പ്രസവിച്ച ഉടനെ കുഞ്ഞിനെ ഫ് ളാറ്റിന്റെ ആറാം നിലയില്‍നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; അവിവാഹിതയായ യുവതിക്കെതിരെ കേസെടുത്തു

മുംബൈ: (www.kvartha.com 11.08.2020) പ്രസവിച്ച ഉടനെ കുഞ്ഞിനെ ഫ് ളാറ്റിന്റെ ആറാം നിലയില്‍നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അവിവാഹിതയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.

മുംബൈ പാന്ത് നഗര്‍ ഗൗരീശങ്കര്‍ വാഡിയില്‍ താമസിക്കുന്ന 25 കാരിക്കെതിരെയാണ് പാന്ത് നഗര്‍ പൊലീസ് കേസെടുത്തത്. ഇവരുടെ ആരോഗ്യനില മോശമായതിനാല്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ഉടനെ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 


പ്രസവത്തിന് ശേഷം താന്‍ തന്നെയാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിവാഹിതയായ യുവതി ഗര്‍ഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫ് ളാറ്റിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അല്പനേരത്തേക്ക് യുവതി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പാല്‍ വിതരണക്കാരനാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. ഉടന്‍തന്നെ കുഞ്ഞിനെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ ഫ് ളാറ്റില്‍ ഗര്‍ഭിണിയായ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതില്‍ മറ്റു താമസക്കാര്‍ക്കും കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സംഘം താമസക്കാരെ മുഴുവന്‍ നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടെയാണ് ഉച്ചകഴിഞ്ഞ് അവശനിലയില്‍ 25-കാരി ഫ് ളാറ്റില്‍നിന്നു പുറത്തേക്കിറങ്ങിയത്. എന്തു പറ്റിയെന്ന് തിരക്കിയ വനിതാ പൊലീസിനോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനിതാ പൊലീസ് തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞെന്നും അതിനെത്തുടര്‍ന്നാണ് ആരോഗ്യനില മോശമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്. പൊലീസ് ചോദ്യംചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.

തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് നവജാത ശിശുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ജനനസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: 25-year-old woman throws newborn from 6th floor of building,Mumbai,News,Local News,Hospital,Treatment,Arrest,Flat,National.

Post a Comment

Previous Post Next Post