Follow KVARTHA on Google news Follow Us!
ad

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും സ്വപ്‌നയ്‌ക്കെതിരെ നടപടിയെടുക്കാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു

എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ ജോലി ചെയ്യുമ്പോള്‍ വ്യാജരേഖ #കേരളവാര്‍ത്തകള്‍ #ക്രൈംബ്രാഞ്ച് #ആഭ്യന്തരവകുപ്പ്‌ Crime branch report against Swapna Suresh
തിരുവനന്തപുരം: (www.kvartha.com 08.07.2020) എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ ജോലി ചെയ്യുമ്പോള്‍ വ്യാജരേഖ ചമയ്ക്കുകയും കള്ളപരാതി നല്‍കുകയും ചെയ്ത കേസില്‍ ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നിട്ടും നടപടിയെടുക്കാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. അഞ്ച് മാസം പിന്നിട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുകയോ, പിരിച്ചുവിടുകയോ ചെയ്യാത്തത് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതകുറവുണ്ടായെന്ന ആക്ഷേപം സി.പി.ഐയ്ക്കും ഉണ്ട്.

Crime branch



കരാര്‍ ഏജന്‍സി വഴിയാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയതെങ്കിലും അവരെ സംരക്ഷിച്ചതിന് പിന്നില്‍ ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിന് പിന്നില്‍ കളിച്ചതും ശിവശങ്കരനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജേക്കബ് തോമസിനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോയപ്പോഴും ശ്രീറാമിനെ പെട്ടെന്ന് സര്‍വ്വീസില്‍ തിരികെ എടുത്തിരുന്നു. അവതാരങ്ങളെ തന്റെ ഓഫീസില്‍ അടുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയാകുന്നതിന് തൊട്ടുമുന്‍പ് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് പിന്നീട് കേരളം കണ്ടത്. ഉപദേഷ്ടാക്കളായി മുഖ്യമന്ത്രി നിയമിച്ച പലരും അവതാരങ്ങളായി മാറുകയായിരുന്നു. അതില്‍ പ്രധാനിയാണ് ശിവശങ്കറെന്ന് ചില ഇടത് നേതാക്കള്‍ തന്നെ അടക്കംപറയുന്നു.


മുഖ്യമന്ത്രി പങ്കെടുത്ത പ്രധാനപ്പെട്ട ചില പരിപാടികളില്‍ സ്വപ്‌നയും ശിവശങ്കറും പങ്കെടുത്തിട്ടുണ്ട്. സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുണ്ടെങ്കില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് നല്‍കാറുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പരിപാടിയിലും ഇഫ്താര്‍വിരുന്നിലും സ്വപ്‌ന പങ്കെടുത്തിരുന്നു. കോവളത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചകോടിയുടെ സംഘാടകരില്‍ പ്രധാനിയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന് സ്വപ്‌ന സുരേഷ് ഉപഹാരം നല്‍കുന്ന ചിത്രങ്ങള്‍ ഇന്ന് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ യു.എ.ഇ കോണ്‍സിലേറ്റുമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വപ്‌ന പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. അതിനാല്‍ ആരോ ഇവരെ സംരക്ഷിച്ചിരുന്നു എന്ന് വ്യക്തമാണ്. അത് ആരാണ് എന്നാണ് അറിയേണ്ടത്.


സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് റോളില്ലെങ്കിലും സ്വപ്‌നയുടെ നിയമനവും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇന്നല്ലെങ്കില്‍ നാളെ പ്രശ്‌നമായേക്കും. അതിനാല്‍ നിയമനം സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. വിഷയത്തില്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പറയാനൊരു കച്ചിത്തുരുമ്പും ആകും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങളുണ്ടാക്കി, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ പ്രതിപക്ഷം ആവുന്നത് ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഏഷ്യാനെറ്റ് സര്‍വ്വേയില്‍ മുഖ്യമന്ത്രിയുടെ കൊവിഡ് പ്രവര്‍ത്തന മികവിനും പ്രതിച്ഛായയ്ക്കും ജനംവലിയ അംഗീകാരം നല്‍കുന്നു എന്ന് പറഞ്ഞത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. അതിനാല്‍ സ്വപ്‌നാ സുരേഷ് മാത്രമാണ് ഇപ്പോഴവര്‍ക്ക് കിട്ടിയ ആയുധം. അതാകട്ടെ സര്‍ക്കാരിന് ദു:സ്വപ്‌നവുമാകുന്നു.


Keywords: Crime Branch, Swapna Suresh, Sivashankar IAS, AIrindia, Government, Newspaper, Contract, Official meeting, UAE Consulate, Opposition, CCourt,  Crime branch report against Swapna Suresh may be a setback for Government