Follow KVARTHA on Google news Follow Us!
ad

ഹിന്ദി വര്‍ക്ക് ബുക്ക് കൊണ്ടുവന്നില്ല; വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ വക '100 സിറ്റ്-അപ്പ്' ശിക്ഷ; ശിക്ഷിച്ചത് ജന്മനാ ഒരു കിഡ്നി മാത്രമുള്ള, ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കുട്ടിയെ; അവശ നിലയിലായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഹിന്ദി വര്‍ക്ക് ബുക്ക് കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ പത്താം ക്ലാസ്Pune, News, Students, attack, Complaint, Parents, Police, Case, National,
പൂനെ: (www.kvartha.com 20.11.2019) ഹിന്ദി വര്‍ക്ക് ബുക്ക് കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. വിദ്യാര്‍ത്ഥിക്ക് '100 സിറ്റ്-അപ്പ്' ശിക്ഷയാണ് അധ്യാപകന്‍ നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നതിന് സ്‌കൂള്‍ നിയമിച്ച 'ബൗണ്‍സര്‍മാരാണ്' കുട്ടിയെ ശിക്ഷിച്ചത്. പൂനെയിലെ സ്വര്‍ഗേറ്റ് സാലിസ്ബറി പാര്‍ക്കിലുള്ള മഹാവീര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

പതിനഞ്ച് മിനിറ്റോളം കുട്ടിയെ കുത്തിയിരുത്തിക്കുകയും ചെയ്തു. ജന്മനാ ഒരു കിഡ്നി മാത്രമുള്ള, ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കുട്ടിക്കാണ് ഇത്രയും കടുത്ത ശിക്ഷ വിധിച്ചത്. ഇതോടെ കടുത്ത വയറുവേദനയും കാല്‍വേദനയും അനുഭവപ്പെട്ട കുട്ടി അവശ നിലയിലായിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Pune boy with 1 kidney ‘made to do 100 sit-ups’, Pune, News, Students, attack, Complaint, Parents, Police, Case, National

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപകനും ബൗണ്‍സര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ ക്രൂരകൃത്യം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ മാനേജ്മെന്റിന് ശിക്ഷയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് കൂടുതല്‍ പേര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടിയെ കൊണ്ട് 15-20 സിറ്റ്-അപ്പുകള്‍ മാത്രമാണ് എടുപ്പിച്ചതെന്നും വയറുവേദനയുണ്ടെന്ന് പറഞ്ഞതോടെ അത് നിര്‍ത്തിയെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂളില്‍ അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ശിക്ഷകളെന്നും അല്ലെങ്കില്‍ എങ്ങനെ അച്ചടക്കമുണ്ടാകുമെന്നുമാണ് അധികൃതര്‍ ചോദിക്കുന്നത്.

അതേസമയം, കുട്ടിയുടെ അമ്മ പറയുന്നത് മറിച്ചാണ്. ഹിന്ദി വര്‍ക്ക് ബുക്ക് കൊണ്ടുപോകാന്‍ മറന്നുപോയതിന് കുട്ടിയെ ആദ്യം ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തി. ബൗണ്‍സര്‍ എത്തി പിന്നീട് 100 സിറ്റ്-അപ്പുകള്‍ എടുപ്പിച്ചു. കടുത്ത വേദനയോടെ അവശനായാണ് മകന്‍ വീട്ടിലെത്തിയത്. 93 എണ്ണം എടുത്തതോടെ മകന്‍ സിറ്റ്-അപ്പ് എടുക്കുന്നത് നിര്‍ത്തി. ഇതോടെ ബൗണ്‍സര്‍മാര്‍ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീട് മകനോട് 15 മിനിറ്റോളം കുത്തിയിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കടുത്ത വേദന കാരണം മകനിപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അമ്മ പറയുന്നു.

വിവരമറിഞ്ഞ ഉടന്‍തന്നെ പ്രിന്‍സിപ്പലിനെ കാണാന്‍ താന്‍ സ്‌കൂളില്‍ എത്തിയെങ്കിലും ചൊവ്വാഴ്ച വരാന്‍ പറഞ്ഞ് തന്നെ തിരിച്ചയക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇളയ മകനെയും ബൗണ്‍സര്‍മാര്‍ അടിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അമ്മ പറയുന്നു.

സ്‌കൂളില്‍ അച്ചടക്കത്തിനും സെക്യൂരിറ്റി ജോലിക്കുമായി ബൗണ്‍സര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് സമ്മതിച്ച പ്രിന്‍സിപ്പല്‍ സെന്‍ഗുപ്ത, നാലു മാസം മുന്‍പാണ് ഇവരെ നിയമിച്ചതെന്നും അവരുടെ സേവനം അവസാനിപ്പിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും മാനേജ്മെന്റാണ് തീരുമാനം എടുക്കേണ്ടതെന്നും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pune boy with 1 kidney ‘made to do 100 sit-ups’, Pune, News, Students, attack, Complaint, Parents, Police, Case, National.