Follow KVARTHA on Google news Follow Us!
ad

ഗൃഹസന്ദര്‍ശനത്തിന് ശേഷം കുടുംബസംഗമങ്ങളും; തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഎം കുടുംബ സംഗമങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്ക News, Kannur, Kerala, CPM, Politics, Election, Goverment, P Jayarajan, CPM planning family meeting in kannur
കണ്ണൂര്‍: (www.kvartha.com 10.11.2019) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഎം കുടുംബ സംഗമങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാവും. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ആവേശകരമായ വിജയത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് സിപിഎം നേതാക്കള്‍ തൊട്ട് പ്രവര്‍ത്തകര്‍ വരെ ഗൃഹസന്ദര്‍ശനമാരംഭിച്ചത്. കേരളപ്പിറവി ദിനം മുതലാരംഭിച്ച ഗൃഹസന്ദര്‍ശനത്തിനു പിന്നാലെ സിപിഎം നേതൃത്വത്തിലുള്ള കുടുംബസംഗമങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ജില്ലയിലെ 3745 ബ്രാഞ്ചുകളിലും 17 വരെയുള്ള ദിവസങ്ങളിലായി കുടുംബസംഗമം നടക്കും. ലോക്കല്‍, ഏരിയാ നേതാക്കള്‍ മുതല്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും വരെയുള്ള നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും പരിഹാരത്തിലും ഊന്നിയായിരുന്നു പത്തു ദിവസം നീണ്ട ഗൃഹസന്ദര്‍ശന പരിപാടി. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി നൂറാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള അതിവിപുലമായ രാഷ്ട്രീയ വിഭ്യാഭ്യാസമാണ് കുടുംബസംഗമങ്ങളിലൂടെ സിപിഎം ലക്ഷ്യമാക്കുന്നത്. 1920 ഒക്ടോബര്‍ 17ന് സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റില്‍ രൂപം കൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ മുളയിലേ നുള്ളിക്കളയാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഇടപെടലുകളും എല്ലാപ്രതിബന്ധങ്ങളെയും അതിജീവിച്ച് കരുത്താര്‍ജിച്ച പാര്‍ടി ദേശീയസ്വതന്ത്ര്യപ്രസ്ഥാനത്തിന് ശരിയായ ദിശാബോധംനല്‍കുന്ന നിലയിലേക്കു വളര്‍ന്നുവന്നതും നേതാക്കള്‍ ജനങ്ങളോടു വിശദീകരിക്കും.


കേരളത്തില്‍ 1937ല്‍ പി കൃഷ്ണപിള്ളയും ഇഎംഎസും കെ ദാമോദരനും എന്‍ സി ശേഖറുമടങ്ങിയ നാല്‍വര്‍സംഘം കൊടുത്തിയ കമ്യൂണിസ്റ്റ് ദീപശിഖ ഈ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിലയില്‍ ജനമനസ്സുകളിലേക്കു പടര്‍ന്നു കയറി. ഐക്യകേരളവും ആധുനിക വികസിത കേരളവും രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍ണായക പങ്കാണു വഹിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇത്തരം വിലമതിക്കാനാകാത്ത സംഭാവനകള്‍ക്കൊപ്പം അയോധ്യക്കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയടക്കമുള്ള സമകാലിക രാഷ്ട്രീയ- സാമൂഹ്യ പ്രശ്നങ്ങളും കുടുംബസംഗമങ്ങളില്‍ വിശദീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, CPM, Politics, Election, Goverment, P Jayarajan, CPM planning family meeting in kannur