Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാലുമുതല്‍ എട്ടുവരെ; ട്രഷറിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍

സംസ്ഥാനത്ത് സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാലുമുതല്‍ എട്ടുവരെ Thiruvananthapuram, News, Politics, Pension, Health, Press meet, Health & Fitness, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 29.04.2020) സംസ്ഥാനത്ത് സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാലുമുതല്‍ എട്ടുവരെ നടത്തും. ഇതിനായി ട്രഷറികളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ വെച്ച് വ്യത്യസ്ത സമയം നിശ്ചയിച്ചാണ് പെന്‍ഷന്‍ വിതരണം നടക്കുക. ഒരു സമയം കൗണ്ടറുകള്‍ക്കു മുമ്പില്‍ പരമാവധി അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യും.

സംസ്ഥാനത്തെ ബുധനാഴ്ചത്തെ പരിശോധനാ ഫലം 10 പേര്‍ക്ക് പോസിറ്റീവും 10 പേര്‍ക്ക് നെഗറ്റീവുമാണ്. ആറുപേര്‍ കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് രണ്ടുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ബുധനാഴ്ച പോസിറ്റീവായവരില്‍ കൊല്ലത്ത് അഞ്ചുപേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


ഒരാള്‍ ആന്ധ്ര പ്രദേശില്‍നിന്ന് വന്നത്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നയാളാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നതാണ്. കണ്ണൂര്‍ മൂന്ന്, കോഴിക്കോട് മൂന്ന്, കാസര്‍കോട് മൂന്ന്, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബുധനാഴ്ച രോഗബാധയേറ്റ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ് എന്നതാണ്.

കാസര്‍കോട്ട് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ് ഘട്ടത്തില്‍ ജാഗ്രത പാലിക്കണമെന്ന് നമ്മള്‍ ആവര്‍ത്തിച്ച് പറയാറുള്ളതാണ്. വാര്‍ത്താശേഖരണം അപകടരഹിതമായി നിര്‍വഹിക്കാന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കണമെന്ന് ഈ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.

ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 24,952 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 23,880 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് ശേഖരിച്ച 875 സാബിളുകളില്‍ 801 എണ്ണം നെഗറ്റീവായി റിസള്‍ട്ട് വന്നിട്ടുണ്ട്. കഴിഞ്ഞദിവസം (ഇടുക്കിയിലെ മൂന്ന് ഉള്‍പ്പെടെ) പുനഃപരിശോധനക്ക് അയച്ച 25 സാബിളുകളുടെ റിസള്‍ട്ട് വന്നിട്ടില്ല. ഹോട്ട്സ്പോട്ടുകളില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി.

ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ എന്നിവയാണ് പുതുതായി വന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 102 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇതില്‍ 28 ഹോട്ട്സ്പോട്ട് കണ്ണൂര്‍ ജില്ലയിലാണ്. ഇടുക്കിയില്‍ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. കോട്ടയം 18, കൊല്ലം 15, ഇടുക്കി 14, കാസര്‍കോട് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും വൈറസ് ബാധിച്ച് ചികിത്സയിലില്ല.

സംസ്ഥാനം അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാത്തതാണ്. വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. എന്നാല്‍, അനിവാര്യമായ ചെലവുകള്‍ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത 5 മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിന് നിയമ പ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് നിയമ പ്രാബല്യം നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ അലവന്‍സ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം/ ഹോണറേറിയം 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യാന്‍ 2020ലെ ശമ്പളവും ബത്തകളും നല്‍കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. എംഎല്‍എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും 30 ശതമാനം കുറവ് വരുത്തും. ഇതല്ലാതെ ബുധനാഴ്ച മറ്റൊരു ഓര്‍ഡിനന്‍സ് കൂടി ഗവര്‍ണറുടെ പരിഗണനക്ക് അയക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ വാര്‍ഡ് വിഭജന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സങ്ങളുള്ള സാഹചര്യത്തില്‍ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങളുടെ എണ്ണം ഓരോന്നു വീതം വര്‍ധിപ്പിക്കാന്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തുകയാണ്. നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപന മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് നിയമപ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുന്നത്. കോവിഡ് അനന്തര കാലത്തെ അതിജീവനത്തിന്‍റെ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം കൃഷിയാണ് എന്ന് കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്ത് തരിശ് കിടക്കുന്ന ഭൂമിയില്‍ പൂര്‍ണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്‍റെ ബൃഹദ് പദ്ധതി അടുത്ത മാസം മുതല്‍ നടപ്പാക്കുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശുഭൂമിയാകെ കൃഷിചെയ്യുന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാനിടയുള്ള പ്രവാസികളെ കൂടി കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരിക എന്നിവയും കൃഷിവകുപ്പ് നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ട മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ കോവിഡ് 19 ബാധയുടെ ആഘാതം മറികടന്ന് കൃഷിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതനുസരിച്ച് കൃഷി വകുപ്പ് തയ്യാറാക്കിയ കരട് പദ്ധതി ഇന്ന് ചേര്‍ന്ന സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും യോഗം പരിഗണിച്ചു.

ചര്‍ച്ചയില്‍ വന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അവസാന രൂപം നല്‍കാനും നടപ്പാക്കാനുള്ള നടപടികള്‍ പെട്ടെന്ന് തന്നെ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കന്നുകാലി സമ്പത്തിന്‍റെ വര്‍ധന, പാലിന്‍റെയും മുട്ടയുടെയും ഉല്‍പാദനവര്‍ധന, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തല്‍ എന്നീ ഘടകങ്ങളും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ മെയ് 15ന് മുമ്പ് ആവശ്യമായ മാറ്റം വരുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം തീരാത്ത പദ്ധതികളുടെ കണക്കും ബജറ്റ് വിഹിതവും ഉള്‍പ്പെടുത്തി മെയ് 15നു മുമ്പ് പദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ സമയത്തിനകം തന്നെ ഭക്ഷ്യ സുരക്ഷയ്ക്കുള്ള പരിപാടിയും കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ബൃഹദ് പദ്ധതി കണക്കിലെടുത്ത് പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തും. ഓരോ പഞ്ചായത്തിലും തരിശു കിടക്കുന്ന ഭൂമി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിന്‍റെ കൈവശമുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സ്ഥലത്തിനും അനുയോജ്യമായ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തരിശുകിടക്കുന്ന ഭൂമി ഉടമ തന്നെ കൃഷി ചെയ്യുകയാണെങ്കില്‍ അതിനുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കും. കൃഷിചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവരുടെ സമ്മതത്തോടെ സ്വയം സന്നദ്ധ സംഘങ്ങളോ കുടുംബശ്രീയോ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയോ കൃഷിയിറക്കും.

ഇങ്ങനെ കൃഷിയിറക്കുമ്പോള്‍ ഉടമകളെ കൂടി പങ്കാളികളാക്കാനും ശ്രമിക്കും. തദ്ദേശസ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പറമെ മൃഗസംരക്ഷണം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയില്‍ വിവിധ തലത്തില്‍ പങ്കാളികളാകും.

പ്രവര്‍ത്തനം കൃഷി വകുപ്പ് ഏകോപിപ്പിക്കും. ആരോണോ കൃഷി നടത്തുന്നത് അവര്‍ക്ക് വായ്പയും സബ്സിഡിയും മറ്റു പിന്തുണയും നല്‍കും. കൃഷി ചെയ്യുന്നവര്‍ക്ക് വായ്പ നല്‍കുന്നതിനാണ് സഹകരണ സംഘങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കണം. പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതോടൊപ്പം, ശീതീകരണ സംവിധാനത്തിന് വ്യക്തമായ പദ്ധതിയുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷി കൂടുതലുള്ള പ്രദേശങ്ങളില്‍ ശീതീകരണി അനിവാര്യമാണ്. ശീതീകരിച്ച വാഹനങ്ങളും വേണ്ടിവരും. ഹ്രസ്വകാല- ദീര്‍ഘകാല പരിപാടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ വിള ലഭിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഹ്രസ്വകാല പദ്ധതിയിലുള്ളത്. ജനസേചനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കലും മെച്ചപ്പെടുത്തലും ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി വരും.

ചെറിയ തോടുകളോ കൈവഴികളോ നന്നാക്കേണ്ടതുണ്ടെങ്കില്‍ അതു ഇപ്പോള്‍ തന്നെ ചെയ്യും. കൃഷി വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1.09 ലക്ഷം ഹെക്ടര്‍ തരിശുഭൂമിയുണ്ട്. ഇതില്‍ തോട്ട ഭൂമിയും പാടങ്ങളും ഉള്‍പ്പെടും. ഈ തരിശു ഭൂമിയില്‍ മുഴുവന്‍ കൃഷിയിറക്കുന്നതോടൊപ്പം 1.4 ലക്ഷം ഹെക്ടറില്‍ ഇടവിള കൃഷി നടത്താമെന്നാണ് കണക്കാക്കുന്നത്.

കൃഷി വ്യാപിപ്പിക്കുകയും ഉല്‍പാദനം കൂട്ടുകയും ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ വിപണന സാധ്യതകള്‍ ഒരുക്കും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാര്‍ഷിക ചന്തകള്‍ സംഘടിപ്പിക്കും. ചന്ത സംഘടിപ്പിക്കുന്നതിന് കാര്‍ഷിക സംഘങ്ങള്‍ക്കും കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംവിധാനം പരമാവധി ഉപയോഗിക്കണമെന്നും ഉദ്ദേശിക്കുന്നു.

കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനവിലേക്ക് വേണ്ടത്ര പോകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മൂല്യവര്‍ധനവിനും ഊന്നല്‍ നല്‍കാന്‍ തീരുമനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. ഭക്ഷ്യോല്‍പാദന വര്‍ധനവിനും കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും ഒരു വര്‍ഷത്തിനകം 3,000 കോടി രൂപ ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1,500 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തും.

ബാക്കി 1,500 കോടി രൂപ നബാര്‍ഡില്‍ നിന്നും സഹകരണ മേഖലയില്‍ നിന്നും വായ്പയായി ലഭ്യമാക്കും. പദ്ധതി വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം യുവജന ക്ലബ്ബുകളുടെ രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പ്രതിസന്ധിയും സാധ്യതകളും കണക്കിലെടുത്ത് യുവജനങ്ങള്‍ പരമാവധി ഇതില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്.

റോഡില്‍ വാഹനങ്ങളും ആളുകളും കുറഞ്ഞതിനാല്‍ ഇത് പിടിക്കപ്പെടുന്നുമില്ല. ജനങ്ങള്‍ സ്വന്തമായി തീരുമാനിച്ചാലേ ഈ പ്രശ്നം പരിഹരിക്കാനാകൂ. മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകും. പ്രത്യേകിച്ചും വേനല്‍ മഴ കൂടി പെയ്യുന്ന ഘട്ടത്തില്‍. പൊതുവായ ജാഗ്രതയോടൊപ്പം തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാവരും തയ്യാറാകണം.

മാലിന്യ സംസ്കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം പ്രാദേശിക തലത്തില്‍ ഒരുക്കാന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. പല തരം പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവയുടെ വ്യാപനം ഈ ഘട്ടത്തില്‍ വന്നാല്‍ അത് വലിയ പ്രശ്നമാകും.

അതുകൊണ്ട് പരിസര ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം എന്നിവ ഒഴിച്ചുകൂടാനാകാത്ത കടമയായി ജനങ്ങള്‍ ഏറ്റെടുക്കണം. ഇടവേളയ്ക്കു ശേഷം ചില സമരപരിപാടികള്‍ സജീവമാകുന്നുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍, കോവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും മാറ്റിവെക്കേണ്ടിവരുന്നു.

അനാവശ്യ സമരങ്ങളും ബഹളവും ഒഴിവാക്കുക തന്നെ വേണം. സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ താല്‍ക്കാലികമായെങ്കിലും ഒഴിവാക്കണം. ചില സ്ഥലങ്ങളില്‍ ഇരച്ചുകയറ്റവും മറ്റും കണ്ടു.

പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുത്. വാര്‍ത്താ സമ്മേളനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരുടെ പേരുകള്‍ പരാമര്‍ശിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാല്‍ക്കഴിയുന്ന സംഭാവനകള്‍ നല്‍കിയ സാധാരണ മനുഷ്യരെ അഭിനന്ദിച്ച് ഇന്ന് മാതൃഭൂമി ദിനപത്രം മുഖപ്രസംഗം എഴുതിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ആ വാക്കുകള്‍ക്ക് നന്ദി പറയുന്നു. അതിഥിത്തൊഴിലാളി ക്യാമ്പുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം ആവര്‍ത്തിച്ച് ഉറപ്പുവരുത്തണം. വ്യാജ വാര്‍ത്തകള്‍ക്കെതിരായ ഇടപെടല്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നുണ്ട്. ഓരോ വാര്‍ത്തയുടെയും യാഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളോട് പറയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. എന്നാല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അറുതിയില്ല എന്ന സ്ഥിതിയാണുള്ളത്. കോവിഡ് 19 കേരളത്തില്‍ സാമൂഹ്യവ്യാപനത്തിലെത്തി എന്ന മട്ടില്‍ പല കേന്ദ്രങ്ങളില്‍നിന്നും പ്രചാരണം നടത്തുന്നുണ്ട്.

ചാത്തന്നൂരില്‍ വലിയതോതില്‍ രോഗം പടരുന്നു എന്ന പ്രചാരണം ബുധനാഴ്ച ശ്രദ്ധയില്‍പ്പെട്ടു. അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ല. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ ഒന്നും സംഭവിക്കുന്നുമില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന പ്രചാരണം ഉണ്ടാകുന്നത് അനുവദിക്കാനാകാത്ത ദുഷ്പ്രവണതയാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും അബദ്ധത്തില്‍ പോലും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് പൊടുന്നനെയുള്ള ആഘാതമായിട്ടാണ് കോവിഡ് 19 മാറിയത്. ഈ സ്തംഭനം എങ്ങനെ മറികടക്കാം എന്ന ആലോചന വിവിധ തലങ്ങളില്‍ നടക്കുകയാണ്.

അതില്‍ ശ്രദ്ധേയമായ ഒരു ഇടപെടല്‍ എയ്ഡഡ് കോളേജ് മേഖലയിലെ അധ്യാപക സംഘടനയായ എകെപിസിടിയെയുടേതാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലായി ലോക്ക്ഡൗണ്‍ കാരണം പതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്സുകളും ഓണ്‍ലൈന്‍ ആയി വിദ്യാര്‍ത്ഥികളിലേക്ക് അവര്‍ എത്തിക്കുകയാണ്.

ഈ നാലു സര്‍വകലാശാലകളിലായി 205 കോഴ്സുകള്‍ ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് 'ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍' എന്ന പരിപാടി അവര്‍ നടപ്പാക്കുന്നത്. ആയിരത്തില്‍ പരം അധ്യാപകര്‍ ക്ലാസ് എടുക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു അഭിപ്രായങ്ങള്‍ പറയാനും സംശയങ്ങള്‍ ദുരീകരിക്കാനുമുള്ള അവസരങ്ങള്‍ ഈ ക്ലാസുകളുടെ ഭാഗമായി ലഭിക്കുന്നുമുണ്ട്.

ഈ മാതൃകയെ അഭിനന്ദിക്കുന്നു. ലോക്ക്ഡൗണ്‍ കാരണം സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ ഏപ്രില്‍ ഒന്നിന് അടയ്ക്കേണ്ട ത്രൈമാസ നികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സാവകാശം നല്‍കും. സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍, ഓട്ടോ-ടാക്സി, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഇക്കൊല്ലം ഫെബ്രുവരി ഒന്നിനും ജൂണ്‍ 30നുമിടയില്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ എന്നിവയ്ക്കും എല്ലാവിധ പെര്‍മിറ്റുകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ക്കും ജൂണ്‍ 30 വരെ സാധുത ഉണ്ടാകും.

സംസ്ഥാനത്ത് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാസ്ക് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിലാണ് മാസ്കുകള്‍ തയ്യാറാക്കുന്നത്.

മാസ്ക് മുഖം മറയ്ക്കല്‍ ഉദ്ദേശിച്ചുള്ളതാണ്. ടൗവല്‍, തോര്‍ത്ത്, ഷാള്‍ എന്നിവകൊണ്ടും ആകാം. മറ്റൊരു പ്രധാന കാരണം പറയാനുള്ളത്. ബ്രേക്ക് ദി ചെയിന്‍ രണ്ടാം ഘട്ടം നാം തുടങ്ങുകയാണ്. 'തുപ്പല്ലേ തോറ്റുപോകും' എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

1.സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.

2.മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക

3.ശാരീരിക അകലം പാലിക്കുക

4.മാസ്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക.

5.യാത്രകള്‍ പരമാവധി ഒഴിവാക്കുക

6.വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങാതിരിക്കുക

7.കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടാതിരിക്കുക.

8.പൊതുഇടങ്ങളില്‍ തുപ്പാതിരിക്കുക.

9.പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക 10.ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക എന്നിവയാണ് ഈ കാമ്പയിന്‍ ഊന്നല്‍ നല്‍കുന്നത്.

നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതുവരെ 3,20,463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശിത്ര വിസയില്‍ 20,219 പേരും വിദ്യാര്‍ത്ഥികള്‍ 7,276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണ് മടങ്ങിവരാനായി പേരുമാണ്.

തിരിച്ചുവരാനുള്ള കാരണം പരിശോധിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58,823 പേരുമാണ്.

സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9,515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2,448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 1,08,520 എന്നിങ്ങനെയാണ് കണക്കുകള്‍.

Keywords: Distribution of service pension in the state from May 4 to 8; Special arrangements in the Treasury, Thiruvananthapuram, News, Politics, Pension, Health, Press meet, Health & Fitness, Chief Minister, Pinarayi vijayan, Kerala.