ദുബൈയില്‍ ഇന്ത്യക്കാരന് 24 കോടിയുടെ ബമ്പറടിച്ചു; സമ്മാനത്തുക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടി പങ്കുവയ്ക്കും

ദുബൈ: (www.kvartha.com 03.08.2020) ദുബൈയില്‍ ഇന്ത്യക്കാരന് 24 കോടിയുടെ ബമ്പര്‍ സമ്മാനം
അടിച്ചു. സമ്മാനത്തുക ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 11 പേര്‍ക്ക് പങ്കുവയ്ക്കുമെന്ന് ബംഗാള്‍ സ്വദേശിയായ ദീപാങ്കര്‍ ഡേ പറഞ്ഞു. ഒന്‍പത് വര്‍ഷമായി യു എ ഇയില്‍ ജോലി ചെയ്യുകയാണ് ഈ 37കാരന്‍. ഇത്രയും തുക ലഭിച്ചതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടി സമ്മാനം വീതിച്ച് നല്‍കുമ്പോള്‍ ഓരോരുത്തര്‍ക്കും രണ്ട് കോടിയിലധികം രൂപ ലഭിക്കുമെന്നും ദീപാങ്കര്‍ പറഞ്ഞു.

ദുബൈയിലെ ഒരു കമ്പനിയില്‍ നേത്രസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്ന തനിക്ക് മാസം 1,83,992 രൂപ ശമ്പളം ഉണ്ടെന്നും ഇത്രയും വലിയ തുക ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദീപാങ്കര്‍ പറഞ്ഞു. തനിക്ക് കിട്ടുന്ന പണത്തിന്റെ ഒരു പങ്ക് മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. അവള്‍ക്ക് മൂന്ന് വയസ്സേ ആയുള്ളു. സമ്പാദ്യത്തിനായും കാരുണ്യപ്രവര്‍ത്തികള്‍ക്കായും നല്ലൊരു വിഹിതം മാറ്റിവയ്ക്കും. മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മകളും നാട്ടിലേക്ക് പോയി. തിരിച്ചുവരാനാകാത്ത സാഹചര്യമാണുള്ളത്. അവരുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോവുകയാണ്. രണ്ട് പേരും ഉണ്ടായിരുന്നെങ്കില്‍ ഇത് ആഘോഷമാക്കിയേനെ- ദീപാങ്കര്‍ പറഞ്ഞു.

അബുദാബി ബമ്പര്‍ ടിക്കറ്റിന്റെ സമ്മാനമാണ് ഈ ഭാഗ്യവാനെ തേടിയെത്തിയത്. തിങ്കളാഴ്ചയായിരുന്നു നറുക്കെടുപ്പ്. ജൂലായ് 14നാണ് ഭാഗ്യനമ്പരായ 041486 ദീപാങ്കര്‍ വാങ്ങിയത്. അബു ദാബി ബമ്പറിന്റെ 218ാമത്തെ നറുക്കെടുപ്പായിരുന്നു. അടുത്തമാസത്തെ നറുക്കെടുപ്പിന്റെ പ്രചാരണം ആരംഭിച്ചു. 20 കോടി 47 ലക്ഷം രൂപയാണ് ഗ്രാന്റ് സമ്മാനം. സെപ്തംബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. പുതിയ ടിക്കറ്റ് എടുക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബമ്പര്‍ സമ്മാനം ഏര്‍പ്പെടുത്തിയ ടീമിനോടും അവരുടെ അധ്വാനത്തോടും നന്ദിയുണ്ടെന്നും ദീപാങ്കര്‍ പറഞ്ഞു.

Keywords: Indian optician in Dubai wins Dh12 million Big Ticket raffle, Indian optician, Dh 12 million, Bengali, Abu Dabi, Big Ticket raffle, Dubai, September, Deepagar, Daughter, Charity.

Post a Comment

Previous Post Next Post