Follow KVARTHA on Google news Follow Us!
ad

കാലവര്‍ഷം കലിതുള്ളി തുടങ്ങിയതോടെ സംസ്ഥാനത്ത് അപകടങ്ങള്‍ വ്യാപകമായി; മൂന്നാറില്‍ മണ്ണിടിഞ്ഞ് 16 പേര്‍ മരിച്ചു, പലയിടത്തും വെള്ളംകയറി, ഗതാഗതവും വൈദ്യുതിയും ഫോണും തടസ്സപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമായി

കാലവര്‍ഷം കലിതുള്ളി തുടങ്ങിയതോടെ സംസ്ഥാനത്ത് നിരവധി #കേരളാവാര്‍ത്തകള്‍ #കാലവര്‍ഷം #കൃഷിനാശം Monsoon hits damage in Kerala; electricity, transport an
തിരുവനന്തപുരം: (www.kvartha.com 07.08.2020) കാലവര്‍ഷം കലിതുള്ളി തുടങ്ങിയതോടെ സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ സംഭവിച്ചു. മൂന്നാറില്‍ മണ്ണിടിഞ്ഞ് 16 തോട്ടം തൊഴിലാളികള്‍ മരിച്ചു. കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്ന രാജമലയിലേക്ക് പോകുന്ന സ്ഥലത്തെ പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാരും അധികൃതരും ചേര്‍ന്ന് നന്നാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ അപകടത്തില്‍ പെട്ടവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. 
Rain
വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഇടുക്കിയില്‍ വെള്ളിയും ശനിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ നാശ നഷ്ടം സംഭവിച്ചിരിക്കുന്നത്. വീടുകള്‍ക്കും കൃഷിക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയിലെ ആനവിലാസം ശാസ്താംനട മേഖലയിലും ഉരുള്‍പൊട്ടി. ചെകുത്താന്‍ മലയുടെ വലിയഭാഗം ഇടിഞ്ഞു. നൂറ് ഏക്കറോളം കൃഷി നശിച്ചു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലും ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകളും പാലങ്ങളും തകര്‍ന്നു. കുടങ്ങിയ 26 പേരെ രക്ഷപെടുത്തി. ദേശീയപാതയിലുള്‍പ്പെടെ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. വയനാട് നരസിപ്പുഴ കരകവിഞ്ഞതോടെ പേരൂര്‍ അമ്പലക്കോളനിയിലെ 15 കുടുംബങ്ങളെയും നെയ്ക്കുപ്പ കോളനിയിലെ 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങളായ കടുങ്ങല്ലൂര്‍, ഏലൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. മീനച്ചിലാറ് കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കോട്ടയം പാലായില്‍ ചിലയിടങ്ങളില്‍ വെള്ളംകയറി. പൂഞ്ഞാറില്‍ ഉരുള്‍പൊട്ടിയതോടെ പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളംകയറി. പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം ശക്തമായതോടെ വെള്ളിയും ശനിയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ, മണിയാര്‍, കക്കാട്ടാര്‍ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. 2018 ലെ പ്രളയത്തില്‍ പമ്പയുടെ തീരത്ത് താമസിച്ചവര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

എറണാകുളം ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി ഡാമുകള്‍ തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നു. പെരിയാറില്‍ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ചാലക്കുടിപ്പുഴയിലും വെള്ളം ഉയര്‍ന്നു. ഇത് സംബന്ധിച്ച് ശാസ്ത്രീയമായ ഒരു മുന്നറിയിപ്പ് സംവിധാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് വി ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു.

അപകട മേഖലകളില്‍ നിന്നും ആളുകളെ മുന്‍കൂട്ടി ഒഴിപ്പിക്കാന്‍ ഇതു മൂലം കഴിയുന്നില്ല. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്‍റഗ്രേറ്റഡ് റിസര്‍വ്വോയര്‍ മാനേജ്‌മെന്റ് സിസ്റ്റവും റിയല്‍ മോണിറ്ററിംഗ് സംവിധാനവും വേണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. എത്ര മീറ്റര്‍ വെള്ളം പൊങ്ങുമെന്നും ഏതെല്ലാം പ്രദേശങ്ങളില്‍ വെള്ളം കയറുമെന്നും മുന്‍കൂട്ടി അറിയാന്‍ ഒരു സംവിധാനവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: Monsoon hits damage in Kerala; electricity, transport and communication disrupted, Rain, Monsoon, Kallarkutti, Ponmudi Dam, Pamba, Periyar, Aluva Siva temple, Orange alert, Wayanad.

Post a Comment