Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്തിന്റെ അതിര്‍ത്തിയിലൂടെ പരിശോധന കൂടാതെ ആളുകള്‍ എത്തുന്നത് ഉറവിടമില്ലാത്ത കേസിന് കാരണമാകുന്നു

തലസ്ഥാന ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന #കേരളാവാര്‍ത്തകള്‍ #കൊവിഡ് #തമിഴ്‌നാട് People cross the border without any proper checking
തിരുവനന്തപുരം:(www.kvartha.com 06.07.2020) തലസ്ഥാന ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാടിന്റെ ഭാഗത്ത് കൂടി, അധികൃതരുടെ കണ്ണുവെട്ടിച്ച് ആളുകള്‍ വരുകയും പോവുകയും ചെയ്യുന്നത് ഉറവിടമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമാകുന്നെന്ന് ആരോഗ്യവകുപ്പിലെ ഉന്നതര്‍ പറയുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ വരെ കര്‍ശന പരിശോധന നടത്തിയിരുന്നു. അതിനിടെ അതിര്‍ത്തിയിലെ ഇടവഴികളിലൂടെ ധാരാളം പേര്‍ കേരളത്തിലേക്ക് വരുകയും ഇവിടെ നിന്ന് അവിടേക്ക് പോവുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് നെടുമങ്ങാട് സ്വദേശി മദ്യം വാങ്ങാന്‍ തമിഴ്‌നാട്ടില്‍ പോവുകയും അയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഊടുവഴികളിലൂടെ ആളുകള്‍ അതിര്‍ത്തി കടക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

Kaliyikkavila

പാറശാലയ്ക്ക് അടുത്തുള്ള ഊരമ്പ് മുതല്‍ വെള്ളറട വരെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലൂടെ പോകുന്ന റോഡുണ്ട്. റോഡിന് അപ്പുറം തമിഴ്‌നാടും ഇപ്പറും കേരളവുമാണ്. അതിനാല്‍ ഇവിടങ്ങളില്‍ കൃത്യമായ പരിശോധന നടത്താന്‍ സാധിക്കുകയില്ല. പരിശോധനയില്‍ ചില വീഴ്ചകള്‍ സംഭവിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് അതുകൊണ്ടാണ്. കന്യാകുമാരിയില്‍ പോയി മത്സ്യം വാങ്ങിക്കൊണ്ട് വന്ന് കച്ചവടം നടത്തിയ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷവും ധാരാളം പേര്‍ മത്സ്യം വാങ്ങാന്‍ അവിടേക്ക് പോയിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയും നടത്തിയിരുന്നു. സംസ്ഥാനത്ത് ട്രോളിംഗ് നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തിനായി തമിഴ്‌നാടിനെയാണ് കച്ചവടക്കാര്‍ ആശ്രയിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഉടമ ജീവനക്കാരെ ഇടവഴിയിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് രണ്ടാഴ്ച മുമ്പ് എത്തിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം ധരിപ്പിച്ചു. അങ്ങനെ വസ്ത്രശാല അടപ്പിക്കുകയും ജീവനക്കാരെ ക്വാറന്റയിനില്‍ വിടുകയും ചെയ്തു. നാഗര്‍കോവില്‍ അടക്കമുള്ള തമിഴ്‌നാട് പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ തലസ്ഥാന നഗരത്തില്‍ ജോലിക്ക് വരുന്നുണ്ട്. തലസ്ഥാനത്ത് നിന്ന് പലരും നാഗര്‍കോവിലിലും തക്കലയിലും മറ്റും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും കാര്‍ഷിക ഉല്‍പനങ്ങളും പൂവും മറ്റും വാങ്ങുന്നതിനും പോകുന്നുണ്ട്. ലോക്ഡൗണ്‍ ഇളവ് ലഭിച്ചതോടെ ഇനിയൊന്നും സംഭവിക്കില്ലെന്ന ധാരണയിലാണ് പലരും യാത്ര ചെയ്തത്. അങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കാന്‍ ഇടയാക്കിയത്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വെള്ളറട പഞ്ചായത്തിന് അടുത്തുള്ള ഒരു ചന്ത സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ചത് വലിയ വിവാദമായിരുന്നു. പൊലീസോ, മറ്റ് അധികൃതരോ ഇടപെടുമ്പോള്‍ ജനം വീട്ടിലേക്ക് പോവുകയും അതിന് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയുമാണ് പതിവെന്ന് ചില തദ്ദേശവാസികള്‍ പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കേരളവും തമിഴ്‌നാടും ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാന്‍ നിരവധി സമാന്തര വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍കാലത്ത് പണം വാങ്ങി ആംബുലന്‍സിലൂടെ ആളുകളെ കേരളത്തിലെത്തിച്ചിരുന്നു. പൊലീസ് പിടിച്ചതോടെയാണ് ഇത്തരം സര്‍വ്വീസുകള്‍ അവസാനിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന കാറുകളില്‍ ഉള്‍പ്പെടെ സ്വകാര്യവ്യക്തികളെ തമിഴ്‌നാട്ടിലേക്ക് കടത്തിയ സംഭവങ്ങളും ഉണ്ടായി. പൊലീസിനെ കണ്ട് നിര്‍ത്താതെ പോയതോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മലയിന്‍കീഴ് ക്വാറന്റയിനില്‍ കഴിഞ്ഞ ദമ്പതികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയാതെ തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തേക്ക് പോയതും വിവാദമായിരുന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അതിര്‍ത്തി കടന്നവിവരം മനസ്സിലായത്. പിന്നീട് ഇവരെ തിരികെ കൊണ്ടുവന്നിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നോക്കാതെ ഇത്തരത്തില്‍ സഞ്ചരിച്ചവരാണ് തലസ്ഥാന നഗരത്തെയും പരിസരപ്രദേശങ്ങളെയും ട്രിപ്പിള്‍ ലോക്ഡൗണില്‍ എത്തിച്ചത്.

Keywords: Border, Parasala, Vellarada, Ambulance, Lockdown, Bus service, Health workers, Regulations, Fishermen, Car, People cross the border without any proper checking.