Follow KVARTHA on Google news Follow Us!
ad

കോവിഡ്-19: കേരളത്തിന് അമര്‍ത്യസെന്നിന്‍റെയും നോം ചോംസ്കിയുടെയും പ്രശംസ

കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala, #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 26.06.2020) കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമര്‍ശകനുമായ നോം ചോംസ്കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചോംസ്കി.


കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു എസ്സിന്‍റെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമില്‍ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓര്‍ക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം എന്നതാണ്. സൗത്ത് കൊറിയയും സമര്‍ത്ഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ഡൗണ്‍ പോലും വേണ്ടിവന്നില്ല.


തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാന്‍റ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാല്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. യൂറോപ്യന്‍ യൂണിയനെയെടുത്താല്‍ ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്.

അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായത്. അമേരിക്കയില്‍ ആശുപത്രികളെന്നാല്‍ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോള്‍ കരുതലായി കൂടുതല്‍ ബെഡ്ഡുകള്‍ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാന്‍ കച്ചവടക്കാര്‍ തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു ദുരന്തമാകും.

ജര്‍മനി നവ ഉദാരവത്ക്കരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവര്‍ അമേരിക്കയെ പോലെ തീവ്ര ഉദാരവത്ക്കരണത്തിലേക്കോ ലിബറല്‍ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് അവരുടെ നില അത്ര ഗുരുതരമായില്ല. ഈ മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി.

എന്നാല്‍, ജര്‍മന്‍ ഡോക്ടര്‍മാര്‍ അവരെ സഹായിക്കാന്‍ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യന്‍ യൂണിയനിലെ അംഗമാണ്. നമ്മളെന്താണ് കണ്ടത്? ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്.

ഇറ്റലിയില്‍ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയി. ഇതുകണ്ടപ്പോള്‍ നമ്മുടെ 'ലിബറല്‍ മാധ്യമങ്ങള്‍' എന്താണ് പറഞ്ഞത്? 'ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു.' ഇതാണ് നമ്മുടെ ലിബറല്‍ പ്രസ്സ്.
Kerala has the praise of Amartya Sen and Noam Chomsky, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala
ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയില്‍ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വര്‍ഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോള്‍ 0.1 ശതമാനം ആളുകള്‍ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്പെയിനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വന്നവരുടെ പിന്‍മുറക്കാരുമാണ് അമേരിക്കയില്‍ ഏറ്റവുമധികം ദുരിതം ഈ വേളയില്‍ അനുഭവിച്ചത്.

ഒരു തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാവപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ കൊല്ലുകയാണ്. കോവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്കി പറഞ്ഞു.

എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാല്‍ വലിയൊരു ശക്തിയാകും. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകും. പ്രോഗ്രസ്സീവ് ഇന്‍റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

അമര്‍ത്യസെന്‍

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യസെന്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ എല്ലാ വകയുമുണ്ട്.

എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗണ്‍ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു.

Kerala has the praise of Amartya Sen and Noam Chomsky, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.

അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു. ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവര്‍ക്ക് ജീവിക്കാന്‍ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇതൊരു ദുരന്തമായി മാറി.

1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടല്‍ ഉണ്ടായത്. അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓര്‍ക്കുന്നു. ദരിദ്രമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചിലവഴിക്കാന്‍ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം.

മാത്രമല്ല, കേരളത്തില്‍ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയര്‍ത്തി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. നിങ്ങള്‍ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ കേരളം രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചിലവ് ചെയ്യുന്ന സംസ്ഥാനമായി ഉയര്‍ന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വര്‍ദ്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍


കോവിഡ്-19 നമ്മുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനര്‍വിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുന്‍ഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം.

നമുക്കുള്ള പൊതുവായ ചില അറിവുകള്‍ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ അറിവുകള്‍ വേണ്ടിവന്നേക്കാം. ഇത് സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങള്‍ വേണ്ടതുണ്ട്. നമുക്കു മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാന്‍ കേരളം സന്നദ്ധമാകുന്നതിന്‍റെ തുടക്കമാണ് 'കേരളാ ഡയലോഗ്' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala has the praise of Amartya Sen and Noam Chomsky, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala

ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്‍റെ കരുത്ത്. അധികാരവികേന്ദ്രീകരണത്തില്‍ നാം ഏറെ മുന്നേറി. അതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്.

സാമൂഹികവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. പാര്‍ശ്വവല്‍കൃതരും ദരിദ്രരുമായ ജനങ്ങളെയാകെ ഇത് ബാധിക്കുന്നു. ജനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുതിയ കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവുന്നതാണ് ലോകപ്രശ്സതരായ പണ്ഡിതര്‍ പങ്കെടുക്കുന്ന കേരള ഡയലോഗെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സോമിനാഥനും സംവാദത്തില്‍ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ സാമുഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ആദ്യ എഡിഷന്‍ സംപ്രേഷണം ചെയ്തു.

സംവാദങ്ങളുടെ പൂര്‍ണരൂപം യുട്യൂബില്‍ ലഭ്യമാണ്. രണ്ടാംഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദ പരിപാടി നടക്കും.

Keywords: Kerala has the praise of Amartya Sen and Noam Chomsky, Thiruvananthapuram, News, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.