പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ധരാത്രിയോടെ കേരളത്തില്‍ പൂട്ടുവീഴും; നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത് ക്യാരിബാഗ് അടക്കം പതിനൊന്നിനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക്; 10,000 രൂപ മുതല്‍ പിഴ

തിരുവനന്തപുരം: (www.kvartha.com 31.12.2019) പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കേരളത്തില്‍ പൂട്ടുവീഴും. ക്യാരിബാഗ് അടക്കം പതിനൊന്നിനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത് . വ്യാപാരികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ നിരോധനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് സാമഗ്രികളുടെ സ്റ്റോക്ക് കൈവശമുണ്ടെന്ന പേരില്‍ 15 വരെ പ്രോസിക്യൂഷന്‍ നടപടി പാടില്ലെന്നു ഹൈക്കോടതി ഉത്തരവുണ്ട്.

നിരോധനവുമായി ബന്ധപ്പെട്ട വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിര്‍മിച്ചാലും വിറ്റാലും കുറ്റകരമാണ്. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും പിന്നെയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.

Kerala govt bans single use plastic from January one, Thiruvananthapuram, News, High-Court, Trending, Kerala

പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ നിരോധനം ബാധകമാണ്.

എന്നാല്‍, ബ്രാന്റഡ് ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍നിന്ന് ഒഴിവാക്കി.

പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.

പ്ലാസ്റ്റിക് പൊടിച്ച് റോഡ് നിര്‍മാണത്തിനും മറ്റും ഉപയോഗിക്കാനുള്ള ഷ്രെഡിങ് യൂണിറ്റുകള്‍ 133 എണ്ണമേ സംസ്ഥാനത്തുള്ളൂ. പ്ലാസ്റ്റിക് ശേഖരിക്കാനുള്ള മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകളും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തുടങ്ങിയിട്ടില്ല. നിലവില്‍ ഏകദേശം 800 സംഭരണകേന്ദ്രങ്ങളാണ് ഉള്ളത്.

അതിനിടെ പ്ലാസ്റ്റിക്കിനു ബദലായി തുണിസഞ്ചികള്‍ വിപണിയിലെത്തിച്ചിരിക്കയാണ് കുടുംബശ്രീ. 3000 യൂണിറ്റുകള്‍ വഴിയാണ് തുണി, ചണം, പേപ്പര്‍ സഞ്ചികള്‍ നിര്‍മിക്കുന്നത്. 10 അപ്പാരല്‍ പാര്‍ക്കുകളിലെ 1000 സ്ത്രീകളെ ഇതിനായി ചുമതലപ്പെടുത്തി. വില 1050 രൂപ. പാള പ്ലേറ്റ് ഉള്‍പ്പെടെ മറ്റു പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിതരണവും ഊര്‍ജിതമാക്കും.


നിരോധിക്കുന്നവ

*അലങ്കാര വസ്തുക്കള്‍

*പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, സ്‌ട്രോ എന്നിങ്ങനെയുള്ളവ

*ക്യാരി ബാഗ്

*ടേബിള്‍മാറ്റ്

*വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം

*പ്ലേറ്റ്, കപ്പ്, സ്പൂണ്‍ മുതലായവ

*പ്ലാസ്റ്റിക് പതാക

*പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്

*പിവിസി ഫ് ളക്‌സ് സാധനങ്ങള്‍

*ഗാര്‍ബേജ് ബാഗ്

*300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala govt bans single use plastic from January one, Thiruvananthapuram, News, High-Court, Trending, Kerala.
Previous Post Next Post