Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവ്; കടകള്‍ തുറന്നു, വാഹനങ്ങളോടുന്നു, ആളുകള്‍ ജോലിക്ക് പോകുന്നു; കലാപത്തില്‍ രജിസ്റ്റര്‍ ചെയ്തത് 148 എഫ് ഐ ആറുകള്‍; മരിച്ചവരുടെ എണ്ണം 42

വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവ്.New Delhi, News, Politics, Clash, Trending, Injured, Dead, Protection, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2020) വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവ്. കഴിഞ്ഞ നാലു ദിവസങ്ങളായി തുടരുന്ന കലാപത്തിനുശേഷം രാജ്യ തലസ്ഥാന നഗരി ശാന്തതയിലേക്ക് നീങ്ങുകയാണ്. സംഘര്‍ഷങ്ങള്‍ ഉണ്ടായ മേഖലകളില്‍ കൂട്ടയോഗങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കലാപത്തില്‍ ഇതുവരെ 42 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

വെള്ളിയാഴ്ച നാലു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 38 ആയിരുന്നു. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.


ഭീകരാന്തരീക്ഷത്തിന്റെ നിഴലില്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്ന ആളുകള്‍ ജോലിക്ക് പോയി തുടങ്ങി. വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ ഗതാഗതവും സാധാരണ നിലയിലേയ്ക്ക് നീങ്ങുന്നു. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ കടകളും തുറന്നുതുടങ്ങി.

സംഘര്‍ഷ മേഖലകളില്‍ സുരക്ഷാ സേന താവളമടിച്ചിരിക്കുകയാണ്. കത്തിയെരിഞ്ഞ കാറുകളും റോഡിലെ തടസങ്ങളും ക്രെയ്നുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മാറ്റിത്തുടങ്ങി. വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ കലാപരൂക്ഷിതമായ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയില്‍ എത്താന്‍ ഇനിയും സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടത്തിയ കലാപത്തില്‍ 148 എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുകളുടെ അന്വേഷണം ഡെല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പൊലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പൊലീസ് പറഞ്ഞു.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്നമേഖലകളില്‍ ഡെല്‍ഹി പൊലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയുംവേഗം സമാധാനം വീണ്ടെടുക്കുകയാണ് പൊലീസിന്റെ പ്രധാനലക്ഷ്യമെന്ന് ജോയന്റ് കമ്മിഷണര്‍ ഒ പി മിശ്ര കലാപബാധിത പ്രദേശമായ ചാന്ദ് ബാഗില്‍ വെച്ച് പറഞ്ഞു.

Keywords: At Least 148 FIRs Registered, 630 Arrested for Role in Delhi Violence; Death Toll at 42, New Delhi, News, Politics, Clash, Trending, Injured, Dead, Protection, National.