Follow KVARTHA on Google news Follow Us!
ad

തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നു... ജോസ് കെ മാണി ആരുടെ മാണിക്യമാകും?

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറാത്തതിനെ തുടര്‍ന്ന് യു ഡി എഫില്‍ നിന്ന് പുറത്താക്കി Kerala, News, Politics, K.M.Mani, Jose K Mani, UDF, CPM, CPI, LDF, Election, BJP, Kottayam, Pathanamthitta, BJP and LDF stares at Jose K Mani for Local Elections. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.07.2020) കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറാത്തതിനെ തുടര്‍ന്ന് യു ഡി എഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തെ ആര് വലയിലാക്കും എന്നതാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസിനെയും കൂട്ടരെയും ഒപ്പം നിര്‍ത്തിയാല്‍ മധ്യതിരുവിതാംകൂറിലെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മുന്‍തൂക്കം നേടാനാകുമെന്ന് എല്‍ ഡി എഫും ബി ജെ പിയും കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിനും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫിനും ഏറെ സ്വാധീനമാണ് രണ്ട് ജില്ലകളിലും ഉള്ളത്. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നില്‍ക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സി പി എമ്മുമായി അടവ്നയത്തിന് ധാരണയുണ്ടാക്കിയേക്കുമെന്നും സൂചനയുണ്ട്.



പുറത്താക്കിയെങ്കിലും മുന്നണി കരാര്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും അത് നടപ്പാക്കിയ ശേഷം വീണ്ടും യു ഡി എഫില്‍ ജോസിനെയും സംഘത്തെയും കൊണ്ടുവരാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ജോസ് കെ മാണി വിഭാഗവുമായി സഹകരിക്കാന്‍ തീരെ താല്‍പര്യമില്ല. 

കോട്ടയമെന്നാല്‍ മാണി കോണ്‍ഗ്രസിന്റെ കോട്ട എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കെ എം മാണിയുടെ മരണത്തോടെ അത് പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ് ജില്ലയിലെ നേതാക്കള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിയെ തറപറ്റിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ആഞ്ഞ് പരിശ്രമിച്ചെങ്കിലും ബി ജെ പി നേതാക്കളുടെ സഹായം തേടി കെ എം മാണി നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു.

കെ എം മാണി ജീവിച്ചിരുന്ന കാലത്തേ കേരളാ കോണ്‍ഗ്രസിനെ എല്‍ ഡി എഫ് പാളയത്തിലെത്തിക്കാന്‍ സി പി എം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബാര്‍ക്കോഴ വിവാദത്തെ തുടര്‍ന്ന് എല്ലാം പാളിപ്പോവുകയായിരുന്നു. തൃശൂരില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ കെ എം മാണിയെ പ്രത്യേകം ക്ഷണിച്ചതോടെ സി പി ഐ ഇടഞ്ഞിരുന്നു. ഇപ്പോഴും അതില്‍ മാറ്റമില്ല. ഇതേ തുടര്‍ന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുനയിപ്പിക്കാന്‍ മുന്നണി കണ്‍വീനര്‍ എ വിജയരാഘവനും സി പി എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നീക്കം നടത്തിവരുകയാണ്. ജോസ് വിഭാഗത്തെ എല്‍ ഡി എഫില്‍ എത്തിച്ചാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് സി പി ഐയ്ക്ക് അറിയാം. അതുകൊണ്ടാണ് യു ഡി എഫില്‍ നിന്ന് പുറത്താക്കുന്നവരുടെ വെന്റിലേറ്ററല്ല എല്‍ ഡി എഫ് എന്ന് കാനം തുറന്നടിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗമ്യമായ നിലപാടാണ് ജോസ് കെ മാണി വിഭാഗത്തോട് സ്വീകരിച്ചിരിക്കുന്നത്.

ശബരിമല സമരത്തെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിച്ച ബി ജെ പി ജോസ് കെ മാണി വിഭാഗത്തെ എന്‍ ഡി എയില്‍ എത്തിക്കുന്നത് മൂന്ന് ലക്ഷ്യങ്ങളോടെയാണ്. ആദ്യത്തേത് തദ്ദേശ തെരഞ്ഞെടുപ്പാണെങ്കില്‍ രണ്ടാമത്തേത് രണ്ട് എം പിമാരെയാണ്. ജോസ് കെ മാണി രാജ്യസഭാ എം പിയും തോമസ് ചാഴിക്കാടന്‍ കോട്ടയം പാര്‍ലമെന്റ് അംഗവുമാണ്. രാജ്യസഭയിലെയും പാര്‍ലമെന്റിലെയും നിലപാടുകള്‍ക്ക് ഇവരുടെ വോട്ടിംഗ് ഉള്‍പ്പെടെ ബി ജെ പി സര്‍ക്കാരിന് സഹായകമാകും. ഇവരില്‍ ആരെയെങ്കിലും കേന്ദ്ര സഹമന്ത്രിയാക്കിയാല്‍ അതുവഴി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ഉറപ്പിക്കാനുമാകും.

Keywords: Kerala, News, Politics, K.M.Mani, Jose K Mani, UDF, CPM, CPI, LDF, Election, BJP, Kottayam, Pathanamthitta, BJP and LDF stares at Jose K Mani for Local Elections.