ഷണം രാഷ്്ട്രീയമായി വലിയ നേട്ടമാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇടത് മുന്നണിക്കും ലഭിച്ചിരിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന്റെ മുനയും ഇതോടെ ഒടിഞ്ഞിരിക്കുകയാണെന്ന് സി.പി.എമ്മിന് ചൂണ്ടിക്കാട്ടാം.


സ്വര്‍ണക്കടത്ത് കേസില്‍ രാജ്യത്ത് യു.എ.പി.എ ചുമത്തുന്ന ആദ്യത്തെ കേസാണിത്. കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന് അടക്കം പങ്കുണ്ടെന്ന് സ്വപ്‌ന എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. അദ്ദേഹത്തിനൊപ്പം താനും സരിതും ദുബൈയില്‍ പോയിട്ടുണ്ടെന്നും സ്വര്‍ണക്കടത്തിലൂടെ അദ്ദേഹത്തിന് നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ച് യൂറോപ്പില്‍ ബിസിനസ്സില്‍ മുതല്‍ മുടക്കിയെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്‍.ഐ.എ അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പോകും. ഇത് സംബന്ധിച്ച അനുമതികള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Keywords: There is no political interference in gold smuggling case: Special NIA court, CM Pinarayi Vijayan, NIA, KPCC President, Swapna Suresh, UAPA, UAE, CPM, BJP, Prime Minister, LDF

Post a Comment