സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍; ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ പുറത്തിറക്കി

തിരുവനന്തപുരം: (www.kvartha.com 31.05.2020) സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ പുറത്തിറക്കി. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഒരു സമയം ഒരു ക്ലാസുകാര്‍ക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. പ്ലസ് ടു വിഭാഗം കുട്ടികള്‍ക്കുള്ള ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്.

ആദ്യ ആഴ്ച ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം; 10,12 ക്ലാസുകാര്‍ക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവര്‍ക്കു ശനി, ഞായര്‍ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. ഡിടിഎച്ച് വഴിയും ചാനല്‍ ലഭ്യമാക്കുമെന്നാണ് വിവരം. ഇതിനു പുറമേ വിക്ടേഴ്‌സിന്റെ ഫെയ്‌സ്ബുക് പേജിലും യൂട്യൂബ് ചാനല്‍ വഴിയും വെബ്‌സൈറ്റ് വഴിയും സംപ്രേഷണത്തിനു ശേഷവും ക്ലാസുകള്‍ ലഭ്യമാക്കും.

Virtual classes for Kerala school students from tomorrow, Thiruvananthapuram, News, Students, Teachers, School, Kerala, Education

വീട്ടില്‍ ടിവിയോ സ്മാര്‍ട്ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്തു കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‌ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

തിങ്കളാഴ്ചത്തെ ടൈംടേബിള്‍

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.

ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസ്: 1ന് മലയാളം.

നാലാം ക്ലാസ്: 1.30ന് ഇംഗ്ലീഷ്.

അഞ്ച്, ആറ്, ഏഴ് ക്ലാസ്: മലയാളം - ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3

എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.

ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ് വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക.

വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642-ാം നമ്പറില്‍ ചാനല്‍ ലഭിക്കും. ഇതിനു പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്‌സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictser ല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേര്‍ന്ന് സൗകര്യം ഒരുക്കണം.

കോളജുകളിലും പഠനം ഓണ്‍ലൈനില്‍. ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ 1.30 വരെ. കോളജുകള്‍ തിരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലായിരിക്കും ക്ലാസ്. ക്ലാസില്‍ ഹാജരാകുന്നവരുടെ ഹാജര്‍ രേഖപ്പെടുത്തും. കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍ കോളജില്‍ ഹാജരാകണം. മറ്റുള്ളവര്‍ വീട്ടിലിരുന്ന് ക്ലാസെടുക്കണം. ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

Keywords: Virtual classes for Kerala school students from tomorrow, Thiruvananthapuram, News, Students, Teachers, School, Kerala, Education.
Previous Post Next Post