Follow KVARTHA on Google news Follow Us!
ad

ടീച്ചറിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കുകയും അവര്‍ക്കു മീഡിയാ മാനിയ ആണെന്ന് പറയുകയും ചെയ്യുന്നത് അന്തസ്സില്ലാത്ത വര്‍ത്തമാനമാണ് എന്നറിയണമെങ്കില്‍ കഴിഞ്ഞ മൂന്നേമുക്കാല്‍ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്; ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍, കളിയാക്കുന്നത് ഷൂ നക്കികളുടെ പാരമ്പര്യമാണെന്ന് ഓര്‍ക്കണം; പി എസ് റംഷാദിന്റെയും ഡോ. ഷമീം മുഹമ്മദിന്റെയും ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ വൈറല്‍

വില്ലനായി പടരുന്ന കൊറോണ വൈറസ് ബാധ (കൊവിഡ് 19)യുടെ Kochi, News, Kerala, post, Facebook
കൊച്ചി: (www.kvartha.com 13.03.2020) വില്ലനായി പടരുന്ന കൊറോണ വൈറസ് ബാധ (കൊവിഡ് 19)യുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ അതീവ ജാഗ്രതയില്‍ തുടരുകയാണ്. സംസ്ഥാനവും കൊറോണയ്‌ക്കെതിരെ പൊരുതുകയാണ്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടുക്കും ജാഗ്രതയും മുന്‍കരുതലുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് രമേശ് ചെന്നിത്തലയുടെ വിവാദ പത്ര സമ്മേളനം. ചെന്നിത്തലയുടെ പരാമര്‍ശങ്ങളെ ഖണ്ഡിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എസ് റംഷാദും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ഷമീം മുഹമ്മദിന്റെയും ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ വൈറലാകുകയാണ്.

കൊറോണയ്‌ക്കെതിരെ മുന്നില്‍ നിന്ന് പൊരുതുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തിയെ മീഡിയ മാനിയ എന്നു പരിഹസിക്കുന്നവരെ വിമര്‍ശിക്കുകയാണ് ഇരുകുറിപ്പുകളും. ടീച്ചറിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കുകയും അവര്‍ക്കു മീഡിയാ മാനിയ ആണെന്ന് പറയുകയും ചെയ്യുന്നത് അന്തസ്സില്ലാത്ത വര്‍ത്തമാനമാണ് എന്നറിയണമെങ്കില്‍ കഴിഞ്ഞ മൂന്നേമുക്കാല്‍ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ് എന്നാണ് പി എസ് റംഷാദിന്റെ കുറിപ്പില്‍ പറയുന്നത്.

ഒരു സമൂഹം ഭീതിയിലാകുമ്പോള്‍ അവരെ തുടരെ തുടരെ കണ്ടുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് പറയുമ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മധൈര്യം ഒരു ഡോക്ടറായ തനിക്ക് മനസ്സിലാകുമെന്നും അതിനെ മീഡിയ മാനിയ എന്നൊക്കെ പറയുന്നത് താന്‍ തയ്ച്ചു വെച്ച മുഖ്യന്റെ കുപ്പായം പാഴായിപ്പോകുമോ എന്ന ഭയമാണെന്ന് ജങ്ങള്‍ക്ക് മനസിലാകുമെന്നും ഡോ. ഷമീം മുഹമ്മദ് കട്ടത്തടുക്ക ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍, ഭയത്തിലാകുമ്പോള്‍, പതറുമ്പോള്‍ അവര്‍ക്ക് ശക്തി പകരുന്നവരെ കളിയാക്കുന്നത് ഷൂ നക്കികളുടെ പാരമ്പര്യമാണെന്ന് ഓര്‍ക്കണമെന്നും ഡോക്ടര്‍ കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

Kochi, News, Kerala, post, Facebook, P S. Ramshad, Dr. Shameem Muhammed Kattathadka, Coronavirus, Facebook post of P S. Ramshad and Dr. Shameem Muhammed Kattathadka


പി എസ് റംഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; 

കൂടെ നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ വഴിമാറെടാ മുണ്ടക്കല്‍ ശേഖരാ. മന്ത്രിയായ ശേഷം കെ കെ ഷൈല ടീച്ചറെ രണ്ടുവട്ടം ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. 2016 ആഗസ്റ്റില്‍ ഓണപ്പതിപ്പിനു വേണ്ടിയും 2018 ജൂണില്‍ നിപയ്ക്കു ശേഷവും. മലയാളം വാരിക പ്രസിദ്ധീകരിച്ച ആ രണ്ട് ദീര്‍ഘ അഭിമുഖങ്ങളും ടീച്ചറിനെയും അവരുടെ ജീവിതത്തെയും മന്ത്രിപ്പണിയെയും ശരിയായി അറിയാന്‍ ഉതകി എന്ന് ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമായി അവരോടു വിയോജിക്കുന്നവരുമുണ്ട്.

ടീച്ചറിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കുകയും അവര്‍ക്കു മീഡിയാ മാനിയ ആണെന്ന് പറയുകയും ചെയ്യുന്നത് അന്തസ്സില്ലാത്ത വര്‍ത്തമാനമാണ് എന്നറിയണമെങ്കില്‍ കഴിഞ്ഞ മൂന്നേമുക്കാല്‍ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്, ധാരാളം. ആസ്വദിക്കാനുള്ള ഒരു പദവിയാണ് മന്ത്രിയുടേത് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഷൈലജ ടീച്ചര്‍. എന്നാലോ അതുമായി ബന്ധപ്പെട്ട ഓരോ ചുമതലകളും ആസ്വദിച്ചുതന്നെയാകണം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സംശയവുമില്ല. മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങള്‍ ഭാരിച്ചതാണ്; നിറവേറ്റാന്‍ കഴിയുമോ. അവര്‍ അത് തുറന്നു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനോടുതന്നെ.

ആദ്യമായി മുഖ്യമന്ത്രിയാകുന്നതിന്റെ മണിക്കൂറുകള്‍ക്ക് അരികിലായിരുന്ന പിണറായി ആദ്യമായി മന്ത്രിയാകാന്‍ പോകുന്ന സഖാവിനു പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു. എന്നിട്ടു പറഞ്ഞു, ''കഠിനപ്രയത്നം ചെയ്യണം''. അതാണ് മാര്‍ഗ്ഗദര്‍ശന വാക്യമായി അവര്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കഠിനപ്രയത്നം തന്നെയാണ് എന്ന് അതിവേഗം തിരിച്ചറിയുകയും ചെയ്തു. ആരോഗ്യം, സാമൂഹികനീതി എന്നീ സുപ്രധാന വകുപ്പുകളും എട്ടോളം അനുബന്ധ വകുപ്പുകളും ആവശ്യപ്പെടുന്ന അധ്വാനത്തിന്റെ അളവ് ഒട്ടും ചെറുതല്ല. ശരിക്കും, നിന്നുതിരിയാന്‍ നേരമില്ലാത്ത മന്ത്രി. സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് അവരുടെ ചേംബറില്‍ പോയി കുറച്ചുനേരമൊന്നു ശ്രദ്ധിച്ചാല്‍ അതു ബോധ്യമാകും.

എല്ലാവരെയും ശ്രദ്ധയോടെ കേള്‍ക്കുന്നു, ഇടപെടലുകള്‍ പിന്നത്തേക്കു മാറ്റിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. രണ്ട് വകുപ്പുകളും സ്ത്രീകളുമായി കൂടുതല്‍ ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടുതന്നെ സന്ദര്‍ശകിലേറെയും സ്ത്രീകള്‍. അവരോട് സഹഭാവം പുലര്‍ത്താന്‍ കഴിയുന്നുണ്ട് ഈ സ്ത്രീമന്ത്രിക്ക് എന്നതിന് മടങ്ങുമ്പോള്‍ ആ ആളുകളുടെ മുഖത്തു കാണുന്ന തെളിച്ചമാണ് സാക്ഷ്യം. രാവിലെ എട്ടു മണിക്ക് തുടങ്ങിയാല്‍ രാത്രി പതിനൊന്നര വരെ ഔദ്യോഗിക കാര്യങ്ങളിലാണ്. ''ശ്രമകരമായ പ്രവര്‍ത്തനമാണ്. എങ്കിലും അത് പ്രവര്‍ത്തിക്കാനാണല്ലോ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്. എങ്ങനെ ഏറ്റെടുക്കുന്നു എന്നതാണ് പ്രധാനം. ആസ്വദിക്കുക എന്ന അര്‍ത്ഥത്തിലല്ല, ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്.'' ടീച്ചറിന്റെ വാക്കുകള്‍. ഈ ടീച്ചറാണ് ആ യുദ്ധം നയിച്ചത് എന്നായിരുന്നു രണ്ടാമത്തെ അഭിമുഖത്തിന്റെ തലക്കെട്ട്. ശരിക്കും നിപയോട് കേരളം യുദ്ധം തന്നെയാണ് ചെയ്തത്.

അതു മനസ്സിലാകണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റീവിറ്റി വേണം. ഇപ്പോള്‍ കോവിഡ് 19ന്റെ കാര്യത്തിലും അതുതതന്നെയാണ് ടീച്ചറും ടീമും ചെയ്തുകൊണ്ടിരിക്കുന്നത്; നമ്മുടെ സ്വസ്ഥ ജീവിതത്തിനു വേണ്ടിയുള്ള യുദ്ധം. അതു കണ്ടില്ലെന്നു നടിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. പക്ഷേ, ചെളിവാരി എറിയുന്നത് സൂക്ഷിച്ചു വേണം. തിരിച്ചു വന്നു വീണേക്കും. അവരുടെ ദേഹത്ത് ആ ചെളി പുരളാതിരിക്കാന്‍ ജാഗ്രതയുണ്ട് കേരളത്തിന്. അഭിനന്ദനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിലങ്ങു വീണുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ട് ഷൈലജ ടീച്ചര്‍ക്ക്. ലോകാരോഗ്യ സംഘടനയില്‍ നിന്നും കേന്ദ്ര ആരോഗ്യ മന്ത്രിയില്‍ നിന്നും വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞരില്‍ നിന്നും മുതല്‍ നാട്ടുംപുറത്തെ സാധാരണക്കാരില്‍ നിന്നു വരെ നല്ല വാക്കുകളുടെ അലകളാണ്. പക്ഷേ, പ്രതിപക്ഷ നേതാവിനു മാത്രം പുഛം. അതോ അസൂയയോ.

''ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ കരുതിയിരുന്നില്ല. ആരും മരിക്കാതിരിക്കണം എന്നു മാത്രമാണ് ആഗ്രഹിച്ചത്. ഒരു ജീവന്‍ പോലും അപഹരിക്കപ്പെടാതിരിക്കാനുള്ള പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, രണ്ടാമത്തെ മരണത്തില്‍ത്തന്നെ കേരളം നിപയെ കണ്ടുപിടിച്ചതിന് അഭിനന്ദിച്ച് പിന്നീടാണ് പലരും വിളിക്കുന്നത്. ഇതുവരെയുണ്ടായ എല്ലാ സ്ഥലത്തും, മലേഷ്യയിലും സിംഗപ്പൂരിലും സിലിഗുരിയിലും നൂറുകണക്കിനാളുകള്‍ മരിച്ചപ്പോഴാണ് രോഗമെന്താണെന്ന് കണ്ടുപിടിച്ചത്. ഇവിടെ വേഗം തന്നെ നിപയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ മുന്‍കരുതലുകളൊക്കെ എടുക്കാന്‍ കഴിഞ്ഞത്. യുകെയില്‍ നിന്നും യുഎസില്‍ നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ടായിരുന്നു. മലയാളികളും അല്ലാത്തവുമായ ശാസ്ത്രജ്ഞരും മറ്റും വിളിച്ച് വിവരങ്ങള്‍ തിരക്കി, അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടന വിളിച്ചു. നല്ല പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ജെ പി നഡ്ഡ(അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി) അഭിനന്ദിച്ചു. അങ്ങനെ മൊത്തത്തില്‍ വലിയ അഭിപ്രായമുണ്ടായി.

ഒരു യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുഎസ് എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നു, ഭയങ്കര മതിപ്പാണ് ടീച്ചറേ എന്ന്. കാരണം അമേരിക്ക അത്രയധികം ഭയക്കുന്ന വൈറസാണ്. ബയോവാറിനൊക്കെ ഉപയോഗപ്പെടുത്തിയേക്കാം എന്ന് അമേരിക്ക ഭയക്കുന്ന വൈറസാണ്. അതിനെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ലോകത്തിനു മുന്നില്‍ വലിയ അഭിനന്ദനത്തിന് ഇടയാക്കി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായതാണ് ഇത്.'' രണ്ടാമത്തെ അഭിമുഖത്തില്‍ ടീച്ചര്‍ പറഞ്ഞു. കേട്ടോ, ശരിക്കും കേട്ടോ. ഇതാണ് നമ്മുടെ ആരോഗ്യമന്ത്രി. സ്ത്രീയാണ്, ടീച്ചറാണ്, പാവമാണ്, അതുകൊണ്ടങ്ങ് മെക്കിട്ടു കയറിക്കളയാം എന്നു വിചാരിക്കരുത്. അവര്‍ ഇപ്പോഴും യുദ്ധം നയിക്കുകയാണ്, വികസിതരാജ്യങ്ങള്‍ ഭയന്നുവിറച്ചു നില്‍ക്കുന്ന മഹാമാരിക്കു മുന്നില്‍ പതറാത്ത ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചുമന്ത്രിക്കും ഇതൊക്കെ സാധിക്കും. അതുകൊണ്ട്....കൂടെ നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ മാറി നില്‍ക്കെടാ മുണ്ടക്കല്‍ ശേഖരാ.




ഡോ. ഷമീം മുഹമ്മദ് കട്ടത്തടുക്ക ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; 

ഞാനീ പറയുന്നത് ഒരു ഇടതുപക്ഷക്കാരന്‍ പറയുന്നതായോ അല്ലെങ്കില്‍ ഒരു ഭിഷഗ്വരന്‍ പറയുന്നതായോ എടുക്കാം. കാരണം രാഷ്ട്രീയമല്ല എന്ന് പറഞ്ഞാല്‍ 100 % രാഷ്ട്രീയമാണെന്ന് പറയും, ആണെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ക്ക് രാഷ്ട്രീയമെന്തിനാ എന്ന് ചോദിക്കും.
ഇനി വിഷയത്തിലേക്ക് വരാം.

പിജി സമയത്ത് ബോസ്സായിരുന്ന ഇപ്പോഴും മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ള അതുല്യനായ ദിലീപ് മോഡി സാറിന് മറ്റുള്ള യൂണിറ്റുകളില്‍ നിന്ന് കണ്ടെത്താന്‍ പ്രയാസമുള്ള രോഗങ്ങള്‍ക്ക് വേണ്ടി റെഫെറന്‍സ് വരുമായിരുന്നു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് ഒരേ യോഗ്യതയുള്ള സാറിനേക്കാള്‍ പരിചയ സമ്പത്തുള്ള അധ്യാപകര്‍ സാറിന്റെ സഹായം തേടുന്നത്. രണ്ട് പേരും മെഡിസിനില്‍ പിജി ചെയ്തവര്‍. ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നു. എന്നിട്ടും.

അതിന് കാരണം സാറിന്റെ കഴിവ് തന്നെയാണ്. സാറിന്റെ ആത്മാര്‍ത്ഥതയും അറിവും ചില കാര്യങ്ങളെ തിരിച്ചറിയാനുള്ള പാടവവും സാറിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. അത് കൊണ്ട് തന്നെയാണ് സാറിനെ കാണാന്‍ കൂടുതല്‍ രോഗികകള്‍ വന്നു കൊണ്ടിരുന്നത്.

ഇത് പറഞ്ഞത് എല്ലാവര്‍ക്കും പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. നമ്മളും പലപ്പോഴും ഒരേ യോഗ്യതയുള്ള ഡോക്ടര്‍മാരെ കുറിച്ച് സംസാരിക്കാറുണ്ട്. രണ്ടുപേരില്‍ നിന്ന് ഒരാളെ കുറിച്ച് അയാളുടെ കഴിവുകളെ കുറിച്ച് പറയാറുണ്ട്. പുകഴ്ത്താറുണ്ട്. ഒരാള്‍ മറ്റവനെക്കാള്‍ മിടുക്കനെന്ന് വാദിക്കാറുണ്ട്.
നമ്മില്‍ പലരും ഇങ്ങനെ സംസാരിച്ചിട്ടുണ്ടാവും. തീര്‍ച്ച

ഇന്ന് ലോകം മുഴുവനും കൊറോണ പാന്‍ഡെമിക് കാരണം ഭീതിയിലാണ്. ആ ഭീതിയില്‍ ജീവിക്കുന്ന നമ്മുടെ കേരളലത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തികള്‍ നമുക്കൊന്ന് നോക്കാം.

1. ആദ്യ ഘട്ടത്തില്‍ കൊറോണ പിടിപെട്ട രോഗികകളെ വിജയകരമായി ക്വാറന്റൈന്‍ ചെയ്ത് ചികില്‍സിച്ച്
  ഭേദമാക്കുന്നു.

2. ശക്തമായ മുന്‍കരുതലുകളുമായി മുന്‍പോട്ട് പൊകുമ്പോള്‍ ചിലര്‍ അതില്‍ നിന്ന് തലയൂരി പലര്‍ക്കും    രോഗമെത്തിക്കുന്നു.

3. കേരളമാകെ വാര്‍ത്ത പരക്കുന്നു. കോടിക്കണക്കിന് ജനങ്ങള്‍ പരിഭ്രാന്തിയില്‍.! പൊങ്കാലയുടെ തലേ       ദിവസം. തക്കം പാര്‍ത്തിരിക്കുന്ന മനുഷ്യ വൈറസുകള്‍. അവര്‍ക്ക് കേരളത്തെ വിട്ട് കൊടുക്കാതെ      നിയന്ത്രിതമായി പൊങ്കാല നടത്തുന്നു.

4. അടുത്ത ദിവസം ക്യാബിനറ്റ് യോഗം.
   അവിടെയാണ് മാസ്സിവ് സ്‌ട്രോക്ക്.
   ആളുകള്‍ കൂട്ടം കൂടാനുള്ള എല്ലാ സാധ്യതകളും പരമാവധി ഒഴിവാക്കുന്നു.

5. പരീക്ഷ സമയമായിട്ടും സ്‌കൂളുകള്‍ പൂട്ടി പരീക്ഷകള്‍ റദ്ദാക്കുന്നു.
   ബാറുകള്‍ സിനിമ ശാലകള്‍, കോടതികള്‍ പൊതുപരിപാടികള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം.

6. ക്വാറന്റൈനിലുള്ള വീടുകളില്‍ ഭക്ഷണമെത്തിക്കുന്നു. അവരുമായി നിരന്തരം സംവദിക്കുന്നു. അവരെ     ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേകം വാഹനങ്ങള്‍.

7. പ്രത്യേകം ഹെല്‍പ്ലൈനുകള്‍. എല്ലാ സ്ഥിതിഗതികള്‍ അറിയാന്‍ മൊബൈല്‍ ആപുകള്‍.

8. വീടുകളില്‍ ജനങ്ങള്‍ തങ്ങി നിന്നാലാവുണ്ടാകുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള നടപടികള്‍     സ്വീകരിക്കുന്നു.

9. അയല്‍ രാജ്യങ്ങളിലുള്ള ഇന്‍ഡ്യക്കാരെ കുറിച്ചുള്ള ആതി കേന്ദ്രത്തെ അറിയിക്കുന്നു.

10. മെഡിക്കല്‍ രംഗത്തുള്ള ഇത് വരെ ഡോക്ടറാവാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പോലും         ഉള്‍ക്കൊള്ളിക്കാന്‍ ആഹ്വാനം ചെയ്യുന്നു. (ഒരു ഭീകരമായ അവസ്ഥ വന്നാല്‍ വേണ്ടി വന്നേക്കാം)
11. ഈ സമയത്ത് നടന്നേക്കാവുന്ന ചൂഷണത്തെ കുറിച്ച് (മാസ്‌ക് )ബോധവാന്മാരാക്കുന്നു , അവര്‍ക്ക്         ഹെല്‌പ്ലൈന്‍ നമ്പര്‍ നല്‍കുന്നു.

ഇനിയും പലതുമുണ്ട്.
ഇത് കാണുമ്പോള്‍ വ്യാകുലപ്പെട്ടിരിക്കുന്ന ഒരു സമൂഹം അധികാരികളെ അവരുടെ ആത്മാര്‍ത്ഥതയ്ക്ക് വേണ്ടി പ്രശംസിക്കാം. ഒരു രോഗിയുടെ ജീവന് കാവല്‍ നില്‍ക്കുന്ന ഡോക്ടറെ പ്രശംസിക്കുന്ന പോലെ. നേരത്തെ പറഞ്ഞ പോലെ ഒരാള്‍ മറ്റുള്ളവരെക്കാള്‍ മിടുക്കനാണെന്ന് വാദിക്കാം.
ഇതൊക്കെ തങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ജനങ്ങള്‍ പ്രശംസിക്കാം.
ഇന്ത്യയില്‍ എവിടെയും കാണാത്ത രീതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍ അഭിമാനത്തോടെ നേതാവെന്ന് വിളിച്ച് പോകും.

അതിനെ ഇതൊക്കെ ഉത്തരാവാദിത്വം മാത്രമാണെന്നും, വലിയ സംഭവമല്ല എന്ന് പറയുന്നവര്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കണം. തൊട്ടടുത്ത സംസ്ഥാനമാണ്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്.
ഇതിനെക്കാളും ഭയാനകമായ പന്നിപ്പനി എപിഡെമികില്‍ ഗുജറാത്തില്‍ ജോലി ചെയ്തവനാണ് ഞാന്‍.
അവിടെയൊക്കെ മരിച്ച് വീഴുന്നവര്‍ക്ക് തെരുവ് പട്ടിയുടെ വിലപോലും അധികാരികള്‍ കല്പിച്ചിട്ടില്ല. ഇത്
കേട്ടറിവല്ല, കണ്ടതും അനുഭവിച്ചതുമാണ്.
ഇതൊക്കെ കാണുമ്പോഴും വായിക്കുമ്പോഴും നിങ്ങള്‍ക്ക് കാലിലൊരു പെരുപ്പ് അനുഭവപ്പെടുന്നെങ്കില്‍ അസുഖം മറ്റേതാണ്. ഏത്?
അത് തന്നെ, വട്ടച്ചൊറിയയുടെ.

ഇനി മീഡിയ മാനിയയിലേക്ക് വരാം. ദിലീപ് മോഡി സര്‍ പലപ്പോഴും രോഗികകളുടെ കൂട്ടിരിപ്പുകാരോട് പതിയെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ ആശങ്ക മാറിയില്ലെങ്കില്‍ വീണ്ടും വീണ്ടും അസുഖത്തെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി ഞങ്ങള്‍ കൂടെയുണ്ടെന്ന വിശ്വാസം അവരിലുണ്ടാക്കി തോളോട് ചേര്‍ത്ത് പിടിക്കും. (അത്യാവശ്യം മുന്‍കോപിയായ ഞാന്‍ ഇത് ഇന്നും അനുകരിക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നു. ഇന്നും പരാജിതനാണ്)

ഇത് തന്നെയല്ലേ മുഖ്യനും ടീച്ചറും ചെയ്യുന്നത്.
ഒരു സമൂഹം ഭീതിയിലാകുമ്പോള്‍ അവരെ തുടരെ തുടരെ കണ്ട് കൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് പറയുമ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മധൈര്യം ഒരു ഡോക്ടറായ എനിക്ക് മനസ്സിലാകും. അതിനെ മീഡിയ മാനിയ എന്നൊക്കെ പറയുന്നത് താന്‍ തയ്ച്ചു വെച്ച മുഖ്യന്റെ കുപ്പായം പാഴായിപ്പോകുമോ എന്ന ഭയമാണെന്ന് ജങ്ങള്‍ക്ക് മനസിലാകും മിസ്റ്റര്‍.
രാഷ്ട്രീയമാകാം പക്ഷെ അതിലും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്നൊന്നുണ്ട് മാഷേ.സാഹചര്യമനുസരിച്ച് അത് പ്രാവര്‍ത്തികമാക്കണം.

ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍, ഭയത്തിലാകുമ്പോള്‍, പതറുമ്പോള്‍ അവര്‍ക്ക് ശക്തി പകരുന്നവരെ കളിയാക്കുന്നത് ഷൂ നക്കികളുടെ പാരമ്പര്യമാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ ചാട്ടം അങ്ങോട്ട് തന്നെയാണല്ലോ. ന്യൂറോളജി ആയതിനാല്‍ മാത്രം കൊറോണ ഡ്യൂട്ടി ഇല്ലാതിരിക്കുന്ന (വേണ്ടിവന്നാല്‍ അതിനും തയ്യാറായിട്ടുള്ള) എനിക്ക് പറയാനുള്ളത് നിങ്ങള്‍ കൊഞ്ഞനം കുത്തുന്നത് ടീച്ചറുടെ മുഖത്തോ സര്‍ക്കാറിന്റെ മുഖത്തോ അല്ല, ഒരു സമൂഹത്തിന്റെ ഒരു ജനതയുടെ, ജീവന്‍ പണയം വെച്ച് ആരാണ് കൊറോണ രോഗി എന്നറിയാതെ മുന്നില്‍ വരുന്നവരെയൊക്കെ ഭയമില്ലാതെ ശുശ്രൂഷിച്ച് ജോലി ചെയുന്ന ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ മുഖത്താണ്.
മരിച്ച് പോയ സിസ്റ്റര്‍ ലിനിയുടെ മുഖത്താണ്.

മുഖ്യന്റെയും ടീച്ചറുടെയും വാക്കുകള്‍ കടമെടുത്ത് നിര്‍ത്തുന്നു
'ഇതൊക്കെ ജനം കാണുന്നുണ്ട്.
മനുഷ്യനാണ് പ്രധാനം. മനുഷ്യനുണ്ടെങ്കിലേ പക്ഷമുള്ളൂ. ഇനിയെങ്കിലും മുന്നണിയുടെ കൂടെ അല്ല, മനുഷ്യന്റെ പക്ഷത്ത് നില്ക്കു മനുഷ്യാ, താനും അതാണെന്ന് ബോധമുണ്ടെങ്കില്‍ മാത്രം.

NB: സ്വന്തം ശരീരത്തില്‍ കൊറോണ പിടിപെട്ട് ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നത് വരെ ഉണ്ടാവൂ നിങ്ങളുടെ ഈ കുത്തിത്തിരുപ്പ്.

ഡോ. ഷമീം മുഹമ്മദ് കട്ടത്തടുക്ക.

 



Keywords: Kochi, News, Kerala, post, Facebook, P S. Ramshad, Dr. Shameem Muhammed Kattathadka, Coronavirus, Facebook post of P S. Ramshad and Dr. Shameem Muhammed Kattathadka