Follow KVARTHA on Google news Follow Us!
ad

ഉണര്‍വ്വായി ഉണ്ണിത്താന്റെ വിളി; വേഗംകൂട്ടി നടക്കും നാട്ടുകാര്‍!

കൊറോണയേക്കാള്‍ മാരകമായ സൈബര്‍ വൈറസ് ആക്രമണങ്ങള്‍ അതിജീവിച്ച് ഖത്തറില്‍ നിന്നെത്തി പാറക്കടവിലെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ Kerala, Article, Trending, COVID19, Congress, Article about KK Usman by Soopy Vanimel
സൂപ്പി വാണിമേല്‍

(www.kvartha.com 17.05.2020) കൊറോണയേക്കാള്‍ മാരകമായ സൈബര്‍ വൈറസ് ആക്രമണങ്ങള്‍ അതിജീവിച്ച് ഖത്തറില്‍ നിന്നെത്തി പാറക്കടവിലെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് ഗ്ലോബല്‍ ഒ.ഐ.സി.സി വൈസ് പ്രസിഡണ്ട് കെ.കെ.ഉസ്മാന്‍. കൊവിഡ്കാലം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന് നേര്‍ക്കാഴ്ചകള്‍. വീടിന് മുന്നിലെ റോഡിലൂടെ പോവുന്നവര്‍ അങ്ങോട്ട് നോക്കാന്‍ പോലും അറച്ച് നടത്തത്തിന് വേഗം കൂട്ടുന്നു. മുഖാവരണങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്തവിധം അവര്‍ അദ്ദേഹത്തിന് ചിരകാലം അറിയുന്നവര്‍. ഇത് വര്‍ത്തമാന കാലം നാടണഞ്ഞ ഓരോ പ്രവാസിയുടേയും നോവാണെന്ന് തനിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ച പ്രവാസിയുടെ പച്ചയായ വോയ്‌സ് മെസ്സേജ് പരാമര്‍ശിച്ച് ഉസ്മാന്‍ പറഞ്ഞു.

പ്രിയപ്പെട്ടവനുവേണ്ടി ചുട്ടെടുത്ത നാദാപുരം-കുറ്റ്യാടി മേഖലയിലെ സവിശേഷ വിഭവമായ ഓട്ടുപത്തിലും ഇറച്ചിക്കറിയും മേശപ്പുറത്ത് വെച്ച് മറയുന്ന സീനത്തിനെക്കുറിച്ച് പരാമര്‍ശമുണ്ട് ശബ്ദസന്ദേശത്തില്‍. ഒരേ വീട്ടില്‍ രണ്ട് ലോകം തീര്‍ക്കുകയാണ് കൊവിഡ് മതില്‍. 'പ്രവാസി സുഹൃത്തുക്കള്‍ ഓര്‍ക്കുക, സ്വാഭാവിക ചുമ ലാഘവത്തോടെ, തുമ്മല്‍ ആസ്വദനത്തോടെയാവില്ല നാട്ടില്‍ നിങ്ങള്‍ക്ക്. അത് ആളുകളെ പേടിപ്പിക്കും. അടുപ്പമുള്ളവര്‍ പോലും അകന്ന് മാറും. ബോധപൂര്‍വ്വമല്ല, കൊവിഡ് പോസിറ്റീവ് ആശങ്ക സൃഷ്ടിക്കുന്ന നെഗറ്റീവ്'-ഉസ്മാന്‍ പറയുന്നു.

പ്രകൃതി കൂടുതല്‍ മനോഹരിയാണ്. വാഹനങ്ങളുടെ പുകയടങ്ങിയ അന്തരീക്ഷത്തിലൂടെ പുഴ തഴുകിയെത്തുന്ന ഇളം കാറ്റ് വീടിന്റെ അകത്തളങ്ങള്‍ എയര്‍കണ്ടീഷന്‍ ചെയ്യുന്നു. പ്ലാവില്‍ തൂങ്ങി നില്‍ക്കുന്ന ചക്കകളുടെ വലുപ്പം വിസ്മയത്തോടെ കാണുകയാണ് ഉസ്മാന്‍.പ്ലാവിലും മാവിലും കുടുകൂട്ടാന്‍ വരിവരിയായി പായുന്ന ചോണേന്‍ ഉറുമ്പുകള്‍ക്കെന്ത് കൊറോണ! അണ്ണാനും കാക്കയും ചെറുപക്ഷികളും പതിവ് ഉത്സാഹത്തിലാണ്.തെങ്ങോലകളുടെ മര്‍മ്മരം എത്രഹൃദ്യം.

പ്രകൃതിയുടെ പ്രണയ വലയത്തിനിടയിലും മനസ്സിന്റെ കോണില്‍ ഉമിത്തീയായി ട്രോളുകള്‍ പുകയാതിരിക്കുന്നില്ല.അത്ര ക്രൂരമായിരുന്നു ഖത്തറില്‍ കൊവിഡ് ദുരിത മുഖത്ത് സേവന സന്നദ്ധനായിരിക്കെ തനിക്കെതിരെ സൈബര്‍ സഖാക്കള്‍ തൊടുത്ത മാമുക്കോയ ട്രോളുകള്‍.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകളുടെ നേതാക്കളെ വിളിക്കുന്ന വീഡിയോ ക്ലിപ്പിംഗ്  പുറത്തു വിട്ടതോടെയായിരുന്നു തുടക്കം.പിന്നീട് ഉസ്മാന്‍ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു.മായ കഥാപാത്രമായ ഉസ്മാന്‍ സൈബര്‍ പോസ്റ്ററുകളില്‍ ദുബായ് പ്രവാസിയുമായി.
കോഴിക്കോട്‌ ജില്ലയില്‍ നാദാപുരം-തലശ്ശേരി റോഡില്‍ പേരോട് കവലയില്‍ നിന്ന് വലത്തോട്ട് തിരിയുന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ പാറക്കടവിലെത്താം.

ഈ ഗ്രാമത്തിന് തന്റെ തൂലിക നാമത്തിലൂടെ ലോകോത്തര കീര്‍ത്തി നല്‍കിയ കുറുങ്കഥകളുടെ സുല്‍ത്താന്‍ പി.കെ.പാറക്കടവ് ഇന്നാട്ടുകാര്‍ക്ക് പൊന്നങ്കോട്ട് തറവാടില്‍ നിന്ന് പുറപ്പെട്ടുപോയ അമ്മതാണ്.അസാധാരണ ഉയരവും ആജാനബാഹുത്വവും കൊണ്ടുള്ള തലയെടുപ്പ് എഴുത്തിലും പ്രഭാഷണങ്ങളിലും പ്രകടിപ്പിക്കുന്ന ഖത്തര്‍ പ്രവാസി മുഹമ്മദ് പാറക്കടവിന്റേയും സഹോദരന്‍ എം.ഉസ്മാന്റേയും മീത്തല്‍ തറവാട് ഈ ഗ്രാമത്തിലാണ്. താനും ഗര്‍ഭിണിയായ മകളും അലട്ടില്ലാതെ വീട്ടില്‍ എത്തിയതറിഞ്ഞതിലുള്ള സന്തോഷം പങ്കിടാന്‍ ആദ്യം വിളിച്ചത് പി.കെ.പാറക്കടവാണെന്ന് ഉസ്മാന്‍ പറഞ്ഞു.



പ്രവാസ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വഴുതി മലയാളം ന്യൂസ് കേരള എഡിറ്ററായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കുഞ്ഞമ്മദ് വാണിമേല്‍ വിളിച്ചു. കാസര്‍ക്കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കോളാണ് സുബ്ഹ് നമസ്‌കാരം കഴിഞ്ഞുള്ള മയക്കത്തില്‍ നിന്നുണര്‍ത്തിയത്.ഏറെ നേരം സംസാരിച്ച അദ്ദേഹം എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ്, ഊര്‍ജ്ജം പകരുന്ന വാക്കുകള്‍ പകരം തന്നു.കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.പി.സി.സി.ഭാരവാഹികള്‍, പ്രാദേശിക നേതാക്കള്‍, സുഹൃത്തുക്കള്‍ വിളിച്ചു.

സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വിളിച്ച് ക്ഷേമാന്വേഷണം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് ജിജോ വിളിച്ച് വിവരങ്ങള്‍ തിരക്കി.ഏതൊരു മാധ്യമപ്രവര്‍ത്തകനോടുമെന്നപൊലെ അദ്ദേഹവുമായും സഹകരിച്ചു.'ഞാന്‍ മനസ്സില്‍ കണ്ട ആളല്ലല്ലോ നിങ്ങള്‍'എന്ന് സംസാരമധ്യേ ജിജോ പറയുന്നുണ്ടായിരുന്നു. തൊട്ടുപിറകെ നോര്‍ക ഡയറക്ടര്‍ തിരുവള്ളൂരിലെ കെ.കെ.ശങ്കരനെ വിളിച്ച് പറയേണ്ടിവന്നു,'ശങ്കരേട്ടാ നിങ്ങളുടെ പത്രത്തിന്റെ ലേഖകന്‍ വിവരങ്ങള്‍ എടുത്തു.മോശമാക്കി എഴുതുമോ എന്ന് ആശങ്കയുണ്ട്...'. പിന്നാലെ വന്നു,ജിജോയുടെ കോള്‍.

'ഉസ്മാന്‍ എന്തിന് ശങ്കരേട്ടനെ വിളിച്ചു? നിങ്ങളുടെ സ്റ്റോറി ചെയ്യുന്നില്ലെന്ന് ഞാന്‍ തിരുവനന്തപുരത്ത് പറഞ്ഞു'. കൈരളി ചാനലിലെ സുഹൃത്ത് വിളിച്ച് വാര്‍ത്ത നല്‍കാനിടയായ സാഹചര്യം വിശദീകരിച്ചതായി ഉസ്മാന്‍ വെളിപ്പെടുത്തി. നാല്പത് വര്‍ഷമായി ഖത്തറില്‍ ജോലി/ബിസിനസ് ചെയ്യുന്ന ഉസ്മാന്‍ കോണ്‍ഗ്രസ് അനുഭാവ സന്നദ്ധ സംഘടന 'ഇന്‍കാസ്'സ്ഥാപക നേതാവാണ്.മൂന്ന് തവണ ഈ സംഘടനയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു.നിലവില്‍  ഗ്ലോബല്‍ ഒ.ഐ.സി.സി.വൈസ്പ്രസിഡണ്ട്.  മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗുള്‍പ്പെടെ നേതാക്കളുമൊത്ത് വേദി പങ്കിടാന്‍ അവസരം ലഭിച്ചു.താന്‍ ഇല്ലെന്ന് വരുത്താനുള്ള ശ്രമം യാദൃശ്ചികമെന്ന് കരുതുന്നയാളല്ല കൊറോണ കാല കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന്റെ അടക്കം പാലിക്കുന്ന ഉസ്മാന്‍.

എസ്.എഫ്.ഐ ആധിപത്യം പുലര്‍ത്തുന്ന വളയം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു കൊടി പറത്തിയ യൂനിറ്റ് പ്രസിഡണ്ടിനുള്ള ശിക്ഷ മതിലിനോട് ചേര്‍ത്തു നിറുത്തി മുട്ടുകാലില്‍ ഇടിച്ച് നടപ്പാക്കിയത് സി.പി.എം അനുഭാവികളായ അദ്ധ്യാപകരായിരുന്നുവെന്നത് അദ്ദേഹം മറന്നിട്ടില്ല.തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ച അതേ തലശ്ശേരി ബ്രണ്ണന്‍ കോളജ് കാമ്പസ്സിലൂടെ നീലപ്പതാക വീശി നടന്നതും മുള്‍പ്പാതയിലൂടെയായിരുന്നു.

കെ.എസ്.യു ജില്ല എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. കെ.സുധാകരന്‍ എം.പി,മമ്പറം ദിവാകരന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കെ.എസ്.യു പ്രവര്‍ത്തനം.താന്‍ പ്രിഡിഗ്രിക്ക് പഠിക്കുമ്പോള്‍ നാദാപുരം കാരനായ മന്ത്രി എ.കെ.ബാലന്‍ ബ്രണ്ണനില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. 1974 ജൂണ്‍ ആറിന് ഖത്തറില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് മനസ്സോടെ സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഖത്തര്‍ ഇന്‍കാസ് എന്ന സംഘടന രൂപം കൊണ്ടപ്പോള്‍ സ്ഥാപക പ്രസിഡണ്ടായി.

സൈബര്‍ വൈറസ് ആക്രമണം നേരിട്ട നാളുകളില്‍ ഇന്‍കാസിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു ഉസ്മാന്‍.ഏഴായിരത്തിലേറെ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട ഖത്തറിലെ സംഘടനാപ്രവര്‍ത്തകരുടെ വീടുകളില്‍ 5000 രൂപ വീതം എത്തിച്ചു.
ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് താനും പൂര്‍ണ്ണ ഗര്‍ഭിണിയായ മകളും  പ്രത്യേക വിമാനത്തില്‍ സഞ്ചരിച്ച വേളയിലും സൈബര്‍ ട്രോളുകളുടെ വിഷമഴ വര്‍ഷിക്കുകയായിരുന്നുവെന്ന്'കെവാര്‍ത്ത'ക്ക് വേണ്ടി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഉസ്മാന്‍ പറഞ്ഞു.യാത്രക്കാരുടെ കൂട്ടത്തില്‍ ഉസ്മാന്‍ എവിടെ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്രോള്‍.
പ്രതികാരം ചെയ്യാനല്ലെങ്കിലും കൊടിയ വിഷം പുറന്തള്ളിയ കേന്ദ്രം കണ്ടെത്താതെ മനസ്സ് അടങ്ങില്ലെന്ന് കല്ലുകൊത്തിയില്‍ സി.ബി.കുഞ്ഞമ്മദ് ഹാജിയുടെ മകനായ ഉസ്മാന്‍ പറഞ്ഞു. വില്ലനായ ഫേക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.അക്കൗണ്ട് അപ്രത്യക്ഷമായി. എന്നാലും നിയമവഴിയിലൂടെ പിന്തുടരേണ്ടത് സാമൂഹിക ബാധ്യതയായി കാണുന്നു-ഉസ്മാന്‍ പറഞ്ഞു നിറുത്തി.

Keywords: Kerala, Article, Trending, COVID19, Congress, Article about KK Usman by Soopy Vanimel