Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട്‌നേടി; 169 എം എല്‍ എമാരുടെ പിന്തുണ; എന്‍ സി പിയില്‍ നിന്നുള്ള ദിലീപ് പാട്ടീല്‍ പ്രോടേം സ്പീക്കര്‍

മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് Mumbai, News, Politics, Trending, BJP, Shiv Sena, National,
മുംബൈ: (www.kvartha.com 30.11.2019) മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍ 169 എം എല്‍ എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടത്തുന്നത്. അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. എന്‍ സി പിയില്‍ നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Uddhav Thackeray Sarkar Faces Trust Vote, BJP Walks Out In Protest, Mumbai, News, Politics, Trending, BJP, Shiv Sena, National

സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം വച്ചു. വിശ്വാസവോട്ട് ബഹിഷ്‌കരിച്ച ബിജെപി അംഗങ്ങള്‍ സഭവിട്ടു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു ലഭിക്കാന്‍ വൈകിയെന്നും എല്ലാ എംഎല്‍എമാരെയും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സമ്മേളനം ആരംഭിച്ചപ്പോള്‍ 'വന്ദേ മാതരം' ആലപിച്ചില്ലെന്നും ഫഡ്‌നാവിസ് ആരോപിച്ചു. ഫഡ്‌നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു.

സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്‌നാവിസ് സഭയില്‍ ആരോപിച്ചിരുന്നു. പ്രോടെം സ്പീക്കറെ മാറ്റിയതിനുള്ള കാരണം വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്നാവിസ് ആരോപിച്ചു.

അതേസമയം പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ ഫഡ്നാവിസിന് മറുപടി നല്‍കി.

ഗവര്‍ണര്‍ ഡിസംബര്‍ മൂന്നു വരെ സമയം നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടിരുന്നത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്.

മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എം എല്‍ എമാരാണുള്ളത്. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിച്ചിട്ടുണ്ട്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണു സീറ്റ് നില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uddhav Thackeray Sarkar Faces Trust Vote, BJP Walks Out In Protest, Mumbai, News, Politics, Trending, BJP, Shiv Sena, National.