Follow KVARTHA on Google news Follow Us!
ad

വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെ തേടി ഒടുവില്‍ മകനെത്തി; രണ്ടാം ഭര്‍ത്താവ് മാത്യു ഇതിന് മുമ്പും ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍; ഇയാളെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്

വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന Idukki, Local-News, News, Missing, Police, hospital, Treatment, Kerala
ഇടുക്കി: (www.kvartha.com 18.01.2020) വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന അമ്മയെ തേടി ഒടുവില്‍ മകനെത്തി. ഇടുക്കി അടിമാലിയില്‍ കഴിഞ്ഞദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രോഗിയായ ലൈലാമണിയെന്ന വീട്ടമ്മയെ പൊലീസ് കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈലാമണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. രോഗിയായ ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച മാത്യു ഇവരുടെ രണ്ടാം ഭര്‍ത്താവാണ്. മുന്‍പും ഇതേ രീതിയില്‍ ലൈലാമണിയെ ഉപേക്ഷിക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു.

Woman locked up in car for 2 days, husband missing,Idukki, Local-News, News, Missing, Police, Hospital, Treatment, Kerala

തിരുവനന്തപുരത്ത് വച്ചായിരുന്നു അത്. അന്ന് പൊലീസ് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ലൈലാമണിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ മാത്യു വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ മാധ്യമങ്ങളില്‍ നിന്നുളള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലൈലാമണിയുടെ മകന്‍ ശനിയാഴ്ച രാവിലെയാണ് അമ്മയെ തേടി എത്തിയത്. ഇവരുടെ ആദ്യ ഭര്‍ത്താവിലുള്ള മകന്‍ മഞ്ജിതാണ് അമ്മയെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ് ആശുപത്രിയില്‍ എത്തിയത്. ഇയാള്‍ കട്ടപ്പനയിലാണ് താമസിക്കുന്നത്. ഇയാളുടെ വീട്ടിലേക്കായിരുന്നു ലൈലാമണിയുടേയും മാത്യുവിന്റേയും യാത്ര.

മാത്യുവിനു ഏതെങ്കിലും തരത്തില്‍ അപായം പറ്റിയതാകുമോ എന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം . എന്നാല്‍ മാത്യുവിനു ഏതെങ്കിലും തരത്തില്‍ അപായം പറ്റിയതായി വിവരം ഇല്ലെന്നും മന:പ്പൂര്‍വം ഉപേക്ഷിച്ചു പോയതാകുമെന്നുമാണ് പൊലീസിന്റെ സംശയം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

വയനാട് തലപ്പുഴ വെണ്മണിയില്‍ ആയിരുന്നു ഭര്‍ത്താവുമൊത്ത് ലൈലാമണി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കെ.എല്‍ 12-സി 4868 നമ്പരിലുള്ള ഓള്‍ട്ടോ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . വ്യാഴാഴ്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

വെള്ളിയാഴ്ചയും വാഹനം ഇവിടെനിന്നു മാറ്റാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയതായി മനസിലായി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്നു കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍നിന്നു കണ്ടെത്തി. വാഹനം വയനാട് വെണ്‍മണി വലിയവേലിക്കകത്ത് മാത്യു എന്നയാളുടെ പേരിലുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം താന്‍ തിരുവനന്തപുരം സ്വദേശിനി ആണെന്നും മാത്യുവിനെ വിവാഹം കഴിച്ചു വയനാട്ടിലെ മാനന്തവാടിയില്‍ എത്തിയതാണെന്നും വീട്ടമ്മ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

മൂന്ന് ദിവസം മുമ്പാണ് വയനാട്ടില്‍നിന്നു ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് തിരിച്ചതെന്നും യാത്രാമധ്യേ അടിമാലിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് പ്രാഥമിക ആവശ്യത്തിനായി കാറില്‍നിന്ന് ഇറങ്ങി പോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും ലൈലാമണി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman locked up in car for 2 days, husband missing,Idukki, Local-News, News, Missing, Police, Hospital, Treatment, Kerala.