നന്നാക്കാന്‍ കൊടുത്ത സൈക്കിള്‍ തിരിച്ചു കിട്ടിയില്ല; നോട്ടു ബുക്കിന്റെ പേജില്‍ പരാതി നല്‍കി പത്തു വയസ്സുകാരന്‍

കോഴിക്കോട്: (www.kvartha.com 27.11.2019) ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത ഒരു പരാതിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐക്ക് ലഭിച്ചത്. പത്ത് വയസ്സുകാരനായ വിദ്യാര്‍ഥിയുടെതാണ് പരാതി. നോട്ട് ബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ നീല മഷികൊണ്ട് എഴുതിയ പരാതി കുട്ടി നേരിട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരാതിയില്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.

പരാതിയിങ്ങനെയാണ്:

മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐക്ക് സര്‍,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.

എന്ന് ആബിന്‍വിളയട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌കൂളിലെ പഠിക്കുന്ന ആല്‍ബിന്റെ സൈക്കിള്‍ നന്നാക്കാന്‍ കൊടുക്കുകയും എന്നാല്‍ അത് തിരിച്ച് കിട്ടിയില്ലെന്നുമാണ് പരാതി. നിരവധി തവണ സൈക്കിള്‍ തിരിച്ചുകിട്ടുന്നതിനായി റിപ്പയറിങ് കടക്കാരനെ നേരിട്ടും ഫോണ്‍ വഴിയും ബന്ധപ്പെട്ടെങ്കിലും നന്നാക്കും എന്ന് പറയുന്നതല്ലാതെ സൈക്കിള്‍ തിരിച്ചു കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. 200 രൂപ തന്റെ കൈയ്യില്‍ നിന്നും നേരത്തെ വാങ്ങിയതായും പരാതിയിലുണ്ട്. അത് കൊണ്ട് പെട്ടെന്ന് തന്നെ റിപ്പയറിങ് കടക്കാരനില്‍ നിന്നും സൈക്കിള്‍ തിരിച്ചു വാങ്ങി തരണമെന്നാണ് കുട്ടി പൊലീസിനോട് ആവശ്യപ്പെട്ടത്.

നോട്ടു ബുക്കിന്റെ പേജില്‍ നല്‍കിയ പരാതിയാണെങ്കില്‍ പോലും പോലീസ് ഗൗരവത്തിയെലടുത്തുകൊണ്ട് പരാതി ജനമൈത്രി പോലീസിന് കൈമാറി. സിവില്‍ പോലീസ് ഓഫീസര്‍ രാധിക അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തി.

ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് സൈക്കിളിന്റെ അറ്റകുറ്റപണി നടത്താന്‍ വൈകിയതെന്ന് സൈക്കിള്‍ മെക്കാനിക്ക് പറഞ്ഞു. വ്യാഴാഴ്ച്ചക്കകം സൈക്കിള്‍ നന്നാക്കികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സൈക്കിള്‍ മെക്കാനിക്കിനെ പോലീസ് തിരിച്ചു പോകാന്‍ സമ്മതിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, Kozhikode, Complaint, Police, Student, Book, Brother, SI,ten year old boy complaint against cycle mechanic
Previous Post Next Post