ഭാര്യയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പൊട്ടിക്കരഞ്ഞ് വിജയകുമാര്‍; ''എന്താ എന്നെ വിട്ട് പോയതെടീ, എണീക്ക്, കണ്ണുതുറക്ക്...''; കവിളില്‍ തലോടിയും നെറ്റിയില്‍ ഉമ്മ വെച്ചും ആവര്‍ത്തിച്ചുള്ള ചോദ്യം; കണ്ടു നിന്നവരുടെ കരളലിയിക്കുന്ന രംഗം

പാലക്കാട്: (www.kvartha.com 17.05.2020) ഭാര്യയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പൊട്ടിക്കരഞ്ഞ് വിജയകുമാര്‍. ''എന്താ എന്നെ വിട്ട് പോയതെടീ, എണീക്ക്, കണ്ണുതുറക്ക്...'', കവിളില്‍ തലോടിയും നെറ്റിയില്‍ ഉമ്മ വെച്ചും ആവര്‍ത്തിച്ചുള്ള ചോദ്യം. കണ്ടു നിന്നവരുടെ കരളലിഞ്ഞുപോയി.

സ്‌നേഹനിധിയായ ഭാര്യയുടെ ചേതനയറ്റ ശരീരത്തിനുമുമ്പില്‍ സങ്കടങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഫ്രീസറിന്റെ തണുപ്പില്‍ ഗീത ഒന്നുമറിയാതെ കിടന്നു. വിജയകുമാര്‍ തലയില്‍ കൈവെച്ച് പിന്നെയും വാവിട്ടുകരയുന്നതിനിടെ, ബന്ധുക്കളുടെ കൂട്ടകരച്ചില്‍ കൂടിയായതോടെ പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മാശനത്തിന്റെ മുറ്റം വിലാപക്കളമായി.

Kerala man gets to fly home for wife's funeral, Palakkad, Local-News, News, Trending, Dead, Dead Body, Ambulance, Kerala

മേയ് ഒമ്പതിനാണ് പ്രവാസിയായ കൊല്ലേങ്കാട് ആനമാറി വടുകമ്പാടത്തെ വിജയകുമാറിന്റെ ഭാര്യ ഗീത (46) ഹൃദയാഘാതംമൂലം മരിച്ചത്. ദമ്പതികള്‍ക്ക് മക്കളില്ല. അകാലത്തില്‍ വിടപറഞ്ഞ പ്രിയതമയുടെ മുഖം ഒരു നോക്കുകാണാന്‍ വിമാന ടിക്കറ്റ് കിട്ടാതെ ദുബൈയില്‍ കുടുങ്ങിയ വിജയകുമാറിന്റെ വേദന നാടിനെയൊന്നടങ്കം നൊമ്പരപ്പെടുത്തിയിരുന്നു. ടിക്കറ്റിനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ലായിരുന്നു. സംസ്‌കാരം, താന്‍ വന്നശേഷം മതിയെന്ന വിജയകുമാറിന്റെ വാക്കുകള്‍ കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുകളും കേട്ടത്.

കോവിഡ് പരിശോധന നെഗറ്റീവ് ആയിട്ടും വിജയകുമാര്‍ നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസിന്റെ പ്രത്യേക അനുമതിയോടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. വിജയകുമാറിനെ എങ്ങിനെയും നാട്ടിലെത്തിക്കാന്‍ വഴിയുണ്ടാക്കണമെന്ന ആവശ്യം നാനാദിക്കുകളില്‍നിന്നും ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ കരഞ്ഞു കണ്ണുകലങ്ങിയ ചിത്രം ഒടുവില്‍ അധികൃതരുടെ കണ്ണുതുറപ്പിച്ചു.

16ന് ദുബൈയില്‍നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ വിജയകുമാര്‍ രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിലെത്തിയത്. വിദേശത്തുനിന്നും വന്നതിനാല്‍ ക്വാറന്റീനിലായ വിജയകുമാര്‍, ഞായറാഴ്ച രാവിലെ സുരക്ഷാ വസ്ത്രമണിഞ്ഞ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം 108 ആംബുലന്‍സിലാണ് വൈദ്യുതി ശ്മശാനത്തിലെത്തിയത്. അല്‍പം കഴിഞ്ഞ് ഗീതയുടെ മൃതദേഹവുമായി മറ്റൊരു ആംബുലന്‍സ് എത്തി.

വിജയകുമാറിനും അടുത്ത ബന്ധുക്കള്‍ക്കും കാണാനായി മൃതദേഹം കുറച്ചുനേരം ശ്മശാന കവാടത്തില്‍ കിടത്തി. ബന്ധുക്കള്‍ കണ്ടശേഷമാണ് വിജയകുമാറിനെ ഇറക്കികൊണ്ടുവന്നത്. പ്രിയതമയുടെ മുഖം കാണണമെന്ന ആഗ്രഹം സഫലമായപ്പോഴും അകാലത്തിലുള്ള ഗീതയുടെ വേര്‍പാട് വിജയകുമാറിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

മക്കളില്ലാത്തതിന്റെ വേദനക്കിടയിലും ആശ്വാസവും സ്‌നേഹവും പകര്‍ന്നുനല്‍കിയ നിറപുഞ്ചിരിയാണ് പെട്ടെന്ന് മാഞ്ഞുപോയിരിക്കുന്നത്. സുഖ, ദു:ഖങ്ങളില്‍ രണ്ട് പതിറ്റാണ്ടോളം ഒപ്പം നിന്നവള്‍ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു. ഈ സത്യം വിജയകുമാര്‍ തിരിച്ചറിയുമ്പോഴും സങ്കടങ്ങള്‍ വിങ്ങലുകളായി പുറത്തുവരുന്നു. ഇനി ജീവിതയാത്രയില്‍ വിജയകുമാറിന് താങ്ങായി പ്രായമായ അമ്മ മാധവി മാത്രം.

Keywords: Kerala man gets to fly home for wife's funeral, Palakkad, Local-News, News, Trending, Dead, Dead Body, Ambulance, Kerala.
Previous Post Next Post