Follow KVARTHA on Google news Follow Us!
ad

ആ വാര്‍ത്ത എഴുതുന്നതിനു മുമ്പ് ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു; പരിഭവം മറച്ചുവയ്ക്കാതെ കോടിയേരി

തനിക്ക് രോഗമാണെന്നും അവധിയില്‍ പോകുകയാണെന്നും വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിവിടുമ്പോള്‍ എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു Kerala, News, Kannur, Kodiyeri Balakrishnan, Kodiyeri Balakrishnan about his ill
കണ്ണൂര്‍: (www.kvartha.com 20.02.2020) തനിക്ക് രോഗമാണെന്നും അവധിയില്‍ പോകുകയാണെന്നും വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിവിടുമ്പോള്‍ എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ താനുളളപ്പോള്‍ ആ വാര്‍ത്ത പൊലിപ്പിച്ച് എഴുതിയത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. മനോരമ ന്യൂസ് നേരെ ചൊവ്വ അഭിമുഖത്തിനിടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്കാര്യത്തിലുള്ള പരിഭവം തുറന്ന് പറഞ്ഞത്.

മലയാള മനോരമ പത്രത്തില്‍ ഒന്നാം പേജിലാണ് ലീഡായി കോടിയേരി അവധിയില്‍ പോകുന്ന വാര്‍ത്ത വന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിച്ച വാര്‍ത്തയാണെന്ന് പറഞ്ഞ് അഭിമുഖം നടത്തിയ ജോണി ലൂക്കോസ് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും കോടിയേരി വിട്ടില്ല. പാര്‍ട്ടിയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് ഇതിന് കാരണം. കൂട്ടായ നേതൃത്വമാണ് സി പി എമ്മിനെ നയിക്കുന്നത്. ഒരാള്‍ മാറി നിന്നാല്‍ മറ്റുള്ളവര്‍ സംഘടനാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോവും. കൂട്ടായ നേതൃത്വമുള്ള ഒരു പാര്‍ട്ടിയില്‍ പാര്‍ട്ടി സെക്രട്ടറി മാറി നിന്നാലും ഒന്നും സംഭവിക്കാറില്ല. പാര്‍ട്ടിക്ക് പുതിയ സെക്രട്ടി വേണമെന്നു തോന്നും വരെ താന്‍ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നും കോടിയേരി വ്യക്തമാക്കി.

രോഗത്തിനെതിരെ പോരാടാന്‍ പ്രചോദനം നല്‍കിയത് പാര്‍ട്ടിയാണ്. രോഗം വന്നാല്‍ നേരിട്ടേ പറ്റൂ... കരഞ്ഞിരുന്നിട്ട് കാര്യമില്ല. പതിവ് പ്രമേഹ പരിശോധനയില്‍ അവിചാരിതമാണ് രോഗം കണ്ടെത്തിയത്. പാന്‍ക്രിയാസ് കാന്‍സറാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ചികിത്സാ കാലത്ത് പാര്‍ട്ടിയും സുഹൃത്തുക്കളും കുടുംബവും കൂടെ നിന്നു. മുഖ്യമന്ത്രി മിക്ക ദിവസവും വിളിച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം എടുത്ത് പറയണം. ഒരുപാടു പേര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ജീവിതം ഒരു പോരാട്ടമാണ്. ഏതവസ്ഥയിലായാലും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.



Keywords: Kerala, News, Kannur, Kodiyeri Balakrishnan, Kodiyeri Balakrishnan about his ill