'ആ പതിനഞ്ച് മിനിറ്റ് അമ്മയ്ക്ക് ഒന്നര ദിവസമായി തോന്നിയിരിക്കണം'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വികാരഭരിതനായി നടന്‍ ബാല

കൊച്ചി: (www.kvartha.com 28.06.2020) താന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ബാല. ആരോഗ്യസ്ഥിതി മോശാവസ്ഥയിലുള്ള പിതാവ് ചെന്നൈയില്‍ കഴിയുമ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താനാവാതെ വിഷമിച്ചു കഴിയുകയാണ് താനെന്നും അതിനിടെയാണ് വിവാഹം സംബന്ധിച്ച വ്യാജവാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നും ഇത് ഏറെ വിഷമം ഉണ്ടാക്കിയെന്നും ബാല പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വികാരാധീനനായാണ് ബാല കാര്യങ്ങള്‍ വിവരിച്ചത്.

ബാല പറയുന്നു;

അച്ഛന്‍ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ ലോക്ക് ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

Actor Bala reacts to fake news about his new marriage, Kochi, News, Cine Actor, Cinema, Social Network, Controversy, Criticism, Kerala

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരികില്‍ വെക്കുന്നത്.

എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.

ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.

Keywords: Actor Bala reacts to fake news about his new marriage, Kochi, News, Cine Actor, Cinema, Social Network, Controversy, Criticism, Kerala.
Previous Post Next Post