മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെല്ലാം മുസ്ലിംകള്‍ക്ക് മാത്രം എതിരാകുന്നത്, മറ്റു മതസ്ഥരുടെ വിവാഹമോചനം സിവില്‍ കുറ്റമാകുമ്പോള്‍ മുസ്ലിംകളുടേത് മാത്രം ക്രിമിനലാക്കി, 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമങ്ങള്‍ നിലനില്‍ക്കവെ മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരില്‍ എടുത്തുകളഞ്ഞു, മുസ്സോളിനിയുടെ സംഘടനാ സംവിധാനവും ഹിറ്റ്‌ലറുടെ ആശയവുമാണ് മോദി നടപ്പിലാക്കുന്നത്; ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും നാണം കെട്ട ചരിത്രം കൂടി വിവരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം

തിരുവനന്തപുരം: (www.kvartha.com 31.12.2019) ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും നാണം കെട്ട ചരിത്രം വിവരിച്ച് ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മോദിയെ ഹിറ്റലരോടുപമിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെല്ലാം മുസ്ലിംകള്‍ക്ക് മാത്രം എതിരാകുന്നതാണെന്നും മറ്റു മതസ്ഥരുടെ വിവാഹമോചനം സിവില്‍ കുറ്റമാകുമ്പോള്‍ മുസ്ലിംകളുടേത് മാത്രം ക്രിമിനലാക്കിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കശ്മീരിലെ 307ാം വകുപ്പ് എടുത്തുകളഞ്ഞതിനെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. മുസ്സോളിനിയുടെ സംഘടനാ സംവിധാനവും ഹിറ്റ്‌ലറുടെ ആശയവുമാണ് മോദി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന്റെ പൂര്‍ണരൂപം

രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്.

മുസ്ലീം വിഭാഗത്തിനെതിരായി പലതരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്വലാഖിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമങ്ങള്‍ നിലനില്‍ക്കവെ ജമ്മു കശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370-ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സവിശേഷ അധികാരങ്ങള്‍ എന്നുപറഞ്ഞ് ജമ്മു കശ്മീരിന്റെ 370-ാം വകുപ്പ് എടുത്തുമാറ്റുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അതേസമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തില്‍ ഐഎല്‍പി അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കി. മണിപ്പൂര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആ പദവി നല്‍കി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവിടെ പോകണമെങ്കില്‍ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉള്‍പ്പെടെ വാങ്ങാന്‍ വേണ്ടി മറ്റു സംസ്ഥാനക്കാര്‍ക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത്തരം നയങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്ട്രീയപാര്‍ട്ടിയല്ല. അത് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്നതാണ്.

ഈ സംഘടനയുടെ ആശയപരമായ കാഴ്ചപ്പാട് ജര്‍മനിയെപ്പോലുള്ള രാജ്യങ്ങളില്‍ ഹിറ്റ്ലര്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിന്റെ സംഘടനാ സംവിധാനം രൂപപ്പെട്ടതാവട്ടെ മുസ്സോളനിയില്‍ നിന്നാണ്. ആര്‍എസ്എസിന്റെ സ്ഥാപകനേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ ഒരാളായ ബി എസ് മുംഞ്ചെ തന്റെ ഡയറിക്കുറിപ്പില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. 
''മുസ്സോളിനിയുടെ കരിങ്കുപ്പായക്കാരില്‍ നിന്നാണ് സംഘടനാ സംവിധാനം പകര്‍ത്തിയെടുക്കുന്നത്. ആശയപരമായത് ഹിറ്റ്ലറില്‍ നിന്നും''. 
ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥങ്ങളില്‍ ഈ സമീപനം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. മാത്രമല്ല, ഹിറ്റ്ലറുടെ ജര്‍മനി തന്നെയാണ് തങ്ങളുടെ വഴിയെന്നും പരസ്യമായി തന്നെ അവര്‍ പ്രഖ്യാപിക്കുന്നുണ്ട്.

'നാം നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എം എസ് ഗോല്‍വാക്കറിന്റെ 'വി ഓര്‍ അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്', 'വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്)' എന്നീ പുസ്തകങ്ങളിലും പൗരത്വത്തെപ്പറ്റിയും വംശീയതയെപ്പറ്റിയും ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇവ ഈ അവസരത്തില്‍ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും.
''ഒരു വംശത്തിന്റെയും (Race) സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിര്‍ത്താന്‍ ജര്‍മനി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ രാജ്യത്തിലെ സെമിറ്റിക് വംശജരായ ജൂതന്മാരെ പിഴുതെറിഞ്ഞു. വംശാഭിമാനം (Race Pride) അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇവിടെ കാണപ്പെട്ടത്. അടിസ്ഥാനപരമായി വ്യത്യസ്തതകളുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരു ഐക്യരൂപത്തില്‍ ഉള്‍പ്പെടാന്‍ കഴിയില്ല എന്ന് ജര്‍മനി തെളിയിച്ചിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും പ്രയോഗിക്കാനും കഴിയുന്നതാണ്''.
(വി ഓര്‍ അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്) അതായത്, ഹിറ്റ്ലറുടെ പാതയാണ് തങ്ങളുടെ പാതയെന്നും ആര്‍എസ്എസ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. 'നാം നമ്മുടെ ദേശീയത നിര്‍വചിക്കുന്നു' എന്ന പുസ്തകത്തില്‍ നിന്നും ഒരു ഉദ്ധരണി കൂടി അവതരിപ്പിക്കട്ടെ;
''വിദേശീയരായ കൂട്ടര്‍ക്ക് രണ്ട് മാര്‍ഗങ്ങള്‍ മാത്രമേ ഉള്ളൂ. ഒന്നുകില്‍ ദേശീയവംശത്തില്‍ സ്വയം ലയിക്കുകയും അതിന്റെ സംസ്‌കാരം സ്വീകരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ ദേശീയവംശം അനുവദിക്കുന്ന കാലത്തോളം അതിന്റെ ദയയില്‍ കഴിയുകയും അതിന്റെ മധുരേച്ഛ പോലെ പിന്നെ നാടുവിടുകയും ചെയ്യുക. വിചക്ഷണങ്ങളായ പഴയ രാഷ്ട്രങ്ങളുടെ അനുഭവത്തന്റെ അനുമതിയുള്ള ഈ നിലപാടില്‍ നിന്നു നോക്കിയാല്‍ ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങള്‍ ഒന്നുകില്‍ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തോട് ആദരവും ഭയഭക്തിയും ബഹുമാനവും കാട്ടാന്‍ പഠിക്കുകയും ഹിന്ദുവംശത്തേയും സംസ്‌കാരത്തേയും, അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവത്ക്കരിക്കുന്നവയല്ലാതെ മറ്റ് യാതൊരു ആശയവും വച്ചുപുലര്‍ത്താതിരിക്കുകയും ഹിന്ദുവംശത്തില്‍ ലയിക്കുന്നതിനുവേണ്ടി തങ്ങളുടെ വേറിട്ടുള്ള നില്‍പ് ഉപേക്ഷിക്കുകയും ചെയ്യണം. 
അല്ലെങ്കില്‍ യാതൊന്നും അവകാശപ്പെടാതെ, യാതൊരു ആനുകൂല്യങ്ങള്‍ക്കും മുന്‍ഗണന - പരിഗണനയുടെ കാര്യം പറയുകയും വേണ്ട. അര്‍ഹതയില്ലാതെ, എന്തിന് പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും വഴങ്ങി, വേണമെങ്കില്‍ അവര്‍ക്ക് ഈ രാജ്യത്തു കഴിയാം. അവര്‍ക്ക് സ്വീകരിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഉണ്ടായിരിക്കാനെങ്കിലും പാടില്ല. നമ്മള്‍ ഒരു പഴയ രാഷ്ട്രമാണ്; നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ടുള്ള വിദേശവംശങ്ങളെ പഴയ രാഷ്ട്രങ്ങള്‍ ചെയ്യുന്നതുപോലെ, ചെയ്യേണ്ടതുപോലെ നമുക്ക് കൈകാര്യം ചെയ്യാം''. 
'നാം നമ്മുടെ ദേശീയത നിര്‍വചിക്കുന്നു' എന്ന ഗോള്‍വാക്കറുടെ പുസ്തകത്തില്‍ നിന്നുള്ളതാണിത്. വിചാരധാരയില്‍ ഒരു കാര്യം പറയുന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. 
''ജനാധിപത്യ ഇംഗ്ലണ്ടിലെ ഒരു ഉദാഹരണം പഠനാര്‍ഹമാണ്. 100 വര്‍ഷങ്ങള്‍ക്കു മുമ്പ് കുറച്ചു ജര്‍മന്‍കാര്‍ ഇംഗ്ലണ്ടില്‍ കുടിയേറി പാര്‍ക്കുകയും അവര്‍ക്ക് പൗരത്വാവകാശം ലഭിക്കുകയും ചെയ്തു. അവിടെ അവരെ അന്യരായി കണ്ടിരുന്നില്ല. അവരില്‍ ഒരാള്‍ ഒരു ഐസിഎസ് ഉദ്യോഗസ്ഥനായി മധ്യപ്രദേശില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ 1914 ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ജര്‍മന്‍ അനുകൂല വികാരം ഉണ്ടാകുമോ എന്ന് കരുതി അദ്ദേഹത്തെ തടങ്കലില്‍ വെയ്ക്കുകയുണ്ടായി. കേവലം ഒരു സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തടങ്കലില്‍ വച്ചത്. ഇതാണ് ദേശീയതയെക്കുറിച്ചുള്ള അവരുടെ ശരിയായ നിലപാട്. നമ്മുടെ രാജ്യത്തേയും സ്ഥിതി ഇതുതന്നെയാണ്. കേവലം കൂട്ടായ താമസമോ ജനനമോ നമ്മുടെ രാജ്യത്ത് വളരുകയോ ചെയ്താല്‍ മാത്രം ഒരേ തരത്തിലുള്ള കൂറും ഗുണങ്ങളും ജീവിതരീതിയും എല്ലാവരിലും ഉണ്ടാകില്ല.''
ഗോള്‍വാള്‍ക്കറിന്റെ മേല്‍പ്പറഞ്ഞ ഉദ്ധരണികള്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നിരുന്ന ആശങ്കള്‍ക്ക് മതിയായ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ്. ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ആന്തരീക ഭീഷണികള്‍ എന്ന നിലയില്‍ മൂന്ന് വിഭാഗങ്ങളെ പറയുന്നുണ്ട്. 1) മുസ്ലീങ്ങള്‍ (2) ക്രിസ്ത്യാനികള്‍, (3) കമ്യൂണിസ്റ്റുകാര്‍ എന്നിവരെയാണ് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്.

ദേശീയപ്രസ്ഥാനത്തേയും അതിന്റെ പാരമ്പര്യത്തേയും പൂര്‍ണമായും നിഷേധിക്കുന്നതാണ് വിചാരധാരയിലെ നിലപാട്. അത്തരക്കാര്‍ക്ക് എങ്ങനെയാണ് ദേശീയപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാനാവുക.

ഈ വിഭാഗങ്ങള്‍ക്കു മാത്രമല്ല ആര്‍എസ്എസ് എതിര് എന്ന് വിചാരിക്കരുത്. വര്‍ണവ്യവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടില്‍ വിചാരധാരയില്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. 
''നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്. എന്നാല്‍ ഇതിനെ ജാതീയത എന്നു മുദ്രകുത്തി ചുച്ഛിച്ചു തള്ളുകയാണ്. വര്‍ണവ്യവസ്ഥയെന്നു പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകള്‍ക്ക് തോന്നിതുടങ്ങിയിട്ടുണ്ട്. അതില്‍ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യവിവേചനമായി അവര്‍ തെറ്റിദ്ധരിക്കുന്നു''. 
അതായത്, ഇന്ത്യയുടെ ശാപമെന്ന് മാര്‍ക്സ് ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ച ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. എന്താണ് ഹിന്ദുവെന്നുള്ള കാര്യം വിചാരധാരക്കാരന്‍ പറയുന്നുണ്ട്. 
''ബ്രാഹ്മണന്‍ തലയാണ്. രാജാവ് ബാഹുക്കളും വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്. ഈ ചതുര്‍വിധ വ്യവസ്ഥയുള്ള ജനത അതായത്, ഹിന്ദുജനതയാണ് നമ്മുടെ ദൈവം എന്നാണ് അതിന്റെ അര്‍ത്ഥം''. 
ഇത്തരത്തില്‍ ഹിന്ദുവിശ്വാസികളെ പോലും ജാതീയമായ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കുന്നവര്‍ ഏത് വിഭാഗത്തിന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തം. ചുരുക്കത്തില്‍ സംഘപരിവാറിന്റെ അജണ്ട ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാം കിട പൗരന്മാരായി ആന്തരീക ഭീഷണികളായും പ്രഖ്യാപിച്ച് തകര്‍ക്കുന്നതാണ്. ഈ അജണ്ടയാണ് പൗരത്വപ്രശ്നത്തില്‍ ഉയര്‍ന്നുവരുന്നത്. ഇത് എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അജണ്ടകള്‍ ഒന്നൊന്നായി നമ്മുടെ നാട്ടില്‍ രൂപപ്പെടും. അത് തിരിച്ചറിഞ്ഞ് ഇടപെടാനാവണം.

പൗരത്വനിയമ ഭേദഗതി

പൗരത്വ ഭേദഗതി നേരത്തെ ഉണ്ടാകുന്ന ഘട്ടത്തില്‍ പ്രതിഷേധം ഉയരാതിരുന്നത് ഇത്തരം അജണ്ടകളുടെ ഭാഗമായല്ല അത് രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ്. 1955 ലാണ് പൗരത്വനിയമം രാജ്യത്തുണ്ടാകുന്നത്. ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് അത് നിലവില്‍ വന്നത്. പില്‍ക്കാലത്ത് ചില ഭേദഗതികള്‍ ഉണ്ടായി. 1985 ലും 2004 ലും 2005 ലും ആയിരുന്നു അത്.

1985ല്‍ ആസാം അക്കോര്‍ഡില്‍ അനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ഭേദഗതി ഉണ്ടായിരുന്നത്. 2004ല്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനായിരുന്നു. 2005 ല്‍ ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായിരുന്നു.

എന്നാല്‍ ഈ ഭേദഗതികളിലൊന്നും മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലിക അവകാശം ലംഘിക്കുന്നതിന്റെ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭേദഗതികള്‍ക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നില്ല.

Keywords: Kerala, Thiruvananthapuram, Narendra Modi, Pinarayi vijayan, RSS, BJP, CPM, Muslim, India, Trending, Pinarayi against Modi and RSS in assembly 
Previous Post Next Post