» » » » » » » » » ആദ്യം പലരും കണ്ണ് ചിമ്മി, കൂടുതല്‍ കാലം പിടിച്ച് നില്‍ക്കാനവര്‍ക്കായില്ല, ഓരോരുത്തരായി കണ്ണുകള്‍ തുറന്നു; ഇരുളില്‍ തപ്പിത്തടഞ്ഞൊരു ജനവിഭാഗത്തിനിടയില്‍ പ്രകാശം ചൊരിഞ്ഞ പുണ്യപ്രവാചകൻ


അബ്ദുന്നാസിര്‍ ദേലമ്പാടി 

(www.kvartha.com 08.11.2019)
ഇരുട്ടില്‍ തപ്പിത്തടയുന്നവര്‍ക്ക് വെളിച്ചമൊരനുഗ്രഹമാണ്. വെട്ടം പരക്കുമ്പോള്‍ ആദ്യമൊന്ന് കണ്ണ് ചിമ്മും. അത് സ്വഭാവികമാണ്. പതിയെ പൊരുത്തപ്പെട്ട് തുടങ്ങും. പിന്നെ പിന്നെ ക്ഷണ നേരത്തെ ഇരുട്ട് പോലും അസഹനീയമാവും. അല്ലെങ്കിലും എത്ര സമയം ഒരാള്‍ക്ക് കണ്ണടച്ചിരുട്ടാക്കാന്‍ കഴിയും? ചരിത്രത്തിന്റെ താളുകളില്‍ ഇരുളിനെ പ്രണയിച്ചൊരു കാലത്തെ പറ്റി പറയുന്നുണ്ട്. ലോകം അതിനെ ഡാര്‍ക്കേയ്ജ് (Darkage) എന്ന് വിളിച്ചു. നമ്മളതിനെ 'ഇരുണ്ട യുഗം' എന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 'Darkage' എന്ന വാക്ക് പ്രതിനിധീകരിച്ചിരുന്നത് അക്കാലത്തെ അറബികളെയായിരുന്നു. സാഹിത്യ സമ്പന്നതയില്‍ വിരാചിച്ചിരുന്ന അവരുടെ രചനകളില്‍ സര്‍വതും വിഷയീഭവിച്ചിരുന്നു. പക്ഷേ 'വെളിച്ചം' മാത്രം ഒരിക്കലും കടന്ന് വന്നില്ല. യാദൃശ്ചികമായി സംഭവിച്ചതല്ല. മന:പൂര്‍വം ഉപേക്ഷിച്ചതാണ്. കാരണം, വെളിച്ചത്തെ അവര്‍ അത്രയേറെ വെറുത്തിരുന്നു. കള്ളും പെണ്ണും സംസ്‌കാരത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്ന അവരെ സംബന്ധിച്ചിടത്തോളം സൗകര്യം ഇരുട്ടായിരുന്നു.

അന്ന് നിലനിന്നിരുന്ന മൂല്യച്യുതിയുടെ ആഴം മനസ്സിലാക്കാന്‍ ചെറിയൊരു കഥ പറയാം. അക്കാലത്തെ എണ്ണം പറഞ്ഞ സുന്ദരികളിലൊരാളായ 'ഇനാറ 'എന്ന പെണ്ണ് നേര്‍ച്ച നേര്‍ന്നതാണ് കഥ. കഅബയില്‍ ചെന്ന് പ്രദക്ഷിണം ചെയ്യാനായിരുന്നു നേര്‍ച്ച. അതിലെന്താണ് പ്രശ്‌നമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഒരു പ്രശ്‌നവുമില്ല. പക്ഷേ, ഇനാറയുടെ നേര്‍ച്ച നഗ്‌നപ്രദക്ഷിണം നടത്താനായിരുന്നു എന്നതിലാണ് കഥയുടെ കാമ്പ്. ഇനാറയുടെ പ്രഖ്യാപനം മക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. നേര്‍ച്ച നടപ്പിലാക്കാന്‍ ഇനാറ കഅബയിലെത്തി. പ്രദക്ഷിണം കാണാന്‍ ജനം തടിച്ച് കൂടി. അതിലൊരുത്തന്‍ അവളുടെ പിന്നാലെ കൂടി. കാമം മൂത്തവസാനമാ കശ്മലന്‍ വിശുദ്ധമായ കഅബാലയത്തിന്റെ അകത്ത് വെച്ച് തന്നെ ഇനാറയെ പ്രാപിച്ചു.

അത്യന്തം നികൃഷ്ടമായ ഈ ചെയ്തി കണ്ട് ആകാശവും ഭൂമിയുമൊക്കെ വിറച്ചിട്ടുണ്ടാകണം. കഅബയുടെ തൂണും ചുവരുമൊക്കെ വിങ്ങിപ്പൊട്ടിയിട്ടുണ്ടാകണം. ഇതിനെല്ലാം മൂക സാക്ഷിയായ ഹജറുല്‍ അസ് വദി നെക്കുറിച്ചോര്‍ക്കാന്‍ പോലും വയ്യ. എന്തൊക്കെയായാലും മക്കക്കാര്‍ക്കൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇത്രയും വലിയ ആഭാസം നടന്നിട്ടും ഒരൊറ്റ കുട്ടി പോലും പ്രതികരിച്ചില്ല. സാഹിത്യ ലോകം അടക്കി വാണിരുന്ന അക്കാലത്തെ അറബിക്കവികളില്‍ നിന്ന് പേരിനൊരാളെങ്കിലും ഈ അരുതായ്മക്കെതിരെ മുന്നോട്ട് വന്നില്ല. എന്ന് മാത്രമല്ല, ഈ ചെയ്തിയെ പ്രശംസിച്ച് ആവോളം കവിതകളെഴുതുകയും ചെയ്തു. സംസ്‌കാരരാഹിത്യത്തിന്റെ അധമ വിതാനത്തിലെ പാരമ്യത കാണാനാഗ്രഹിക്കുന്നവര്‍ ഇരുണ്ട യുഗത്തെ വായിച്ചാല്‍ മതിയാകും. കള്ളും പെണ്ണും മാത്രമല്ല, അധാര്‍മികത എന്ന പദം ഉള്‍ക്കൊള്ളുന്ന സകല തിന്മകളും ജീവിതത്തിന്റെ ഭാഗമാക്കാന്‍ അവര്‍ പരസ്പരം മത്സരിച്ചിരുന്നു.


തമസിന്നുപാസകരായ ഈ മനുഷ്യരിലേക്കാണ് നബി തങ്ങള്‍ നിയോഗിക്കപ്പെടുന്നത്. പ്രസ്തുത നിയോഗത്തിന്റെ വിശേഷങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ടതിര്‍ വരമ്പ് തീര്‍ത്താല്‍ അതപരാധമായി മാറും. ഇരുളില്‍ തപ്പിത്തടഞ്ഞൊരു ജനവിഭാഗത്തിനിടയിലൂടെ പ്രകാശം ചൊരിഞ്ഞ് നബി തങ്ങള്‍ കടന്ന് പോയി. ആദ്യം പലരും കണ്ണ് ചിമ്മി. പക്ഷേ, കൂടുതല്‍ കാലം പിടിച്ച് നില്‍ക്കാനവര്‍ക്കായില്ല. ഓരോരുത്തരായും കൂട്ടം കൂട്ടമായും അവര്‍ കണ്ണുകള്‍ തുറന്നു. പ്രസ്തുത നിയോഗത്തെ സംബന്ധിച്ച് ഖുര്‍ആന്‍ ഉപയോഗിച്ച വാക്കുകള്‍ ചിന്തനീയമാണ്. വിളക്ക് എന്നര്‍ത്ഥം വരുന്ന 'സിറാജ്', പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥം വരുന്ന 'മുനീര്‍' എന്നീ രണ്ട് പദങ്ങളിലൂടെയാണ് പ്രബോധനദൗത്യത്തെ പരാമര്‍ശിക്കുന്നിടത്ത് നബി തങ്ങള്‍ വര്‍ണിക്കപ്പെടുന്നത്. ഈ പദങ്ങള്‍ കേവലം ആലങ്കാരിക പ്രയോഗം മാത്രമായിരുന്നില്ല. വെളിച്ചമന്യമായ ജനതക്ക് വെളിച്ചം കാട്ടിയ പ്രവാചകരുടെ ബൃഹദ് ജീവിതത്തിന്റെ സമ്പൂര്‍ണമായ ആശയത്തെ വഹിക്കാന്‍ മാത്രം പ്രാപ്തിയുള്ള രണ്ട് പദങ്ങളാണത്.

നബി തങ്ങളുടെ പ്രബോധനം സൃഷ്ടിച്ച മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. കേവലം ഒട്ടകത്തിന്റെ മൂക്ക് കയറിന് വേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്ന ഒരു സമൂഹത്തിനെ മരണ വെപ്രാളത്തിന്റെ സമയത്ത് പോലും തനിക്ക് നീട്ടിയ ജലം തന്റെ സഹോദരന് നല്‍കാനുള്ള മാനസികാവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയതെടുത്ത മാജികിനെ അവിശ്വസനീയമെന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍? ഇരുട്ടില്‍ എല്ലാറ്റിന്റെയും നിറം അവ്യക്തമായിരിക്കും. എന്നാല്‍ വെളിച്ചം തട്ടുമ്പോള്‍ അവ വര്‍ണാഭമാകുന്നത് കണ്ടിട്ടില്ലേ. വെളിച്ചമായിരുന്നു പുണ്യ റസൂല്‍. എല്ലാ അര്‍ത്ഥത്തിലും. വെളിച്ചം തട്ടിയവരൊക്കെയും സംസ്‌കാരത്തിന്റെ പരകോടിയിലെത്തിച്ചേര്‍ന്നു. അവിടത്തെ പ്രകാശകിരണങ്ങളിലൂടെ ദിവ്യസന്ദേശങ്ങള്‍ സ്‌നേഹത്തില്‍ സമം ചാലിച്ചൊഴുകിക്കൊണ്ടേയിരുന്നു. ഇത് പോലെ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ചരിത്രത്തിന് കഴിയില്ല. നബി തങ്ങളുടെ വഫാത്തിന്റെ കാലങ്ങള്‍ക്കിപ്പുറവും പ്രവാചക പ്രേമികളിലൂടെ നബിചര്യകള്‍ ചലിച്ച് കൊണ്ടിരിക്കുന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നാവിലും തൂലികയിലും ഒതുക്കുന്നതിന് പകരം എന്റെ ജീവിതം കൊണ്ട് പ്രവാചകന്‍ വായിക്കപ്പെടണമെന്ന് കൊതിക്കുന്ന അനുരാഗികളാണ് തങ്ങളുടെ പ്രത്യേകത.

അനുരാഗത്തെ നിര്‍വചിക്കുന്നത് ഈ അഭിലാഷം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ഈ അനുരാഗ വലയത്തിലൊരു ചെറു ബിന്ദുവായി നാം അലിഞ്ഞ് ചേരണം. നാവിലും തൂലികയിലും ഒപ്പം ജീവിത ചിട്ടകളിലും നബി തങ്ങളെ ചെറിയൊരളവിലെങ്കിലും പരിചയപ്പെടുത്താന്‍ നമുക്ക് സാധിക്കണം. വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ കൊണ്ട് പുണ്യ നബിയെ എതിരിടുന്നവര്‍ക്ക് ജീവിതം കൊണ്ട് നമ്മള്‍ മറുപടി പറയണം. ആഗതമായിരിക്കുന്ന പുണ്യ റബീഅ അതിനൊരു നിദാനമായി മാറട്ടെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Malayalam, Prophet, Milad-un-Nabi, Life Threat, Religion, Muslim, prophet muhammad: Holy shining light

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal