Follow KVARTHA on Google news Follow Us!
ad

സുരേന്ദ്രന്റെ മുന്നില്‍ വെല്ലുവിളികളേറെ...തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തളര്‍ന്ന പാര്‍ട്ടിക്ക് പുതു ജീവനേകാന്‍ യുവനേതാവിനാകുമോ?

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പദവിയിലേക്ക് തന്റെ ഗ്രൂപ്പില്‍പ്പെട്ട Kannur, News, Politics, Trending, BJP, K. Surendran, Strike, Prison, Kozhikode, Kerala
കണ്ണൂര്‍: (www.kvartha.com 15.02.2020) ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പദവിയിലേക്ക് തന്റെ ഗ്രൂപ്പില്‍പ്പെട്ട യുവജന നേതാവിനെ അവരോധിക്കുന്നതില്‍ വി മുരളീധര വിഭാഗം ജയിച്ചു. പി കെ കൃഷ്ണദാസ് വിഭാഗക്കാരനായ എം ടി രമേശിനെ മറികടന്നു കൊണ്ടാണ് പാര്‍ട്ടി യിലെ ജനകീയ മുഖങ്ങളിലൊന്നായ കെ സുരേന്ദ്രന്‍ അധ്യക്ഷനായി അവരോധിക്കപ്പെടുന്നത്.

പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജെ എല്‍ സന്തോഷിന്റെ പിന്തുണയും സുരേന്ദ്രന് ഗുണം ചെയ്തു. പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനു ശേഷമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നത്. നേരത്തെ കെ സുരേന്ദ്രന്റെ പേരിന് തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും അവസാന ഘട്ടത്തില്‍ പേരുകള്‍ മാറിമറിഞ്ഞു.

K Surendran named Kerala BJP President, Kannur, News, Politics, Trending, BJP, K. Surendran, Strike, Prison, Kozhikode, Kerala

സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ബി ജെ പിയിലെ കൃഷ്ണദാസ് വിഭാഗം കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തു വന്നതോടെ സമവായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തെരയാന്‍ തുടങ്ങി. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്നത്.

എന്നാല്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വി തളര്‍ത്തിയ പാര്‍ട്ടി സംവിധാനത്തെ ഉണര്‍ത്താന്‍ കഴിവുള്ള ഒരു നേതാവിനെയാണ് ബി ജെ പി കേന്ദ്ര നേതൃത്വം തേടിയത്. ഒടുവില്‍ ജനകീയ സമരങ്ങളിലെ സാന്നിധ്യമായ കെ സുരേന്ദ്രനിലേക്ക് തന്നെ തീരുമാനം എത്തിച്ചേര്‍ന്നു.

എന്നാല്‍ വരും നാളുകള്‍ സുരേന്ദ്രന് പൂ വിരിച്ച പരവതാനിയായിരിക്കില്ലെന്നാണ് സൂചന. ഗ്രൂപ്പിസം കൊണ്ടു പൊറുതിമുട്ടിയ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കോര്‍ത്തിണക്കി കൊണ്ടുപോവുക എന്നത് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. മണ്ഡലം മുതല്‍ ജില്ലവരെ വിവിധ ഗ്രൂപ്പുകള്‍ പിടിമുറുക്കിയിരിക്കുകയാണ്.

പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കിയെന്നതാണ് മറ്റൊരു വെല്ലുവിളി. ഇതിനു പുറമേ എന്‍ ഡി എയിലെ പ്രശ്‌നങ്ങളും പരിഹരിക്കണം. കയ്യാലപ്പുറത്തെ തേങ്ങ പോലെയിരിക്കുകയാണ് ബി ഡി ജെ എസ് അടക്കമുള്ള ഘടകകക്ഷികള്‍. ഈ പാര്‍ട്ടികളെ അനുനയിപ്പിക്കയെന്നത് ചെറിയ പണിയല്ല.

സംസ്ഥാനത്ത് ബി ജെ പി നടത്തിയ സമരങ്ങളുടെ മുന്നണിപ്പോരാളിയായാണ് കെ സുരേന്ദ്രന്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്കെത്തുന്നത് .

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ ബിരുദ പഠന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി മാറി. രസതന്ത്ര ബിരുദ ധാരിയായി കലാലയം വിട്ടിറങ്ങിയ സുരേന്ദ്രന്‍ പിന്നീട് യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആയി മാറി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ ജി മാരാരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സുരേന്ദ്രന്‍, യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.

സുരേന്ദ്രന്‍ യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായിരിക്കെ അത്യുജ്ജ്വലമായ സമരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത് . ഈ കാലഘട്ടത്തില്‍ ആണ് കേരള രാഷ്ട്രീയത്തില്‍ സുരേന്ദ്രന്‍ ശ്രദ്ധ കേന്ദ്രമാവുന്നത്. സുരേന്ദ്രന്‍ നയിച്ച പ്രക്ഷോഭങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ യുവമോര്‍ച്ചയ്ക്ക് മേല്‍ വിലാസമുണ്ടാക്കി കൊടുത്തു.

സംഘടനാ രംഗത്തു മാത്രമല്ല തെരഞ്ഞെടുപ്പ് രംഗത്തും സുരേന്ദ്രന്‍ കാഴ്ച വെച്ച മത്സരം കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ മുന്നേറ്റത്തിന്റെ സൂചനകളായി മാറി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ എണ്‍പത്തി ഒന്‍പത് വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കള്ള വോട്ട് രേഖപ്പെടുത്തിയാണ് തന്നെ പരിചയപ്പെടുത്തിയെതെന്ന സുരേന്ദ്രന്റെ ആരോപണം കോടതി കയറുകയും ചെയ്തു.

ശബരിമല യുവതീ പ്രവേശന വിഷയത്തിലും സുരേന്ദ്രന്റെ പോരാട്ട വീര്യം കേരളം കണ്ടു. ശബരിമല ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ജാമ്യം നിഷേധിക്കപ്പെട്ടു, നിരവധി കേസുകളില്‍ ഉള്‍പ്പെട്ട്, 22 ദിവസത്തോളം ജയില്‍ വാസം. ഈ പോരാട്ടം സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറി.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രന്‍ നാല്‍പതിനായിരത്തോളം വോട്ട് സമാഹരിച്ചു. തെരഞ്ഞെടുപ്പില്‍ തീ പാറും പോരാട്ടമാണ് സുരേന്ദ്രന്‍ കാഴ്ച വെച്ചത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ബി ജെ പി സജ്ജമാവുന്ന സാഹചര്യത്തില്‍ കൂടിയാണ് മികച്ച സംഘാടകന്‍ കൂടിയായ സുരേന്ദ്രന്‍, പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദത്തിലേക്ക് നിയുക്തനാവുന്നത് എന്നതും ശ്രദ്ധേയമാണ്.

Keywords: K Surendran named Kerala BJP President, Kannur, News, Politics, Trending, BJP, K. Surendran, Strike, Prison, Kozhikode, Kerala.