Follow KVARTHA on Google news Follow Us!
ad

അരി മേടിക്കാനിറങ്ങുന്നവരെയും അടിച്ചോടിക്കുന്നു: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ജനങ്ങള്‍ പട്ടിണിയിലേക്ക്

ലോക്ക് ഡൗണില്‍ കടകള്‍ തുറന്നിടുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയത് Kannur, News, Local-News, Police, attack, Allegation, Food, Threat, Women, Kerala,
കണ്ണൂര്‍: (www.kvartha.com 25.03.2020) ലോക്ക് ഡൗണില്‍ കടകള്‍ തുറന്നിടുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ധര്‍മടത്തിലെ വിവിധ ഭാഗങ്ങളിലെ ചെറുനഗരങ്ങളില്‍ അരിയും മറ്റും മേടിക്കാനെത്തുന്നവരെ അടിച്ചോടിക്കുകയാണ് പൊലീസ്.

പലരുടെയും വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാരോട് തട്ടിക്കയറുന്നു. റോഡരികിലൂടെ നടന്നു പോകുന്നവരെ ലാത്തിചാര്‍ജ് ചെയ്യുന്നു ഇങ്ങനെ പോകുന്നു കലാപരിപാടികള്‍. ബുധനാഴ്ച രാവിലെ കണ്ണൂര്‍ നഗരത്തില്‍ എസ് പി യതിഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റോഡിലിറങ്ങുന്ന വാഹനങ്ങള്‍ തടഞ്ഞത്, നിയമം ലംഘിച്ച് റോഡിലിറങ്ങുന്നവരോട് തികച്ചും മാന്യമായാണ് എസ് പി കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി വഴിതിരിച്ചുവിട്ടത് .

Police beat people in Kannur,Kannur, News, Local-News, Police, attack, Allegation, Food, Threat, Women, Kerala

എന്നാല്‍ മറ്റിടങ്ങളില്‍ സ്ഥിതി ഇതായിരുന്നില്ല. തുടര്‍ച്ചായി 16 മണിക്കൂര്‍ ജോലിയെടുത്ത് ക്ഷീണിതരാവുന്ന പൊലീസുകാരുടെ കണ്‍ട്രോള്‍ ആളുകളെ കാണുമ്പോള്‍ അറിയാതെ കൈയ്യില്‍ നിന്നും പോവുകയാണ്.

കശ്മീരിലേതിനു സമാനമായി പ്രകോപിതരായ പൊലീസ് ജനങ്ങളെ അടിച്ചോടിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൊറോണ വൈറസ് രോഗബാധയല്ല പട്ടിണി മരണം നടക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

Police beat people in Kannur,Kannur, News, Local-News, Police, attack, Allegation, Food, Threat, Women, Kerala

കടകള്‍ അടക്കില്ലെന്നും ആവശ്യക്കാര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാമെന്നും പറഞ്ഞത് സര്‍ക്കാര്‍ തന്നെയാണ്. എന്നാല്‍ സാധനങ്ങള്‍ വാങ്ങാന്‍ തെരുവില്‍ ഇറങ്ങിയ ജനങ്ങളെ ഭീഷണിപ്പെടുത്തി ഓടിക്കുന്നത് ആവട്ടെ പൊലീസും. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ ആണ് ഈ വിനോദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്.

കച്ചവടക്കാര്‍ കടകള്‍ തുറക്കുന്നത് സാധനങ്ങള്‍ വാങ്ങാന്‍ ആണെന്ന ബോധം ഇല്ലാതെയാണ് പൊലീസ് പെരുമാറുന്നത്. രാവിലെ തുറക്കുന്ന കടക്കാരെ ഭീഷണിപ്പെടുത്തി കടകളെല്ലാം പൂട്ടിക്കാന്‍ മത്സരിക്കുകയാണ് പൊലീസ്. അതേസമയം അരിയും മറ്റു സാധനങ്ങളും വാങ്ങാന്‍ തെരുവിലിങ്ങുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നു. ഇതു കാരണം സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് അപമാനിതരാവേണ്ടി വരികയാണ്.

രാജ്യമെങ്ങും പൊടുന്നനെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പല കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. അവശ്യ സാധനങ്ങള്‍ സംഭരിച്ച് വയ്ക്കാന്‍ മിക്ക ആളുകള്‍ക്കും കഴിഞ്ഞില്ല . മറ്റു ചിലരാകട്ടെ മുഖ്യമന്ത്രി കടകള്‍ തുറക്കുമെന്ന വാക്കും വിശ്വസിച്ചു കൊണ്ട് സാധനങ്ങള്‍ വാങ്ങാതെ ഇരിക്കുകയായിരുന്നു. അതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും അവശ്യസാധനങ്ങള്‍ ഇല്ലാതെ കുടുംബങ്ങള്‍ വലയുകയാണ്. സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച് വിതരണം ചെയ്യാന്‍ കുടുംബശ്രീയും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും എല്ലാ സ്ഥലങ്ങളിലേക്കും ഇതുവരെ എത്തിയിട്ടില്ല .

അത്യാവശ്യത്തിനു മരുന്നും മറ്റ് സാധനങ്ങളും കൂട്ടത്തോടെ അല്ലാതെ വാങ്ങാനുള്ള സൗകര്യം കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ പോലുമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ജനങ്ങളെ പട്ടിണി കിടത്തിയേ അടങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധിയിലാണ് പൊലീസും മറ്റ് സംവിധാനങ്ങളും.

നിയമം ദുരുപയോഗം ചെയ്യുന്നവരെയും അനാവശ്യമായി കറങ്ങി നടക്കുന്നവരെയും ചോദ്യം ചെയ്യുകയും നടപടിയെടുക്കുകയും വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താനായി ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പോകുന്നവരെ ഭീഷണിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്. ഈ സ്ഥിതി ഇതേ രീതിയില്‍ മുന്നോട്ടു പോയി കഴിഞ്ഞാല്‍ കൊറോണ ബാധിതരെക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണികൊണ്ട് മരിക്കും എന്നാണ് നിലവിലുള്ള വിവരം.

പല വീടുകളിലും കുഞ്ഞുങ്ങളടക്കം ഉള്ള ആളുകള്‍ക്ക് മതിയായ ഭക്ഷണം കൊടുക്കാനുള്ള സാഹചര്യം ഇല്ല. പലരും വാങ്ങിവെച്ച അരിയും പലവ്യഞ്ജനങ്ങളും തീര്‍ന്നു കഴിഞ്ഞു. എന്നാല്‍ ടൗണില്‍ ഇറങ്ങി ഉള്ള പൈസക്ക് വാങ്ങാം എന്ന് വിചാരിച്ചാല്‍ പൊലീസ് അനുവദിക്കുന്നുമില്ല. 21 ദിവസം രാജ്യം മുഴുവന്‍ ലോക്ക് ഡൗണായതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് മറ്റുള്ളവര്‍ക്ക് സഹായിക്കുവാനും കഴിയാത്ത അവസ്ഥയാണ്.

ദിവസ വേതനക്കാര്‍ മുഴുവനും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ചെറുകിട കച്ചവടക്കാര്‍ കൃഷിക്കാര്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരൊക്കെ കടുത്തസാമ്പത്തിക പ്രതിസന്ധിയിലായി. മാര്‍ച്ച് മാസം പല ആളുകളും ബാങ്കുകളിലേക്കും മറ്റും വായ്പാ പണം അടക്കാനുള്ളതാണ്. ഈയൊരു സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പുറത്തിറങ്ങാതെ വീട്ടിനകത്ത് തന്നെ ഇരിക്കുകയാണ് മിക്കയാളുകളും .

Keywords: Police beat people in Kannur,Kannur, News, Local-News, Police, attack, Allegation, Food, Threat, Women, Kerala.