സ്ത്രീകളെ പഠിക്കാനല്ല പ്രയാസം, പുരുഷന്മാരെ പഠിക്കാനാണ്

✍ കൂക്കാനം റഹ് മാന്‍

(www.kvartha.com 31.12.2019) അസ്മയുടെ ജന്മനാട് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കമായ നാട്. പെണ്‍കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ വീടിനകത്താണ്. വളരെ അടുത്ത കാലത്ത് എയ്ഡഡ് മേഖലയില്‍ ഒരു സ്‌കൂള്‍ വന്നു. അതുവഴി മിക്ക പെണ്‍കുട്ടികളും പത്താംതരം കടന്നു. നിരവധി പെണ്‍കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് പത്താം ക്ലാസ് ജയിച്ചുവന്നത്. മദ്രസാ പഠനം വഴിയാണ് പെണ്‍കുട്ടികള്‍ക്ക് ഭൗതിക വിദ്യഭ്യാസത്തില്‍ മുന്‍ നിരയിലെത്താന്‍ കഴിഞ്ഞത്.

സാമ്പത്തീകമായും പിന്നോക്കമായിരുന്നു പ്രസ്തുത പ്രദേശം, ഗള്‍ഫ് മേഖലയില്‍ എത്തിപ്പെട്ടതിനാല്‍ പലരും പുത്തന്‍ പണക്കാരായി മാറി. ഇടിഞ്ഞുപൊളിഞ്ഞു താറുമാറായി കിടന്ന വീടുകളെല്ലാം വളരെ പെട്ടന്ന് അപ്രത്യക്ഷമായി. അവിടങ്ങളില്‍ മനോഹര ഹര്‍മ്യങ്ങള്‍ പൊങ്ങിവന്നു. സാമ്പത്തിക സ്രോതസ് കൂടിവന്നതിനാല്‍ സാമൂഹ്യ-സാംസ്‌ക്കാരിക വിദ്യഭ്യാസ രംഗത്തും അടിമുടി മാറ്റം വന്നു. ഉയര്‍ച്ചയുടെ പടവുകള്‍ ഒരോന്നായി കയറുകയായിരുന്നു അവിടുത്തുകാര്‍. ലളിത ജീവിതം നയിച്ചിരുന്നവര്‍ ആഡംബര ഭ്രമത്താല്‍ സുഖലോലുപതയിലേക്ക് കുതിച്ചു.

അസ്മയുടെ ബാപ്പയും ഗള്‍ഫില്‍ വലിയ ബിസിനസുകാരനായിരുന്നു. അവരുടെ ഏകമകളാണ് അസ്മ. ലാളനയും സ്‌നേഹവും വാരിക്കോരി അവള്‍ക്ക് കിട്ടി. പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. ടോപ്പ് മാര്‍ക്കോടെ നാട്ടിലെ ഹൈസ്‌കൂളില്‍ നിന്നും അവള്‍ എസ്എസ്എല്‍സി ജയിച്ചു. തുടര്‍ന്നു പഠിക്കാന്‍ സംസ്ഥാനത്തിനു പുറത്തുളള പേരുകേട്ട സ്‌കൂളിലും, കോളജുകളിലും അഡ്മിഷന്‍ നേടി. ആ ഗ്രാമത്തിലെ മുസ്ലിം പെണ്‍കുട്ടികളില്‍ ഉന്നതവിദ്യഭ്യാസം നേടിയവളായി അസ്മ. എംബിഎകാരിയായ അസ്മയ്ക്ക് തുര്‍ന്നും പഠിക്കണമെന്നും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാവണമെന്നായിരുന്നു മോഹം.


പതിനെട്ടു വയസായാല്‍ പെണ്ണിനെ കെട്ടിച്ചുവിടുന്ന സ്വഭാവത്തില്‍ നിന്ന് അന്നാട്ടുകാര്‍ മാറിയിരുന്നില്ല. ഇരുപത് വയസായ അസ്മയെ കെട്ടിക്കാത്തതെന്തേ എന്നാണ് നാട്ടുകാരുടെ വേവലാതി. അസ്മയ്‌ക്കോ അസ്മയുടെ രക്ഷിതാക്കള്‍ക്കോ ഇല്ലാത്ത വേവലാതിയാണ് നാട്ടുകാര്‍ക്ക്. അസ്മ ഏറ്റവും പുതിയ മോഡല്‍ ഡ്രസണിഞ്ഞേ പുറത്തേക്കിറങ്ങൂ. വളരെ സോഷ്യലായുളള ഇടപെടലാണ്. ബാപ്പ വാങ്ങിച്ചു കൊടുത്ത വിലയേറിയ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് പുറത്തേക്കിറങ്ങുക. ഇതൊക്കെ നാട്ടുകാര്‍ക്ക് അത്ര പിടിച്ചില്ല. സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണെങ്കിലും സാംസ്‌ക്കാരികമായും സാമൂഹ്യമായും മുന്നേറുന്ന പെണ്‍കുട്ടിയെ എതിര്‍ക്കപ്പെടാനേ അവര്‍ക്കാവൂ. അതായിരുന്നു ആ ഗ്രാമത്തിലെ അവസ്ഥ.

ആയിടയ്ക്ക് അസ്മയ്ക്ക് നല്ലൊരു വിവാഹാലോചന വന്നു. ഗള്‍ഫില്‍ ഒരു വലിയ കമ്പനിയില്‍ സിഇഒ ആയിരുന്നു അദ്ദേഹം. അസ്മയുടെയത്ര തന്നെ വിദ്യഭ്യാസ യോഗ്യതയുണ്ട്. ആ പ്രദേശത്തെ യുവാക്കള്‍ മിക്കവരും എസ്എസ്എല്‍സിക്ക് അപ്പുറം കടക്കാത്തവരാണ്. ചുരുക്കം ചിലര്‍ പിജി വരെ പഠിച്ചിട്ടുണ്ട്. അത്തരക്കാരില്‍ ഒരാളാണ് ഷറഫുദ്ദീന്‍. ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്ന കുടുംബമായിരുന്നു ഷറഫുദ്ദീന്റെത്. പഠിപ്പും, പണവും ഉണ്ടായിട്ടും സാംസ്‌ക്കാരികമായി അത്രമുന്നോട്ടു പോവാന്‍ അയാള്‍ക്കായില്ല. പുറമേ മാന്യനാണ്, സാമൂഹ്യ അംഗീകാരമുളള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മറ്റ് രഹസ്യകാര്യങ്ങളൊന്നും പുറമെ ആര്‍ക്കും അറിയില്ലായിരുന്നു.

ബാക്കി എല്ലാകാര്യങ്ങളും ഒത്തുവന്നപ്പോള്‍ അസ്മയും വിവാഹത്തിന് സമ്മതം മൂളി. വധൂവരന്മാര്‍ ഉന്നത ബിരുദധാരികളാണ്. സാമ്പത്തീകമായി രണ്ടുകൂട്ടരും പ്രദേശത്തെ പ്രമുഖരാണ്. അതുകൊണ്ടാവണം വിവാഹം കെങ്കേമമായി നടത്തിയത്. ലളിതമായി മതിയെന്നായിരുന്നു അസ്മയുടെ ആഗ്രഹം. പക്ഷേ തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നടത്തികൊടുക്കണമെന്നായിരുന്നു രക്ഷകര്‍ത്താക്കളുടെ ആഗ്രഹം.

ഷറഫൂദ്ദീന്‍ വിവാഹിതനാവാന്‍ വിമുഖത കാണിച്ചിരുന്നു. രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അതിനു തയ്യാറായത്. വിവാഹദിനം ആഹ്ലാദപൂര്‍വ്വം ഇരുവരും ഉല്ലസിച്ചു. ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവള്‍. പഠിച്ചും, കേട്ടറിഞ്ഞും, സുഹൃത്തുക്കളില്‍ നിന്നുള്ള അറിവുകളും വെച്ച് ആദ്യരാത്രിയെക്കുറിച്ച് മോഹന സ്വപ്നങ്ങളായിരുന്നു മനസ്സുനിറയെ.

മധുരമൂറുന്ന ചിരിയുമായി മണിയറയിലേക്ക് അസ്മ കടന്നു വന്നു. അവള്‍ കേട്ടറിഞ്ഞ അവസ്ഥയൊന്നും ഷറഫൂദ്ദീനില്‍ അവള്‍ കണ്ടില്ല. അയാള്‍ നിസ്സംഗനായി കട്ടിലില്‍ ഇരിക്കുകയായിരുന്നു. നാണമായിരിക്കാം ഒന്നും പറയാതിരിക്കാന്‍ കാരണമെന്നവള്‍ കരുതി. പാതിരാവ് കഴിഞ്ഞു. ഒപ്പം കിടന്നിട്ടും ഒരു പ്രതികരണവും അയാളില്‍ നിന്നുണ്ടായില്ല. അസ്മ അറിയാതെ മയക്കത്തിലായി. പെട്ടന്ന് ഞെട്ടിയുണര്‍ന്ന അസ്മ കട്ടിലില്‍ തപ്പി നോക്കി... അയാളെ കാണാനില്ല... ലൈറ്റിട്ടു... സമയം രണ്ടുമണികഴിഞ്ഞു. പുറത്തെന്തെങ്കിലും ആവശ്യത്തിന് പോയിക്കാണും എന്ന ചിന്തയില്‍ അസ്മ വീണ്ടും ഉറക്കത്തിലാണ്ടു.

രാവിലെ ഉണര്‍ന്നപ്പോള്‍ ഷറഫൂദ്ദീന്‍ കട്ടിലില്‍ സുഖമായി കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട്. അവള്‍ പരിഭവമൊക്കെ ഉളളിലൊതുക്കി രാത്രി എവിടെ പോയിരുന്നു എന്നന്വേഷിച്ചു. 'ഒരു സുഹൃത്തിനെ കാണാന്‍ പോയതാ'..

അതിനപ്പുറമൊന്നും അവള്‍ ചോദിച്ചില്ല. രണ്ടാം ദിവസം രാത്രിയായി. ഭക്ഷണ ശേഷം അസ്മ മണിയറയിലേക്ക് ചെന്നു. അന്നും അദ്ദേഹം അലസനായി കട്ടിലില്‍ ഇരിക്കുന്നു. പുതുപെണ്ണിനോട് കാണിക്കേണ്ട നീക്കങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നില്ല. വരുന്നതു വരട്ടെയെന്നു കരുതി അസ്മ തന്നെ മുന്‍കൈയെടുത്തു പ്രതികരിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അന്നു രാത്രിയും കുറേകഴിയുമ്പോള്‍ അദ്ദഹത്തെ കട്ടിലില്‍ കാണാനില്ല... ഇത് ഒരാഴ്ചയോളം ആവര്‍ത്തിച്ചു...

പിടിച്ചു നില്‍ക്കാനാവാതെ അസ്മ ഗൗരവത്തില്‍ കാര്യം തിരക്കി. ഷറഫൂദ്ദീന്‍ മനസ്സ് തുറന്നു. 'എനിക്ക് പെണ്ണുങ്ങളുമായി ലൈംഗീക ബന്ധം ഇഷ്ടമല്ല. പുരുഷന്മാരായിട്ടാണ് ഞാനത് ചെയ്യുക, ക്ഷമിക്കണം.'

അടുത്ത ദിവസം അയാള്‍ ഗള്‍ഫിലേക്ക് കടന്നു. അസ്മ സ്വന്തം വീട്ടിലേക്കും പോയി. ബാപ്പയോട് ഇക്കാര്യം അസ്മ തുറന്നു പറഞ്ഞു. ഈ ബന്ധത്തില്‍ നിന്നും രക്ഷപെടാന്‍ ആ നിമിഷം തന്നെ അവര്‍ നിശ്ചയിച്ചു. ഒരാഴ്ചക്കകം ആ വിവാഹ ബന്ധം ഒഴിവാക്കി.

വിവാഹ ജീവിതം ആശിച്ച പോലെ മുന്നോട്ട് പോകാത്തതില്‍ അസ്മയ്ക്ക് പ്രയാസമൊന്നും തോന്നിയില്ല. ഒരു കാര്യം കൂടി അസ്മ പഠിച്ചു. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുമായി ലൈംഗീക ബന്ധം ഇഷ്ടമില്ലായെന്നും, അവര്‍ പുരുഷന്മാരുമായി മാത്രമേ ബന്ധപ്പെടൂ എന്നും. ഇക്കര്യം കേട്ടറിഞ്ഞതാണെങ്കിലും നേരിട്ടനുഭവമായി മാറി.

ഒന്നു രണ്ടു വര്‍ഷം കൂടി കഴിഞ്ഞു. വിവാഹമേ വേണ്ടെന്നു വച്ച് ജീവിച്ചു പോകാന്‍ തീരുമാനിച്ചതായിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും നിര്‍ബന്ധത്തിനുവഴങ്ങി ഒരു രണ്ടാം വിവാഹക്കാരനുമായി വിവാഹം പറഞ്ഞു വെച്ചു. ആദ്യം പറ്റിയ അമളി ഇനി പറ്റരുത് എന്നു കരുതി, എല്ലാ കാര്യങ്ങളും അദ്ദേഹവുമായി തുറന്നു സംസാരിച്ചു. പേര് മജീദ് എന്നാണ്. നല്ല വിദ്യഭ്യാസമുണ്ട്. അടുത്ത ജില്ലയില്‍ പേരുകേട്ട ഒരു ബിസിനസ്സ് സ്ഥാപനമുണ്ട്. ആദ്യ വിവാഹം തലസ്ഥാന നഗരിയിലെ ബിസിനസുകാരന്റെ മകളുമായാണ് നടന്നത്. അവള്‍ അദ്ദേഹത്തിന്റെ കൂടെ പത്തു ദിവസമേ ഉണ്ടായിരുന്നുള്ളൂ. വേറൊരാളുമായി അവള്‍ അടുപ്പത്തിലായിരുന്നു. അവന്റെ കൂടെ അവള്‍ ഒളിച്ചോടി... അനുഭവം കേട്ടപ്പോള്‍ അസ്മയ്ക്ക് മജീദിനോട് അടുപ്പം തോന്നി.

രണ്ടാളും രണ്ടാം വിവാഹക്കാര്‍. അതുകൊണ്ടു തന്നെ വിവാഹം വളരെ ലളിതമായി നടത്തി. ഒരു പുരുഷനുമായുള്ള ലൈംഗീകാസ്വാദനം നടത്താന്‍ സാധിക്കത്ത നിരാശ ഇതിലൂടെ തീരുമല്ലോ എന്നവള്‍ ആശിച്ചു. രണ്ടാം ഭര്‍ത്താവിന്റെ അടുത്തേക്ക്, മണിയറയിലേക്ക് അവള്‍ നിറഞ്ഞ ചിരിയോടെ കടന്നു കയറി. അയാള്‍ ആവേശത്തോടെ അവളെ സ്വീകരിച്ചു, എല്ലാം നടന്നു. ക്ഷീണത്തോടെ കിടക്കുകയായിരുന്ന എന്നോട് അദ്ദേഹം ചോദ്യങ്ങള്‍ തുടങ്ങി.

കോളജില്‍ പഠിക്കുമ്പോള്‍ നിനക്ക് എത്ര കാമുകന്മാരുണ്ടായിരുന്നു? നിനക്കിപ്പോഴും ആദ്യ ഭര്‍ത്താവായ വ്യക്തിയോടല്ലേ ഇഷ്ടം? ഇത്തരം ചോദ്യങ്ങളായിരുന്നു ഓരോ ദിവസവും അദ്ദേഹത്തിനുണ്ടായികൊണ്ടിരുന്നത്. ഇതാവര്‍ത്തിക്കുമ്പോള്‍ പ്രയാസം തോന്നി. നിര്‍ഭാഗ്യവശാല്‍ ആദ്യ മാസം തന്നെ ഗര്‍ഭിണിയായി... അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയാന്‍ ഇടയായി. അസ്മയെ കാണാതെയാണ് അദ്ദേഹം മൊബൈല്‍ സൂക്ഷിച്ചിരുന്നത്. കയ്യില്‍ കിട്ടിയ ദിവസം മൊബൈലിലെ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു. നിരവധി സ്ത്രീകളുമായുളള കിടപ്പറ രഹസ്യങ്ങളാണതില്‍...

അതൊക്കെ സ്വന്തം മൊബൈലിലേക്ക് അവള്‍ പകര്‍ത്തി. വീട്ടിലെത്തിയപ്പോള്‍ ഈ രഹസ്യവും ഉപ്പയെ ബോധ്യപ്പെടുത്തി. പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് ചെന്നിട്ടില്ല. ഒരു മകന് ജന്മം നല്‍കി... അവനുമായി സുഖമായി ജീവിക്കുന്നു.

സ്ത്രീകള്‍ക്ക് എന്തൊക്കെ പരീക്ഷണങ്ങളെയാണ് അതിജീവിക്കേണ്ടി വരുന്നത്. പണ്ട് കവി പാടിയ പോലെ സ്ത്രീകളെ പഠിക്കാനല്ല പ്രയാസം, പുരുഷന്മാരെ പഠിക്കാനാണ്...

Keywords: Article, Women, wedding, Marriage, Kookanam-Rahman, How to learn men? 

Previous Post Next Post