Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ വീണ്ടും തലമുറക്കൈമാറ്റ വിവാദം: ഒളിയമ്പ് കെ സുധാകരനു നേരെ

വാര്‍ധക്യം വന്നു പിടികൂടിയിട്ടും ഇപ്പോഴും ലായത്തില്‍ തന്നെ നില്‍ക്കുന്ന പടക്കുതിരകള്‍ക്കെതിരെയാണ് മുറുമുറുപ്പ് Generational controversy in Congress: Targets K Sudhakaran #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 09.08.2020) ദേശീയ തലത്തിലെന്നപ്പോലെ കണ്ണൂരിലെ കോണ്‍ഗ്രസിലും ക്ഷുഭിത യൗവനങ്ങള്‍ പണിതുടങ്ങുന്നു. വാര്‍ധക്യം വന്നു പിടികൂടിയിട്ടും ഇപ്പോഴും ലായത്തില്‍ തന്നെ നില്‍ക്കുന്ന പടക്കുതിരകള്‍ക്കെതിരെയാണ് മുറുമുറുപ്പ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന പരിപാടി നടക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. കണ്ണൂരിലെ വിശാല ഐ, എ, മൂന്നാംഗ്രൂപ്പു വിഭാഗങ്ങളിലെയും യാതൊരു ഗ്രൂപ്പുമില്ലാത്തവരുടെയും യോഗം ഈ വിഷയത്തില്‍ രണ്ടുതവണ നടന്നുകഴിഞ്ഞു.

പുതുതലമുറയ്ക്കു സീറ്റ് എന്ന പരിമിതമായ ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കാസര്‍കോടും കോഴിക്കോടുമുള്ള നേതാക്കളും ഇതിനെ പിന്‍തുണയ്ക്കുന്നുണ്ട്. ഫലത്തില്‍ വടക്കേ മലബാറില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു യൂത്ത് മൂവ്‌മെന്റ് തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ കാറ്റ് എങ്ങോട്ടാണെന്നറിയാന്‍ ഇനി കുറച്ചു കാലമേ വേണ്ടൂ. കണ്ണൂരില്‍ കെ സുധാകരന്‍ എം പിക്കെതിരെയാണ് ഇവരുടെ മുനവച്ച നീക്കം. ഇവിടെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് സുധാകരന്‍ നേതൃത്വം നല്‍കുന്ന ഐ വിഭാഗത്തിന്റെതാണ്. സതീശന്‍ പാച്ചേനി മറുകണ്ടം ചാടുകയും പി രാമകൃഷ്ണനും കെ പി നൂറുദ്ദീനും കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്തതോടെ കണ്ണൂരില്‍ സുധാകരന്‍ ഏക ഛത്രാപതിയായി മാറിയിരിക്കുകയാണ്. സീറ്റുവിഭജനത്തിലും സംഘടനാപരമായ കാര്യങ്ങളിലും സുധാകരന്‍ പറയുന്നത് മാത്രമേ നടക്കുകയുള്ളൂ. എന്നാല്‍ ഇക്കുറി ഇതു നടക്കില്ലെന്നാണ് പുതുതലമുറവാദക്കാരുടെ വാദം.



തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സുധാകരന് ഇഷ്ടമുളളവരെ മാത്രം മത്സരിപ്പിക്കുന്ന രീതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നു തലമുറക്കൈമാറ്റവാദികളിലൊരാളായ നേതാക്കളിലൊരാള്‍ പറഞ്ഞു. ഇതിനു സമാനമായ രീതി മാത്രമേ നിയമസഭാതെരഞ്ഞെടുപ്പിലുംപാടുളളൂ. ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി മാറിയില്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ നാശത്തിലേക്കു പോകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സുധാകരനെ മാത്രമല്ല എ ഗ്രൂപ്പിലെ പ്രമാണിയായ കെ സി ജോസഫിനെയും ഇവർ ഉന്നം വെക്കുന്നുണ്ട്. കാല്‍നൂറ്റാണ്ടിലേറെയായി ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ സി ജോസഫിനെ ഒരു കാരണവശാലും വീണ്ടും മത്സരിപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.


രണ്ടു ടേം പൂര്‍ത്തിയായ സണ്ണി ജോസഫ് മാറണമെന്നും ലീഗിനു കൊടുത്ത അഴീക്കോട് തിരിച്ചു വാങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ രഹസ്യ പിന്‍തുണ പുതിയ നീക്കത്തിനുണ്ടെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു മൂവ്മെന്റിനു നേതൃത്വം നല്‍കുന്നത് മധ്യവയസ്‌കരായ ഒരു കൂട്ടം നേതാക്കളാണെന്നതാണ് വിചിത്രം. എഴുപതു കഴിഞ്ഞ സുധാകരനെ പഴയപടക്കുതിരയെന്നു വിമര്‍ശിക്കുന്നവര്‍ ഭൂരിഭാഗവും അന്‍പതുകഴിഞ്ഞ മധ്യവയസ്‌കരാണ്. ഇവരുടെ കൂട്ടത്തിലും യുവാക്കൾ വളരെകുറച്ചു മാത്രമേയുള്ളൂവെന്നതാണ് വസ്തുത. എന്നാല്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളുടെ പിന്‍തുണ തങ്ങള്‍ക്കാണെന്നാണ് ഇവരുടെ അവകാശവാദം.



Keywords: Kerala,News, Kannur, Politics, K Sudhakaran, AICC, K C Venugopal, K C Joseph, Controversy, Generational controversy in Congress: Targets K Sudhakaran