കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ വിസ്‌കിയും ടച്ചിങ്‌സും, മനഃപൂർവമല്ലാത്ത തെറ്റാണെന്നും ചുമതലയുള്ള ജീവനക്കാരൻ മാപ്പു പറഞ്ഞെന്നും വിശദീകരണം, അമളി ശ്രദ്ധയിൽപ്പെട്ടതോടെ നീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ വിസ്‌കിയും ടച്ചിങ്‌സും, മനഃപൂർവമല്ലാത്ത തെറ്റാണെന്നും ചുമതലയുള്ള ജീവനക്കാരൻ മാപ്പു പറഞ്ഞെന്നും വിശദീകരണം, അമളി ശ്രദ്ധയിൽപ്പെട്ടതോടെ നീക്കി

ന്യൂഡെൽഹി: (www.kvartha.com 28.05.2020) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ വിസ്കിയുടെ ചിത്രം പോസ്റ്റ് ചെയ്ത സംഭവം മന്ത്രാലയത്തെയും കേന്ദ്രസർക്കാരിനെയും മാനക്കേടിലാക്കി. ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളിൽ നടത്തുന്ന ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച പോസ്റ്റിനും ചിത്രങ്ങൾക്കും ഒപ്പമാണ് രണ്ട് മദ്യക്കുപ്പികളുടെയും അണ്ടിപ്പരിപ്പിന്റെയും ഒപ്പം മദ്യം നിറച്ച ഗ്ലാസ്സിന്റെയും ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസത്തിനും വിമർശനങ്ങൾക്കും വഴിയൊരുക്കി. അമളി മനസിലായതോടെ ഇവ പിന്നീട് പിൻവലിച്ചു.


Whiskey bottles picture in Official FB Page

എൻ ഡി ആർ എഫ് (ദേശീയ ദുരന്തനിവാരണസേന) പശ്ചിമബംഗാളിലെ ദൽപൂർ, പഞ്ച്ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പമാണ് റോയൽ സ്റ്റാഗ് വിസ്കിയുടെ കുപ്പികളും മദ്യം നിറച്ച ഗ്ലാസും അണ്ടിപ്പരിപ്പും നിരത്തിവെച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. പ്രസ് ഇൻഫർമേഷൻ ബ്യുറോ (പി ഐ ബി), എൻ ഡി ആർ എഫ്, ബംഗാൾ ദൂരദർശൻ എന്നിവയുടെ ഔദ്യോഗികപേജുമായും ഫെയ്‌സ്‌ബുക്ക്‌ പേജുമായും ചിത്രങ്ങൾ ടാഗും ചെയ്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ നിറഞ്ഞു. മാത്രമല്ല, ചില ഉന്നത ഉദ്യോഗസ്ഥർ കടുത്ത വിമർശനവുമായി രംഗത്തുവരികയും ചെയ്തു.

whiskey bottles in Home Minisstry Official FB Page

തെറ്റ് തിരിച്ചറിഞ്ഞതോടെ ഏകദേശം 15 മിനിറ്റിന് ശേഷമാണ് ചിത്രം നീക്കിയത്. ചിത്രം നീക്കിയതിനു തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായും രംഗത്തുവന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച മനഃപൂർവമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച ആശയക്കുഴപ്പം കാരണമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം അറിയിച്ചു.

Summary: Whisky surprise on MHA page was a 'mix-up', person behind goof-up apologises