Follow KVARTHA on Google news Follow Us!
ad

പ്രണബ് മുഖർജിയുടെ വേർപാടിൽ രാജ്യത്തിന്റെ പ്രണാമം

പ്രണബ് മുഖർജിയുടെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രം Indian politics mourns the death of Pranab Mukherjee #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: (www.kvartha.com 31.08.2020) ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

നെഹ്‌റുവിയന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്‍പിന്‍മുറക്കാരനായിരുന്ന പ്രണബ് മുഖര്‍ജി സമൂഹത്തില്‍ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്‍ത്തുന്നതിനും അനാചാരങ്ങള്‍ക്കും  അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂര്‍ണ്ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്ന അദ്ദേഹം പല നിര്‍ണ്ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയസമീപനങ്ങള്‍ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപ്പെട്ടത് ശക്തികേന്ദ്രം: ഉമ്മന്‍ ചാണ്ടി

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത, പകരക്കാരനില്ലാത്ത നേതാവാണ് അദ്ദേഹം. അഞ്ചു പതിറ്റാണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും സംരക്ഷണം തീര്‍ത്ത പ്രണബ് മുഖര്‍ജിയുടെ വിടവാങ്ങല്‍ വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്.

പ്രണബ് ദാദാ എന്നാണ് പരിചയക്കാര്‍ വിളിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണചക്രത്തെയും ഒരു ദാദായെപ്പോലെ അദ്ദേഹം നയിച്ച കാലം ഉണ്ടായിരുന്നു. ഇന്ത്യയുടെ സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം നയിച്ചിട്ടുണ്ട്. അസാമാന്യ പാണ്ഡിത്യവും ഓര്‍മശക്തിയുമെല്ലാം ചേരുംപടി ചേര്‍ന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.

1970ല്‍ പാറ്റ്‌നയില്‍ നടന്ന എഐസിസി യോഗത്തില്‍ വച്ചാണ് താന്‍ ദാദായെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് വയലാര്‍ രവി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്കണം എന്നതായിരുന്നു ആവശ്യം. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷനായിരുന്നപ്പോള്‍ അവിടെ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കേരളത്തില്‍ കെഎസ്‌യു പോലെ ശക്തമാണ് ബംഗാളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഛത്രപരിഷത്ത്. അതേക്കുറിച്ച് അദ്ദേഹത്തോട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്.

2004ല്‍ എകെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് സോണിയാ ഗാന്ധി നിയോഗിച്ചത്. അവര്‍ ഇവിടെ വന്ന് എല്ലാ എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സോണിയ ഗാന്ധിയുടെ അനുമതിയോടെ തന്റെ പേരു പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരവധി തവണ കേന്ദ്രധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജിയെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അഗാധമായ അറിവ് ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ബംഗാളുകാരനായ അദ്ദേഹത്തിന് കേരളത്തോട് ഒരു പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരുന്നപ്പോഴാണ് കോട്ടയം സിഎംഎസ് കോളജിന്റെ 200-ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുത്തത്. താന്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഏറെ അഭിമാനം തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ വിദ്യാലയത്തിലായിരുന്നു എന്നു കേട്ട് രാഷ്ട്രപതി അമ്പരക്കുകയും ചെയ്തു.

സര്‍ക്കാരോ, പാര്‍ട്ടിയോ ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ നിയോഗിക്കുന്ന ഒരു തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ഇത്രയും വ്യക്തമായും ശക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചുരുക്കം പേരെയെ താന്‍ കണ്ടിട്ടുള്ളുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Indian politics mourns the death of Pranab Mukherjee

പ്രണബ് മുഖര്‍ജി- എന്നും വ്യക്തിത്വം മുറുകെ പിടിച്ച പ്രഗത്ഭന്‍ : ഇ ടി

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയാണെന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അതുല്യ പ്രതിഭാശാലിയായിരുന്ന അദ്ദേഹം എല്ലാ നിലയിലും ശോഭിച്ചു.

ഞാനദ്ദേഹത്തില്‍ കണ്ട പ്രത്യേകത ഏത് സീറ്റിലിക്കുമ്പോഴും അദ്ദേഹം കാണിച്ച വ്യക്തിത്വമാണ്. തന്റെ വ്യക്തമായ കാഴ്ചപ്പാട് എവിടെ ആയിരുന്നാലും മുറുകെ പിടിക്കണമെന്ന അദ്ദേഹത്തിന്റെ സൈദ്ധാന്തിക നിര്‍ബന്ധ ബുദ്ധിയെ പ്രകീര്‍ത്തിക്കാതെ വയ്യ. അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധാപൂര്‍വ്വം ഞങ്ങളൊക്കെ കേട്ടുനില്‍ക്കാറുണ്ട്. കാരണം പുസ്തകം നോക്കാതെ, നോട്ട് കുറിക്കാതെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളും ഓരോ സെക്ടറിലും ഈ നാട് കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും എല്ലാം കൃത്യമായി പറയാന്‍ കഴിയുന്ന വിശകലന ശേഷിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധിഷണാപരമായ പാണ്ഡിത്യവും അറിവും എന്നെ വളരെയധികം ആകര്‍ഷിച്ച കാര്യമാണ്.

അദ്ദേഹം ഏറ്റവും വലിയ സെക്യുലറിസ്റ്റ് ആയിരുന്നു അക്കാര്യത്തില്‍ അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അദ്ദേഹത്തിന് ലളിതമായൊരു സമീപനം ഇണ്ടായിരുന്നു. എല്ലാ കാര്യത്തിലും അദ്ദേഹം പുലര്‍ത്തിപോന്ന ലളിതസുന്ദരമായ സമീപനം നമുക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച സമയത്ത് അദ്ദേഹം ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പോകുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാകുമല്ലോ എന്നൊരു ദു:ഖം അദ്ദേഹത്തിന് ലഭിച്ചത് വളരെ വലിയ ബഹുമതിയാണെങ്കിലും ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടായിരുന്നു. ഏത് സ്ഥാനത്തേക്കും അദ്ദേഹം പ്രാപ്തനാണെന്നുള്ളതാണ് ഇത് തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു.



തന്ത്രശാലിയായ  നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്: മുല്ലപ്പള്ളി      

ധൈഷണിക പ്രാവീണ്യമുള്ള തന്ത്രശാലിയായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദശകങ്ങളോളം കോണ്‍ഗ്രസിന്റെ നയരൂപീകരണ കാര്യത്തില്‍ മുഖ്യപങ്കുവഹിച്ച പ്രഗത്ഭ നേതാവായിരുന്നു പ്രണബ് മുഖര്‍ജി. രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്ന ഏത് വാദമുഖത്തേയും ഖണ്ഡിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസനീയമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭരണരംഗത്തെ കുരുക്കുകള്‍ അഴിക്കാന്‍ അനിതരസാധാരണമായ വൈദഗ്ദ്ധ്യം അദ്ദേഹം കാണിച്ചിരുന്നു. ഒരേ സമയം ഒരു സൂപ്പര്‍ കംമ്പ്യൂട്ടറും സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയും ആയിരുന്നു പ്രണബ്.

പ്രണബ് മുഖര്‍ജിയുടെ കാര്യക്ഷമതയും പ്രവര്‍ത്തനമികവും തിരിച്ചറിഞ്ഞ ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി രാജ്യസഭാംഗം ആക്കിയത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം. ഇന്ദിരാഗാന്ധി വിമര്‍ശനങ്ങള്‍ നേരിട്ട കാലഘട്ടത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രണബ് മുഖര്‍ജിയും ലീഡര്‍ കെ കരുണാകരനും നിര്‍ണ്ണായക ഇടപെടലുകളാണ് നടത്തിയത്. ഏതു രാഷ്ട്രീയ സമസ്യയ്ക്കും അനായാസമായി ഉത്തരം കണ്ടെത്താന്‍ പ്രണബിന് സാധിച്ചിരുന്നു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം കോളേജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ചാട്ടുളിപോലുള്ള വാക്ക് ശരങ്ങള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം നിഷ്ഭ്രമമാക്കി. പ്രതിരോധം, വിദേശകാര്യം, വാണിജ്യകാര്യം, ധനകാര്യം തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം രാഷ്ട്രപതി പദവും അലങ്കരിച്ചു. രാജ്യസഭയുടെ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. യു പി എയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കാണ് പ്രണബിന്റേത്.

സാമ്പത്തിക ശാസ്ത്രജ്ഞന്‍ അല്ലാതിരുന്നിട്ടും ഒരു നല്ല ധനകാര്യമന്ത്രിയായി ശോഭിക്കാന്‍ അദ്ദേഹത്തിനായി. പ്രണബ് മുഖര്‍ജിയാണ് ഡോ. മന്‍മോഹന്‍ സിങിനെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി നിയമിച്ചത്. പ്രണബ് മുഖര്‍ജിയുമായി 1978 മുതല്‍ തനിക്ക് ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ആ സുഹൃദ് ബന്ധം അദ്ദേഹം മരിക്കുന്നത് വരെ കൊണ്ടുപോകാനും കഴിഞ്ഞു. കേന്ദ്രമന്ത്രിയായിരിക്കെ നിരവധി പ്രശ്‌നങ്ങളെ സംബന്ധിച്ച് അദ്ദേഹവുമായി ആശയവിനിമയം നടത്തിയത് ഞാന്‍ അനുസ്മരിക്കുന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന പല പ്രധാന സന്ദര്‍ഭങ്ങളിലും എന്നെയും കുടുംബത്തേയും അദ്ദേഹം ക്ഷണിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അഭിജിത്ത് മുഖര്‍ജി തന്റെ അടുത്ത സുഹൃത്തും രണ്ടുതവണ ലോക്‌സഭയില്‍ തന്നോടൊപ്പം അംഗവുമായിരുന്നു.

കേരളത്തെ ഏറെ ഇഷ്ടപ്പെട്ട നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വ്യക്തമായി അറിയാവുന്ന നേതാവായിരുന്നു പ്രണബ്. ലീഡര്‍ കെ കരുണാകരനുമായി അദ്ദേഹത്തിന് സുദൃഢമായ ബന്ധമുണ്ടായിരുന്നു. താന്‍ ഏറെ ബഹുമാനിച്ചിരുന്ന പ്രണാബ് മുഖര്‍ജിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

വിടപറഞ്ഞത് രാജ്യതന്ത്രജ്ഞൻ: കെ സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു. എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു മുഖർജി. 

പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയിൽ കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്ത് നിന്നും പ്രണബ് മുഖർജി വിടവാങ്ങിയപ്പോൾ നരേന്ദ്ര മോദി അദ്ദേഹത്തിനയച്ച കത്ത് ഏറെ ഹൃദയസ്പർശിയായിരുന്നു. അതുവരെ ഡൽഹിയിലും ദേശീയ രാഷ്ട്രീയത്തിലും അപരിചിതനായ തന്നോട് പുത്രവാത്സല്യത്തോടെയാണ് പ്രണബ്ദാ പെരുമാറിയതെന്ന് പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. 

അദ്ദേഹത്തിൻ്റെ മഹത്തായ ജനാധിപത്യബോധവും പാണ്ഡിത്യവും എല്ലാ വിഭാഗം ജനങ്ങളുടേയും പ്രീതിയും ആദരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. നാഗ്പൂർ സന്ദർശിച്ചിതിലും ഡോക്ടർജിയെ ഭാരതമാതാവിൻ്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ചതിലും പ്രണബ് കുമാർ മുഖർജിയുടെ വിശാലമായ ദേശീയ വീക്ഷണം പ്രകടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.


നഷ്ടപ്പെട്ടത് ലോകം ശ്രദ്ധിച്ച രാഷ്ട്രതന്ത്രജ്ഞനെ: ജോസ് കെ മാണി എം പി


കോട്ടയം: പ്രണബ് മുഖർജിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ലോകം ശ്രദ്ധിച്ച ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. കെ എം മാണി സാറുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. നെടുമ്പാശേരി വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നീണ്ടു കിടക്കുന്ന കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ കഴിഞ്ഞത് പ്രണബ് ദാ എന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന പ്രണബ് മുഖർജിയുടെ പിന്തുണയുടെ സഹായത്തോടെയാണ്. 

രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള നമ്മുടെ സംസ്ഥാനത്തോട് എന്നും അദ്ദേഹം സ്നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി ജോസ് കെ മാണി പറഞ്ഞു. ജനപ്രതിനിധികളായി എത്തുന്ന നവാഗതരെ സംബന്ധിച്ചടത്തോളം അദ്ദേഹം അധ്യാപകനും വഴികാട്ടിയുമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്ക് ഉണ്ടായിരുന്നതെന്ന് ജോസ് കെ മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരം:പ്രണബ് കുമാര്‍ മുഖര്‍ജിയുടെനിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അനുശോചിച്ചു. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് നേരിട്ട ഏത്വെല്ലുവിളിയും തരണം ചെയ്യാന്‍കഴിയുന്ന തരത്തിലുളള അതുല്യമായ നേതൃത്വം പാര്‍ട്ടിക്ക് നല്‍കിയ നേതാവായിരുന്നുഅദ്ദേഹമെന്ന്്് രമേശ് ചെന്നിത്തലതന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എഐ സി സി സമ്മേളനങ്ങല്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ അവതെയ്യാറാക്കാന്‍ ആദ്യം പറയുന്ന പേര് പ്രണബ് കുമാര്‍ മുഖര്‍ജിയുടേതായിരുന്നു. ഏത് കാര്യത്തിനും മറുപടി നല്‍കാന്‍ കഴിയുന്നഒരു എന്‍സൈക്ളോപ്പീഡിയ കൂടി ആയിരുന്നു അദ്ദേഹം.ആരെയും അത്ഭുതപ്പടുത്തുന്നഓര്‍മ്മ ശക്തിയായിരുന്നു അദ്ദേഹത്തിന്റേത്. ബംഗാള്‍ രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലുംപകരം വയ്കാനില്ലാത്ത സാന്നിധ്യമായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി.

രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കിആദരിച്ചഅറിവിന്റെയും, ചിന്തയുടയും
നയതന്ത്രജ്ഞതയുടെയും ആള്‍രൂപമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണംഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഇന്ത്യക്കുംകനത്ത നഷ്ടമാണെന്നുംരമേശ് ചെന്നിത്തലകൂട്ടിച്ചേര്‍ത്തു.

പ്രണബ് മുഖര്‍ജിയുടെ നിര്യാണം: സെപ്റ്റംബര്‍ ആറുവരെ ദുഃഖാചരണം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

മുന്‍ രാഷ്ട്രപതി  പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും.

സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളില്‍ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.




Keywords: New Delhi, India, Kerala, News, Pinarayi vijayan, Umman Chandi, Politics, Pranab Mukherji, Indian politics mourns the death of Pranab Mukherjee

Post a Comment