» » » » » » » കുട്ടികള്‍ കാരുണ്യമര്‍ഹിക്കുന്നു; ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മില്‍ പെട്ടവനല്ല; നിറഞ്ഞ സദസിലും കുരുന്നുകള്‍ക്ക് പരിഗണന നല്‍കിയ തിരുനബി; ഓര്‍ത്തെടുക്കാം ആ കാര്‍ക്കശ്യമുള്ള വാക്കുകള്‍

എ എം പട്‌ള

ഒരു സദസ്സ് നിറയെ വേണ്ടപ്പെട്ടവരുണ്ട്. കുഞ്ഞുമക്കള്‍ മുതല്‍ കാരണവവന്മാര്‍ വരെ. സല്‍ക്കാര സമയമായി. ആദ്യം ആര്‍ക്ക് നല്‍കും? ആര്‍ക്കാണാദ്യം പരിഗണന? ഇതാ ഒരു മനുഷ്യന്‍ ചരിത്രത്തില്‍. ഒരു സദസ്സിന് മധ്യ ഭാഗത്തു, കയ്യില്‍ സ്വാദിഷ്ടമായ പാനീയവുമായി നില്‍ക്കുന്നു. അദ്ദേഹമതല്‍പം പാനം ചെയ്തു. വലുതു ഭാഗത്തു നോക്കിയപ്പോള്‍ കണ്ണുടക്കിയത് ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയില്‍. ആ കുട്ടിയെ അടുത്ത് വിളിച്ചു. ഇനിയാണ് കാരുണ്യവര്‍ഷത്തോടൊപ്പം എളിമയുടെയും പരിഗണനയുടെയും ശീതളഛായ! അരികത്ത് അരുമപോലെ ഒട്ടിനിന്ന ആ കുട്ടിയോട് അദ്ദേഹം പറഞ്ഞു, കുഞ്ഞു മോനേ, ഈ പാനീയം പ്രായമുള്ളവര്‍ക്ക് കൊടുക്കാന്‍ നീ എനിക്ക് സമ്മതം തരുമോ? അവിടെ ഹീറോ കുട്ടിയാണ്. അവന്‍ അനുവാദം തന്നാല്‍ പാനീയം മുതിര്‍ന്നവര്‍ക്ക്. ഇല്ലെങ്കില്‍ ഇല്ല. കുട്ടി തയ്യാറായില്ല; തനിക്ക് തന്നെ വേണമെന്നവന്‍ ശാഠ്യം പിടിച്ചു. കുട്ടിയുടെ ആ പ്രതികരണമിങ്ങനെയാണ്: 'അങ്ങയില്‍ നിന്ന് എനിക്ക് ലഭിക്കുന്ന ഈ പാനീയം മറ്റാര്‍ക്കും കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല.'അത് കേട്ടദ്ദേഹം മന്ദസ്മിതം തൂകി. സദസ്സ് നിശ്ചലം. അവിടെ കൂടിനിന്നമുതിര്‍ന്നവരുംകാരണവന്മാരും എല്ലാവരും ഇത് കാണുന്നുണ്ട്. അവരെയൊന്നും കേള്‍ക്കാതെ ആ കുഞ്ഞിന്റെ അവകാശം അദ്ദേഹം വകവെച്ചു കൊടുത്തു, ചുണ്ടോടടുപ്പിച്ചു ആ പാനീയം ആ കുസൃതിക്കുടുക്കയ്ക്ക് സന്തോഷപൂര്‍വ്വം നല്‍കി! ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ സംഭവത്തില്‍, കുട്ടിയുടെ അനുവാദത്തിനായി കാത്തുനിന്ന ആ മഹാമനീഷി ആരാണെന്നോ? പ്രവാചകന്‍ മുഹമദ് (സ) അല്ലാതെ മറ്റാരുമായിരുന്നില്ല.

പ്രവാചകന് കുട്ടികള്‍ അത്ര ഇഷ്ടമായിരുന്നു. അവരുടെ കാര്യത്തില്‍ അത്രമാത്രം ശ്രദ്ധയായിരുന്നു. അവരുടെ ഇഷ്ടങ്ങള്‍ക്ക് അദ്ദേഹം കുന്നോളം പരിഗണന നല്‍കിയിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹിക്കുന്ന മുഖവില നല്‍കിയിരുന്നു. പ്രവാചകന്‍ അരുളി: 'ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മില്‍ പെട്ടവനല്ല. 'കുട്ടികള്‍ കാരുണ്യമര്‍ഹിക്കുന്നു, അവരില്‍ എളിമയുടെ തണല്‍ക്കുട വിരിക്കാന്‍ മുതിര്‍ന്നവര്‍ക്കാകണം എന്ന പ്രാവാചകന്റെ കാര്‍ക്കശ്യമുള്ള നിര്‍ദേശം.

പ്രവാചക പത്‌നി ആയിശ (റ) പറയും: നബി(സ)യുടെ അടുക്കല്‍ കുഞ്ഞുങ്ങളെ കൊണ്ടുവരികയും, അദ്ദേഹം അവര്‍ക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നുണയാന്‍ അവര്‍ക്ക് മധുരവും നല്‍കിയിരുന്നു. മക്കയില്‍ ഒരിക്കല്‍ നബി (സ) വന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ഏതാനും കൊച്ചു കുട്ടികളായിരുന്നു. അവരില്‍ ഒരാളെ പൊക്കിയെടുത്ത് നബി തന്റെ ഒട്ടകത്തിന്റെ മുന്നില്‍ ഇരുത്തി, മറ്റൊരാളെ പിറകെയും. ഊഹിക്കുന്നതിലപ്പുറം. തികച്ചും അപ്രതീക്ഷിതം. ഒന്നോര്‍ത്തു നോക്കൂ, അന്നേരം ആ കുരുന്നുകളുടെ സന്തോഷം എത്രമാത്രമായിരിക്കുമെന്ന് !

പ്രവാചകന്റെ ഒരു ഭൃത്യന്‍ പറയുന്നതിങ്ങനെ, ജനങ്ങളില്‍ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു എനിക്ക് തിരുനബി. എനിക്ക് അബൂ ഉമൈര്‍ എന്ന് പറയുന്ന ഒരു സഹോദരനുണ്ടായിരുന്നു. നബി(സ)യുടെ അടുക്കല്‍ ചെന്നാല്‍ അദ്ദേഹമവനോട് കളിതമാശ പറയും. സല്ലാപത്തിലേര്‍പ്പെടും. അവന്റെ ഓരോ ക്ഷേമകാര്യങ്ങളും അദ്ദേഹം ചോദിച്ചറിയും. ഉത്സാഹത്തോടെ കുഞ്ഞനിയന്‍ മറുപടി പറഞ്ഞുകൊണ്ടേയിരിക്കും. ഒരു ദിവസം കുഞ്ഞനിയനോട് നുഗൈറിനെ കുറിച്ചായിരുന്നു ആരാഞ്ഞത് (നുഗൈര്‍ എന്നത് ആ കുട്ടി വീട്ടില്‍ ലാളിച്ചു വളര്‍ത്തുന്ന ഒരു കുഞ്ഞു പക്ഷിയായിരുന്നു). ആ കുഞ്ഞനിയന്റെ കുഞ്ഞിക്കിളിയുടെ കൊഞ്ചലിന് പോലും പ്രവാചകന്റെ മനസ്സില്‍ കുരുവിക്കൂടുപോലെ ഒരിടമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muslim, Religion, Article, Prophet muhammed, A.M Patla, article about prophet muhammad

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal