» » » » » » » » » » » മംഗളൂരു വിമാനത്താവളത്തില്‍ മലയാളികള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തുടരുന്നു; ഒടുവിലത്തെ ഇരയായി അനസ്, ഗള്‍ഫ് യാത്രക്കാര്‍ ആശങ്കയില്‍, പ്രതിഷേധം കത്തുന്നു, നടപടി വേണമെന്ന ആവശ്യം ശക്തം

ദുബൈ: (www.kvartha.com 13.02.2020) മലയാളികള്‍ക്കെതിരെ കര്‍ണാടകയിലെ വനിതാ ജനപ്രതിനിധിയുള്‍പെടെയുള്ളവര്‍ പ്രസ്താവനയുമായി രംഗത്തു വന്നതിനു പിന്നാലെ മംഗളൂരു വിമാനത്താവളത്തില്‍ സഹോദരനെ യാത്രയയക്കാനെത്തിയ കൗമാരക്കാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവം പ്രവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമായി. മംഗളൂരു വിമാനത്താവളത്തെ കരിവാരിത്തേക്കാന്‍ ചില ദു:ശക്തികള്‍ ശ്രമിക്കുന്നതായും എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നതെന്നുമാണ് വിലയിരുത്തല്‍. ഈ ശക്തികള്‍ തന്നെയാണ് മലയാളികളാണ് മംഗളൂരുവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരനാണെന്ന പ്രചരണം അഴിച്ചുവിടുന്നത്. എയര്‍പോര്‍ട്ടില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ കെ എം സി സി ഉള്‍പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുമ്പ് അധികൃതരുമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

കഴിഞ്ഞ ദിവസമാണ് ഒമാനിലേക്ക് പോകാനെത്തിയ മഞ്ചേശ്വരത്തെ പരേതനായ ഹനീഫയുടെ മകന്‍ അര്‍ഷാദിനെ യാത്രയയക്കാനെത്തിയ സഹോദരന്‍ അബൂബക്കര്‍ അനസ് സി ഐ എസ് എഫിന്റെ ക്രൂരമര്‍ദനത്തിനിരയായത്. അനസിന്റെ മാതാവ് മറിയുമ്മ, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍മക്കള്‍ എന്നിവരുടെ മുന്നിലിട്ടാണ് അര്‍ഷാദിനെ അതിക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് ഫോട്ടോയെടുത്തതിനാണ് അനസിനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ മസ്‌ക്കറ്റിലേക്ക് പോകാനായാണ് അര്‍ഷാദ് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. കൂടെ മാതാവും സഹോദരിമാരും അനസും ഉണ്ടായിരുന്നു. രാത്രി 10 മണിയോടെ വിമാനത്താവളത്തിന്റെ പുറത്തു നിന്നും ഗെയ്റ്റില്‍ കൂടി അര്‍ഷാദ് അകത്തു പോകുന്നതിനിടെ അനസ് സഹോദരന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചാടി വീണ് അനസിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിക്കുകയും മൊബൈല്‍ പിടിച്ചു വാങ്ങി ഫോട്ടോ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് അനസ് തന്റെ സഹോദരന്‍ ആദ്യമായി വിദേശത്തേക്ക് പോകുന്ന സങ്കടത്തിലാണ് താന്‍ ഫോട്ടോ എടുത്തതെന്നും ഇവിടെ ഫോട്ടോ എടുക്കരുതെന്നുള്ള ബോര്‍ഡുകളൊന്നും ഇല്ലാത്തത് കൊണ്ടാണ് എടുത്തതെന്നും ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തു. എന്നാല്‍ അനസും കുടുംബവും തങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങുന്നതിനിടയില്‍ സി ഐ എസ് എഫ് സംഘം ചാടി വീഴുകയും വടികൊണ്ടും, ഷൂസിട്ട കാല് കൊണ്ടും സംഘം ചേര്‍ന്ന് വളഞ്ഞിട്ടു അനസിനെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ആക്ഷേപം.

വിമാനത്താവളത്തിന്റെ ഒരു ഭാഗത്തെ മതിലിനടുത്തേക്ക് വലിച്ചു കൊണ്ടുപോയി കൈയ്യാമം വെച്ച് സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത്. ഇവരുടെ വിളയാട്ടം നേരിട്ട് കണ്ട മറ്റൊരാള്‍ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അയാളെയും സി ഐ എസ് എഫ് ജീവനക്കാര്‍ വെറുതെ വിട്ടില്ല. രാത്രി 10 മണിയോടെ ആരംഭിച്ച ഉദ്യോഗസ്ഥരുടെ വിളയാട്ടം പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു നിന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസം വരുത്തിയെന്ന കള്ളപരാതി നല്‍കി അനസിനെയും കുടുംബത്തെയും ബജ്പെ പോലീസിനു കൈമാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനസിനെ ഒന്നര മണിക്കൂറോളം ലോക്കപ്പിലിട്ട ബജ്പെ പോലീസ് മാതാവില്‍ നിന്നും സംഭവ സമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാസര്‍കോട്ടെ മറ്റു ചിലരില്‍ നിന്നും സത്യാവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്ന്  പെറ്റി കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ അനസിനും കുടുംബത്തിനും നാട്ടിലേക്ക് തിരികെ പോകാനായത്.

നേരത്തെയും ഇത്തരത്തിലുള്ള ദുരനുഭവം മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാര്‍ നേരിട്ടിരുന്നു. വനിതാ യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് കീറിക്കളഞ്ഞ സംഭവവുമുണ്ടായിരുന്നു. മംഗളൂരു വിമാനത്താവളത്തില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ദിനംപ്രതി കാസര്‍കോട്ടുകാരുള്‍പെടെയുള്ള നിരവധി മലയാളികളാണ് മംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോവുകയും വരികയും ചെയ്യുന്നത്. ഇതില്‍ അക്രമത്തിനിരയാകുന്നത് കൂടുതലും മലയാളികളാണ്. മലയാളി യാത്രക്കാരോടുള്ള മംഗളൂരു വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ഗള്‍ഫ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് വിമാനത്താവളത്തിലെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് പ്രവാസി സംഘടനാ നേതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു. മറ്റു വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് രാജകീയ സ്വീകരണങ്ങള്‍ നല്‍കുമ്പോഴാണ് മംഗളൂരു വിമാനത്താവളത്തില്‍ ഇത്തരം കൈപേറിയ അനുഭവങ്ങളുണ്ടാകുന്നത്.Keywords: Gulf, News, Dubai, Trending, Mangalore, Airport, Complaint, Assault, National, Again complaint against Mangaluru Airport

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal