ന്യൂഡെല്‍ഹി: (www.kvartha.com 04.12.2019) മധ്യവര്‍ഗക്കാര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കിക്കൊണ്ട് വരുന്ന ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും. ആദായ നികുതി സ്ലാബ് പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും നിരക്കുകള്‍ പരിഷ്‌കരിക്കുക. റിപ്പോര്‍ട്ട് ധനമന്ത്രാലയം പരിശോധിച്ചുവരികയാണ്.
2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തുക. ഇതുപ്രകാരം 2.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവുമായിരിക്കും നികുതി. നികുതി ഒഴിവ് പരിധി 2.5 ലക്ഷം രൂപയില്‍തന്നെ നിലനിര്‍ത്തിയേക്കും.
സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് ടാക്സ് ഉള്‍പ്പടെയുള്ളവ കുറച്ച് ഉത്തേജന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ ശമ്പള വരുമാനക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് ഗുണംലഭിക്കുന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല.
നിലവില്‍ 2.5 ലക്ഷംരൂപ മുതല്‍ 5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 5-10 ലക്ഷത്തിനുള്ളിലുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനവുമാണ് നിരക്ക്.
നേരത്തെ സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, സമ്പന്നര്‍ക്കുള്ള ആദായനികുതിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവുവരുത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ധനമന്ത്രാലയം കോര്‍പ്പറേറ്റ് നികുതി 10 ശതമാനംവരെ കുറച്ചതോടെ, വ്യക്തിഗത ആദായനികുതിയുടെ കാര്യത്തിലും ഇളവുവേണമെന്ന ആവശ്യം ശക്തമായിരുന്നു.
സാമ്പത്തികമാന്ദ്യം, കുറഞ്ഞ നികുതിവരവ്, നികുതിയിതര വരുമാനത്തിലെ കുറവ് തുടങ്ങി പലകാരണങ്ങളാണ് വ്യക്തിഗത ആദായനികുതി നിരക്കു കുറയ്ക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. ആദായനികുതിനിരക്ക് കുറയ്ക്കുമെന്നത് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വാഗ്ദാനമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Income tax rate may be cut in Budget: Report,News, New Delhi, Politics, Business, National, Budget.
Keywords: Income tax rate may be cut in Budget: Report,News, New Delhi, Politics, Business, National, Budget.