Follow KVARTHA on Google news Follow Us!
ad

ജോസ് കെ. മാണിയാണ് താരം; എ.ഐ.സി.സി ഇടഞ്ഞു, കെ.പി.സി.സി വെട്ടിലായി

കേരള രാഷ്ട്രീയത്തില്‍ ജോസ് കെ.മാണിക്കിന്ന് Jose K Mani shining in Kerala politics. #കേരളവാര്‍ത്തകള്‍ #യു.ഡി.എഫ് # എല്‍.ഡി.എഫ്
തിരുവനന്തപുരം: (www.kvartha.com 04.07.2020) കേരള രാഷ്ട്രീയത്തില്‍ ജോസ് കെ. മാണിക്കിന്ന് പൊന്നുംവിലയാണ്. എല്ലാവര്‍ക്കും കെ. എം മാണിയുടെ മകന്‍ ജോസ് മോന്‍ എന്ന കുഞ്ഞുമാണിയെ വേണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുന്‍ധാരണപ്രകാരം രാജിവയ്ക്കാത്തതിനെ തുടര്‍ന്നാണ് യു.ഡി.എഫില്‍ നിന്ന് ജോസ്. കെ മാണിയേയും സംഘത്തേയും പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനമായിരുന്നു അത്. ഘടകക്ഷികളായ മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ളവര്‍ മനസ്സില്ലാ മനസ്സോടെ അത് അംഗീകരിക്കുകയും ചെയ്തു. എ.ഐ.സി.സി നേതൃത്വവുമായി ആലോചിക്കാതെ എടുത്ത നടപടിക്കെതിരെ വലിയവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ട് ജയിച്ച, രണ്ട് എം.പിമാരുള്ള ഒരു പാര്‍ട്ടിയെ പുറത്താക്കിയ നടപടി തിരുത്തണമെന്നാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Jose K Mani

തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയത്. സി.പി.എമ്മിന് തുടര്‍ഭരണം ലഭിക്കുമെന്ന ധാരണ പൊതുവെ പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉള്ളതിനാല്‍ എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ജോസ് കെ. മാണി ആ നീക്കം നേരത്തേ നടത്തി. ജോസഫ് ഉള്ളിടത്തോളം കാലം യു.ഡി.എഫ് സുരക്ഷിത താവളമല്ലെന്ന് ജോസ്‌മോന് നന്നായി അറിയാമെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. സി.പി.എമ്മുമായി മുമ്പ് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച് ജോസ് കെ.മാണി യു.ഡി.എഫില്‍ നിന്ന് പുറത്താക്കല്‍ ഏറ്റവാങ്ങിയത്. തനിക്ക് നീതിലഭിച്ചില്ലെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമവും ജോസ് കെ.മാണി നടത്തി. അത് ശരിവയ്ക്കുന്നതാണ് എ.ഐ.സി.സിയുടെ പുതിയ നിര്‍ദ്ദേശം.

ജോസ് കെ.മാണി നിലപാട് വ്യക്തമാക്കിയ ശേഷം ഞങ്ങള്‍ പ്രതികരിക്കാമെന്ന് കോടിയേരിയും യു.ഡി.എഫിലെ മൂന്നാമത്തെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന് കാനത്തെ ഉദ്ദരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും നയംവ്യക്തമാക്കി കഴിഞ്ഞു. ജോസ് കെ.മാണിയെ എടുക്കുന്നതോടെ ഇടത് മുന്നണിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സി.പി.ഐയ്ക്ക് പിന്നാലെ എന്‍.സി.പിയും ഇടഞ്ഞ് നില്‍ക്കുകയാണ്. തന്റെ സീറ്റ് പോകുമോ എന്ന ഭയത്തില്‍ പാലാ എം.എല്‍.എ മാണി സി.കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചുകഴിഞ്ഞു. അങ്ങനെ കേരളരാഷ്ട്രീയത്തില്‍ പലര്‍ക്കും തലവേദന സൃഷ്ടിക്കാനും ജോസ് കെ.മാണിക്ക് കഴിഞ്ഞു. മധ്യതിരുവിതാംകൂറില്‍ ജോസ് കെ.മാണി വിഭാഗം പ്രബല കക്ഷിയാണെന്ന് കോണ്‍ഗ്രസിനറിയാം പക്ഷെ, അവിടങ്ങളിലെ പ്രാദേശി നേതാക്കള്‍ക്ക് ജോസ് കെ.മാണിയുടെ പാര്‍ട്ടിക്കാരെ ഇഷ്ടമല്ല.

ഇടത് മുന്നണി വിപുലീകരിച്ച് തുടര്‍ഭരണം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടികാണുന്നതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെറ്റുപറ്റി. എന്നാല്‍ എന്ത് വിലകൊടുത്തും കേരളാ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ഏതാനുംദിവസം മുമ്പ് പ്രതികരിച്ചത് മറ്റ് ചില നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് അസന്നിഗ്ധമായി പറയാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാനോ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ തയ്യാറാകാത്തത് പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ആട്ടിപ്പായിച്ചിട്ട് ആലിംഗനത്തിന് മുതിരുന്ന അവസ്ഥയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമിപ്പോള്‍. ജോസ് കെ.മാണിയുടെ മനസ്സ് പക്ഷെ ഇടത് വശം ചേര്‍ന്നാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങളും സി.പി.എമ്മിന്റെ ഉത്സാഹവും വ്യക്തമാക്കുന്നു.


Keywords: Jose K. Mani, Cpm, Congress, Kerala Congress, AICC, Udf, LDF, Pinarayi, Kodiyeri, Ommen Chandy, Jose K Mani shining in Kerala politics.